സ്വിറ്റ്‌സർലൻഡിൽ 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൻ്റെ കരിയർ അച്ചീവ്‌മെൻ്റ് അവാർഡ് സ്വീകരിച്ച ശേഷം നടന്ന തത്സമയ സംവാദ പരിപാടിയിലാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ മനസ്സ് തുറന്നത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വ്യക്തിത്വമാണ് ഷാരൂഖ് ഖാൻ
തന്നെ അറിയാത്തവരുണ്ടെങ്കിൽ പുറത്ത് പോകണമെന്നും ഗൂഗിളിൽ തിരഞ്ഞു തിരികെയെത്താനും പറഞ്ഞാണ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ പരിചയപ്പെടുത്തി താരം ആരാധകരെ രസിപ്പിച്ചത്
ഇന്ത്യൻ സിനിമകളിൽ മികച്ച രീതിയിൽ കഥ പറയുന്നവർ സൗത്ത് ഇന്ത്യൻ സിനിമകളാണെന്ന് കിംഗ് ഖാൻ പറഞ്ഞു . മലയാളം, തെലുങ്ക്, തമിഴ് സിനിമകളെ പ്രകീർത്തിച്ച ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൂപ്പർ സ്റ്റാറുകളെ കുറിച്ച് സംസാരിച്ചപ്പോഴും രണ്ടാമതൊന്ന് ചിന്തിച്ചില്ല
ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കണമെന്നത് മനസ്സിൽ സൂക്ഷിക്കുന്ന വലിയ മോഹമാണെന്നും ഷാരൂഖ് മനസ്സ് തുറന്നു. എന്നാൽ ഭാഷ തനിക്കൊരു പ്രശ്നമാണെന്നും താരം കൂട്ടിച്ചേർത്തു
നായകനാകാൻ പറ്റിയ രൂപമില്ലെന്ന് പറഞ്ഞു അധിക്ഷേപിച്ച പ്രശസ്ത സംവിധായകനെ കുറിച്ചും ഷാരൂഖ് പരാമർശിച്ചു. അങ്ങിനെയാണ് വില്ലൻ വേഷങ്ങൾ ചെയ്യാനുണ്ടായ കാരണമെന്നും ഷാരൂഖ് പറഞ്ഞു
സിനിമകൾ ചെയ്യാനെടുക്കുന്ന നീണ്ട ഇടവേളകൾക്ക് കാരണവും താരം വ്യക്തമാക്കി. പലപ്പോഴും ഒരു ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തിനായി തയ്യാറെടുക്കുമ്പോൾ ചിത്രത്തിന്റെ സംവിധായകനുമായി സിനിമയെ കുറിച്ച് ചർച്ച ചെയ്യാനും കൂടുതൽ സമയം ചിലവഴിച്ച് പരസ്പര ധാരണയും അടുപ്പവും ഉണ്ടാക്കിയെടുക്കാനും ശ്രമിക്കാറുണ്ടെന്ന് നടൻ പറഞ്ഞു.
ഫെസ്റ്റിവൽ ഡയറക്ടർ ജിയോണ എ. നസാരോയുമായി സംവദിക്കവേയാണ് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന സിനിമാ ജീവിതവും താരപദവിയും, കുടുംബ വിശേഷങ്ങളും ഉയർച്ചയും താഴ്ചയുമെല്ലാം പരാമർശിച്ചത്.
ആരാധകരുടെ വലിയ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്