അവിചാരിതമായ ഒരു മുംബൈ യാത്രയിലായിരുന്നു ഇന്ന്. പുറത്ത് മഴ കനത്ത നേരം. കെ.ഡി എം സി സ്കുളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ന്യൂസ് ചാനലുകൾ പ്രളയ വാർത്തകൾ കൊണ്ട് നിറഞ്ഞു. മറച്ചുപിടിച്ചിട്ടും നനഞ്ഞു കുതിർന്ന് റിക്ഷയുടെ നാലാം സീറ്റിൽ ഞാനിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് താൻ റിട്ടയറായതും പാസിൻ്റെ വലിഡിറ്റി എന്നോ കഴിഞ്ഞതും ഓർത്തത്. ടിക്കറ്റിനുള്ള ക്യൂവിൽ നിൽക്കുമ്പോൾ പഴയ പ്രതാപം നഷ്ടപ്പെട്ട കാര്യം പെഴ്സ് എന്നെ വീണ്ടും ഓർമ്മിപ്പിച്ചു, അതിനാൽ സെക്കൻ്റ് ക്ലാസിൻ്റെ ഒരു സി.എസ് ടി റിട്ടേൺ എടുത്തു, പ്ലാറ്റ്ഫോമിലേക്ക് നടന്നു. അവിടെ സ്ഥിരമായി കയറുന്ന ഫസ്റ്റ് ക്ലാസ് മാർക്ക് ചെയ്ത സ്ഥലത്ത് നിൽക്കുമ്പോൾ പോക്കറ്റിലെ സെക്കൻ്റ് ക്ലാസ് ടിക്കറ്റ് പറഞ്ഞു, ഇവിടെയല്ല നിൻ്റെ സ്ഥലം, കുറച്ച് മുന്നിലേക്കോ പിന്നിലേക്കോ നടക്കാൻ.
ട്രെയിൻ അത്ര ലേറ്റൊന്നും ആയിരുന്നില്ല. 15 ഡബ്ബയുടെ ഒരു കല്യാൺ വണ്ടി അഞ്ചാം നമ്പറിൽ വന്ന്നിന്നു. പഴയ ചാടിക്കയറ്റം ശരീരവും ബുദ്ധിയും മറന്നിരുന്നു, അതിനാൽ അവസാനക്കാരനായി ഞാനും കയറി.. വലിയ തിരക്കില്ല, വാതിലിന് പുറകിലുള്ള സീറ്റിൽ ആരും ഇരിക്കാതെ രണ്ട് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു, നോക്കിയപ്പോൾ അതിൽ വാതിൽക്കലൂടെ വീണ വെള്ളമാണ് നിറയെ. അതാണ് ആരും ഇരിക്കാത്തത്. ആവശ്യക്കാരന് ഔചിത്യമില്ലെന്ന് പറഞ്ഞപോലെ പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് ഞാൻ രണ്ടു സീറ്റും തുടച്ച് വൃത്തിയാക്കി. അപ്പോൾ അടുത്ത് നിൽക്കുന്ന ആളും ഒരു നന്ദി പറഞ്ഞ് രണ്ടാമത്തെ സീറ്റിൽ ഇരുന്നു. “സോറി , പാനി പൂരാ ഗയാ നഹി “, ഞാൻ വിനയാന്വിതനായി. മുംബൈക്കാർ അങ്ങനെയാണ്, തൻ്റെതല്ലാത്ത തെറ്റിനും മാപ്പ് പറഞ്ഞു കൊണ്ടിരിക്കും.
അപ്പോൾ കേട്ടുമറന്ന ഒരു വിലാപം സ്പീക്കറിൽ മുഴങ്ങി “അഗലാ സ്റ്റേഷൻ താനെ”
ഇരിക്കുന്ന ആളുകൾ ചിലർ ഉറക്കം തൂങ്ങുന്നു, ചിലർ മൊബൈൽ ചികയുന്നു. നിൽക്കുന്നവർ ഇരിക്കുന്നവർ എപ്പോൾ എണീക്കും എന്ന ആകാംഷയോടെ ഓരോരുത്തരേയും മാറി മാറി നോക്കുന്നു. പിന്നെ നിരാശരായി ദിർഘനിശ്വാസം ഉതിർക്കുന്നു.
ഒരേ ഛായയിൽ ലോകത്ത് ഏഴ് പേർ ഉണ്ടെന്ന് പറയുന്നു. പക്ഷെ മുംബൈ ലോക്കലിൽ മുഖത്ത് ഒരേ ഭാവത്തോടെ രണ്ട് പേരെ കൂടി കാണാൻ കഴിയില്ല. പലർക്കും പല ഭാവങ്ങളാണ്, ഓഫീസിൽ എത്താൻ ലേറ്റായ ഭാവം, ബ്രേക്ഫാസ്റ്റ് മിസ്സായ ഭാവം, സിറ്റ് കിട്ടാത്ത ഭാവം, ബ്ലഡ് ടെസ്റ്റിൻ്റെ റിപ്പോർട്ട് കണ്ട ഭാവം , ലോണിൻ്റെ ഇൻസ്റ്റാൾമെൻ്റ് അടക്കേണ്ട തീയതി അടുത്ത ഭാവം, ശമ്പളം കിട്ടാത്ത ഭാവം, വീട്ടിലെ ഗ്യാസ് കഴിഞ്ഞെന്ന് ഭാര്യയുടെ ഫോൺ വന്ന ഭാവം, കറൻ്റ്ബിൽ കൂടുതൽ വന്ന ഭാവം. അങ്ങിനെ ആർക്കും പിടികിട്ടാത്ത പല പല ഭാവങ്ങൾ മുഖത്ത് മിന്നിമറയുന്ന അപൂർവ്വ കാഴ്ച മറ്റെവിടെയും കാണില്ല.
ജാലകത്തിനപ്പുറം മഴ തിമർത്ത് പെയ്തു കൊണ്ടിരുന്നു, പെരുമഴയിൽ ഒരു മേൽ മുണ്ടുപോലുമില്ലാതെ നിസ്സംഗനായി ലോക്കൽ ട്രെയിൻ മഴക്കുകുളിരിൽ ഒരേ ലക്ഷ്യത്തിലേക്ക് തൻ്റെ ജന്മ ദൗത്യവുമായി പ്രയാണം തുടർന്നു
രാജൻ കിണറ്റിങ്കര
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു