കേരളാ ഹൗസ് വാടകയെച്ചൊല്ലിയുള്ള സമരങ്ങൾ പ്രഹസനം

അംഗീകരിക്കപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി അനാവശ്യമായി നടത്തുന്ന സമര പ്രഹസനങ്ങൾക്ക് ഉത്തരവാദിത്വമുള്ള മലയാളി സംഘടനകൾ കൂട്ടുനിൽക്കാൻ കഴിയില്ലെന്ന് സമരസമിതി

0

കേരള ഹൗസ് ഹാളിന്റെ വാടക മുംബൈ മലയാളി പ്രതിനിധികളുടെ നിർദ്ദേശത്തിനനുസരിച്ച് കുറക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഉത്തരവ് ഉടനെയുണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ ഇപ്പോൾ പ്രഖ്യാപിച്ച രണ്ടു സമരങ്ങളും അനാവശ്യമാണെന്ന് മുംബൈ മലയാളി സംയുക്ത സമരസമിതി പറഞ്ഞു.

ടൂറിസം വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും വാടകത്തുക വർധിപ്പിച്ചതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബർ മാസത്തിൽ വാശി കേരളാ ഹൗസിന്റെയും വാടക വർദ്ധിപ്പിച്ചത്. എന്നാൽ 125 പേരിൽ താഴെ മാത്രമിരിക്കാൻ കഴിയുന്ന ഹാളിന്റെ വർദ്ധിപ്പിച്ച ഭീമമായ വാടക യാഥാർഥ്യ ബോധത്തിന് നിരക്കുന്നതായിരുന്നില്ല. മുംബൈയിൽ നിന്നുള്ള ലോക കേരള സഭാഗങ്ങളും സംയുക്ത സമരസമിതിയുടെ പ്രതിനിധി സംഘവും ഫെബ്രുവരി മാസം മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കണ്ട് വാടക കുറക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 25 % വാടക കുറച്ച് പുതിയ സർക്കാർ ഉത്തരവുണ്ടായെങ്കിലും പരിമിതമായ ഹാളിന് ന്യായീകരിക്കാവുന്ന നിരക്കായിരുന്നില്ല. സമാനമായ ഹാളിനു കേരള ഹൗസിനു സമീപമുള്ള സ്ഥാപനങ്ങൾ കുറഞ്ഞ നിരക്കുകളാണ് ഈടാക്കുന്നത്. ഇക്കാര്യമെല്ലാം വിശദീകരിച്ചു കൊണ്ട് സമരസമിതി രണ്ടാമത് നൽകിയ നിവേദനം പരിഗണിക്കുകയും സർക്കാർ
അനുകൂല തീരുമാനം എടുക്കുകയും ചെയ്തതായി സമരസമിതി നേതാവും ലോക കേരള സഭാഗവുമായ പി.ഡി ജയപ്രകാശ് പറഞ്ഞു.

ഈ മാസം 23-24 തീയ്യതികളിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട പി.ഡി ജയപ്രകാശ് വത്സലൻ മൂർക്കോത്ത്, സതീഷ് നായർ എന്നിവരടങ്ങുന്ന സമരസമിതി പ്രതിനിധി സംഘമാണ് സർക്കാരിന്റെ അനുകൂലമായ നടപടിയെ കുറിച്ച് അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് രണ്ടു ഗ്രൂപ്പുകൾ പ്രഖ്യാപിച്ച സമരത്തെ മുംബൈയിലെ എഴുത്തുകാരുടെ സംഘടനയായ ഫോമ അപലപിച്ചു. ഇതോടെ ഇത്തരം പ്രഹസന സമരങ്ങളുടെ പ്രസക്തി ഇല്ലാതായിരിക്കയാണെന്നും കൈ നനയാതെ മീൻ പിടിക്കാൻ നോക്കുന്ന ഇവരുടെ സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഫോറം ഓഫ് മീഡിയയുടെ പ്രത്യേക യോഗത്തിൽ പ്രസ്താവിച്ചു.


നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
കേരളീയ ക്ഷേത്ര ശില്പകലാ വൈഭവങ്ങളോട് കൂടിയ
മഹാരാഷ്ട്രയിലെ ആദ്യ ക്ഷേത്രം അംബർനാഥിൽ

LEAVE A REPLY

Please enter your comment!
Please enter your name here