മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ വസിക്കുന്ന കെ ശ്രീനിവാസ് എന്നയാളാണ് ബുധനാഴ്ച ഉച്ചയ്ക്ക് നവി മുംബൈയിലെ പുതിയതായി പണി തീർത്ത അടൽ സേതുവിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
സാമ്പത്തിക പരാധീനതകൾ മൂലം സമ്മർദത്തിലായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരം. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന രേഖകൾ അടങ്ങിയ ബാഗ് പാലത്തിൽ ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി. രേഖകളിൽ നിന്നാണ് ഡോംബിവ്‌ലിയിലാണ് താമസമെന്ന് തുടങ്ങിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. യുവാവ് സ്വന്തം കാറിലെത്തിയാണ് കടുംകൈ ചെയ്തത്. ഇതിന്റെ സി സി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
മൃതദേഹം ഇത് വരെ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലെ അടൽ സേതുവിൻ്റെ നവ ഷെവ ഭാഗത്തായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. അടൽ സേതു റെസ്ക്യൂ ടീമുകൾ, തീരദേശ പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് നവി മുംബൈ പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെ വീട്ടിൽ നിന്നിറങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. കടൽപ്പാലത്തിന് മുകളിൽ നിന്ന് ചാടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭാര്യയോടും നാല് വയസ്സുള്ള മകളോടും ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.