മാധവിക്കുട്ടി എന്ന പ്രശസ്തയായ എഴുത്തുകാരി നമ്മുടെ മുന്നിൽ ജീവിച്ചിരുന്ന അധികം പഴയതല്ലാത്ത ഒരു യാഥാർത്ഥ്യമാണ്. നേരിട്ടും എഴുത്തിലൂടെയും മാധവിക്കുട്ടിയെ അറിയുന്നവരാണ് മുംബൈയിലെ മലയാളികളിൽ നല്ലൊരു ഭാഗവും. ആരെയും കൂസാത്ത പ്രകൃതവും എഴുത്തിൽ മാത്രമല്ല ജീവിതത്തിലും നിബന്ധങ്ങൾക്കു വഴങ്ങാത്ത വ്യക്തിത്വമായിരുന്ന മാധവിക്കുട്ടി ജീവിതത്തെ ആഘോഷമാക്കിയ എഴുത്തുകാരിയായിരുന്നു. മലയാളികളുടെ സദാചാര സങ്കല്പങ്ങളെ കാറ്റിൽ പറത്തി വാക്കുകളിലൂടെ തുറന്നു പറച്ചിലുകൾ നടത്തി സമൂഹത്തെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു അവർ. മാധവിക്കുട്ടിയുടെ ജീവിതത്തിൽ നിന്നും നിറപ്പകിട്ടുള്ള ഭാഗങ്ങൾ അടർത്തിയെടുത്തു മലയാളിസദാചാര സങ്കല്പങ്ങൾക്കിണങ്ങും വിധം തയ്യാർ ചെയ്തെടുത്തതാണു ‘ആമി’യെന്നാണ് അടുത്തറിയാവുന്നവർ കമലിന്റെ ചിത്രത്തെ വിലയിരുത്തിയത്.
‘അമ്മ തിരിച്ചു വന്ന പ്രതീതിയായിരുന്നു ആമി നൽകിയതെന്നാണ് മാധവിക്കുട്ടിയുടെ മകൻ ജയസൂര്യ വൈകാരികമായി പങ്കു വച്ചത് . പൂനെയിൽ ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ പലപ്പോഴും കണ്ണുകൾ ഈറനണിഞ്ഞുവെന്നും ജയസൂര്യ പറഞ്ഞു.
എഴുത്തുകാരിയെന്ന നിലയിൽ മാധവിക്കുട്ടിയുടെ മാനസിക സംഘർഷങ്ങൾ പ്രേക്ഷകരിലേക്ക് പകർന്നാടാൻ കമൽ എന്ന സംവിധായകന് കഴിഞ്ഞില്ല – എഴുത്തുകാരി മാനസി
എഴുത്തുകാരിയെന്ന നിലയിൽ മാധവിക്കുട്ടിയുടെ മാനസിക സംഘർഷങ്ങൾ പ്രേക്ഷകരിലേക്ക് പകർന്നാടാൻ കമൽ എന്ന സംവിധായകന് കഴിഞ്ഞിട്ടില്ലെന്നാണ് പ്രശസ്ത എഴുത്തുകാരി മാനസി അഭിപ്രായപ്പെട്ടത് . ശ്രീകൃഷ്ണനെ കൂടെ കൊണ്ട് നടക്കുന്ന എഴുത്തുകാരി മതം മാറുവാൻ പ്രേരിപ്പിച്ച വികാരമെന്തെന്ന് വ്യക്തമാക്കുന്നതിലും സിനിമ പരാജയപ്പെട്ടുവെന്നാണ് മാനസി പറയുന്നത്. കേട്ട് ശീലിച്ച ശബ്ദങ്ങളാണ് മാധവിക്കുട്ടിയുടെയും മഞ്ജു വാര്യരുടെയും അതുകൊണ്ടു തന്നെ മാധവിക്കുട്ടിയായി അഭിനയിച്ച മഞ്ജുവിന്റെ സംസാരം ചിത്രത്തിലുട നീളം കല്ലുകടിയായി അനുഭവപ്പെട്ടെന്നും മാനസി തുറന്നടിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യം കമലിന് അവകാശപ്പെട്ടതാണെന്ന് –
സാഹിത്യകാരൻ മേഘനാഥൻ
എന്നാൽ ഒരാളുടെ ജീവിത കഥ സിനിമയാക്കുമ്പോൾ പാലിക്കേണ്ട പരിമിതികളെ മാനിക്കേണ്ടതുണ്ടെന്നും കമലിനെ കണ്ണടച്ചു ആക്ഷേപിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നുമാണ് അറിയപ്പെടുന്ന എഴുത്തുകാരൻ മേഘനാഥൻ പ്രതികരിച്ചത്. ജീവ ചരിത്രം അഭ്രപാളികളിലേക്കു പകർത്തുമ്പോൾ പലപ്പോഴും പൂർണമായി നീതി പാലിക്കുവാൻ കഴിയെല്ലെന്ന പക്ഷക്കാരനാണ് മേഘനാഥൻ. ചില ആവിഷ്കാര സ്വാതന്ത്ര്യം കമലിന് അവകാശപ്പെട്ടതാണെന്നും മേഘനാഥൻ പറഞ്ഞു.
മുംബൈ നഗരത്തിൽ ജീവിച്ചിരുന്ന മാധവിക്കുട്ടിയുടെ സിനിമ വലിയ ചലനങ്ങൾ ഉണ്ടാക്കാതെയാണ് തിയ്യേറ്റർ വിട്ടത്. അഭിനയത്തിന്റെ കാര്യത്തിൽ മഞ്ജു കഥാപാത്രത്തിനോട് നീതി പുലർത്തിയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മാധവിക്കുട്ടിയുടെ റോളിലേക്ക് കമൽ ആദ്യം പരിഗണിച്ചിരുന്നത് വിദ്യാ ബാലനെയായിരുന്നു. എന്നാൽ എന്ത് കൊണ്ടും മാറ്റിയ തീരുമാനം ആസ്ഥാനതയില്ലായെന്നു വേണം പറയാൻ.