ആഗ്രഹിക്കുന്ന ഭക്ഷണങ്ങളും പുതുവസ്ത്രങ്ങളുമൊക്കെ കണ്ടുമടുത്ത ഇന്നത്തെ അണുകുടുംബങ്ങളിലെ കുട്ടികൾക്കറിയാത്ത ഒരോണക്കാലം നമുക്കുണ്ടായിരുന്നു അല്ലേ? ഓരോ തലമുറകൾ വന്നു പോകുമ്പൊഴും ടെലിവിഷനിൽ കാണിക്കുന്ന പഴയ ഓർമ്മകൾ അലിഖിതങ്ങളായി ഇന്നും നമ്മുടെയുള്ളിലങ്ങനെ നിത്യഹരിതങ്ങളായി പരിലസിച്ചു കിടക്കുകയാണ്.. എത്രയൊക്കെ മാറിയാലും മലയാളികൾ ലോകത്തിൻ്റെ ഏതു കോണിൽപ്പോയി വസിച്ചാലും ഓരോ മലയാളിയും ചിങ്ങമാസത്തിലെ തിരുവോണമാഘോഷിക്കും എന്നതാണ് ശരി.
കർക്കടകമാസത്തിൻ്റെ വറുതികൾക്കവസാനമായിക്കൊണ്ട് ചിങ്ങമാസം പിറക്കുന്നുവെന്നു പ്രകൃതി പോലും നമ്മെ കാണിച്ചുതരുന്ന മനോഹരമായ നാളുകൾ.ഹിമകണമേറ്റ് ആലസ്യവതിയായി ഉണരാൻ മടിക്കുന്ന പൂക്കളും, അവയെ ഉണർത്തുന്ന പ്രഭാത സൂര്യൻ്റെ പൊൻകിരണങ്ങളും, അവയെ ത്തലോടി കടന്നു പോകുന്ന കുളിർകാറ്റുമൊക്കെ ചിങ്ങമാസം തുടങ്ങിയെന്നതിൻ്റെ നേർക്കാഴ്ചകളാണ്.
ഓർമ്മകളിലെ ഓണക്കാഴ്ചകളിലേക്ക് ഒരു തിരിച്ചു പോക്ക്.
വിളഞ്ഞു പാകമെത്തിയ നെൽപ്പാടങ്ങളും, ഞങ്ങളിവിടുണ്ടെന്ന് അറിയിക്കുന്ന തുമ്പപ്പൂക്കളും, മുക്കുറ്റിയും, വാടാമല്ലിയും, തെച്ചിയും, ശംഖുപുഷ്പവും എന്നു വേണ്ട അരളിയും കുമ്പളപ്പൂക്കളുമൊക്കെ മനസിനെ പുതിയൊരു മലർവാടിയാക്കി മാറ്റിയിരുന്നു. വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്കു ചുറ്റും പല വർണ്ണങ്ങളിലുള്ള പൂമ്പാറ്റകൾ പാറി നടക്കുന്ന കാഴ്ച തന്നെ എത്ര ഹൃദ്യമാണെന്നറിയാമോ? ഓണമെത്തിയെന്നറിയിക്കാൻ ഓണത്തുമ്പികളും പറന്നു നടപ്പുണ്ടാകും. കുലച്ച വാഴകളും, ചേമ്പ്, ചേന, മത്തൻ, കുമ്പളം കൂടാതെ പച്ചക്കറിത്തോട്ടങ്ങളിൽ മഴവില്ലഴകുമായി തിരുവോണത്തിന് വേണുന്നതെല്ലാം തന്നെ നിറഞ്ഞങ്ങനെ നിൽക്കുമ്പോൾ കാണാൻ തന്നെ എന്താ ചന്തം? ഓണമടുത്തതോടെ വീടുകൾ തോറും കയറിയിറങ്ങുന്ന തുണിക്കച്ചവടക്കാരും, പാത്രക്കച്ചവടക്കാരും വന്നു തുടങ്ങും. പഴയ പാത്രങ്ങൾ കൊടുത്ത് പുതിയ പാത്രങ്ങൾ വാങ്ങാം. തുണികൾക്ക് ഒരുമിച്ച് കാശ് കൊടുക്കണമെന്നില്ല, കുറച്ചു വീതമായി കൊടുത്തു തീർക്കാം.. അന്ന് മതിലുകൾ ഇല്ലായിരുന്നല്ലോ, ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കാൽനടയായിട്ടായിരുന്നു അവർ പോയിരുന്നത്.
ഓണച്ചെത്ത് തുടങ്ങേണ്ട സമയമായിരിക്കുന്നു.. പുല്ലും മറ്റും പറിച്ചു കളഞ്ഞ് വഴി വൃത്തിയാക്കിയിടണം… ഞങ്ങൾ കുട്ടികൾക്കായിരുന്നു ആ ജോലി. ഇതിനിടയിൽ വഴിയരികിലുള്ള അരിപ്പൂ എന്ന് പേരുള്ള കൊങ്ങിണിപ്പൂവിൻ്റെ ചെടികളൊക്കെ മാറ്റി നിർത്തും. രണ്ട് നിറമുള്ള പൂക്കളാണ് കൊങ്ങിണിപ്പൂക്കൾ. മാവേലിത്തമ്പുരാന് വരാനുള്ള വഴിയാണേ… അതു കൊണ്ട് വഴിയൊക്കെ വൃത്തിയുള്ളതായിരിക്കണം എന്ന് മുത്തശി പറയും. അതു കേട്ട് ഞങ്ങൾ വഴിയിലെ മണ്ണുൾപ്പടെ തൂത്തുവാരി വൃത്തിയാക്കിയിടും.
ഇതിനിടയിൽ മാവേലി സ്‌റ്റോറിൽ പോയി ഓണസാധനങ്ങൾ വാങ്ങണം.. അവിടെയും ഞങ്ങൾ കുട്ടികളും പോകും, “അണ്ണാറക്കണ്ണനും തന്നാലായത് ” എന്നു പറയുന്നതുപോലെ കുറച്ച് സാധനങ്ങളൊക്കെ ഞങ്ങളുടെ തലയിൽ വട്ടി നിറച്ചുണ്ടാകും. ഓണം വരുന്ന സന്തോഷത്തിൽ അതൊരു ഭാരമായി തോന്നാറേയില്ല.. അങ്ങനെ ചുമടെടുത്ത് കിട്ടുന്ന കമ്മീഷനാണ് ഉത്രാടച്ചന്തയിൽ പോയി പൊട്ടും ചാന്തും വാങ്ങാനുള്ള ഉറവിടം.
ഓണ ലഹരിയുമായി അത്തമെത്തുന്നതിന് മുന്നേ ഊഞ്ഞാൽ കെട്ടണം… അതേ വീടിൻ്റെ മുറ്റത്ത് വലതു വശത്തായി ഒരു മുത്തശ്ശി പ്ലാവുണ്ട്.. അതിലാകട്ടെ ഇത്തവണത്തെ ഊഞ്ഞാൽ………
ദേ…. അതിനിടയ്ക്ക് അത്തമിങ്ങെത്തി.
കാട്ടിലും തോട്ടിലും പറമ്പിലും നടന്ന് പൂവിറുക്കാൻ തുടങ്ങി ഞങ്ങൾ. തുമ്പപ്പൂവല്ലാതെ ഒരു വെള്ളപ്പൂവുണ്ട്. വട്ടയിലയുടെ പൂവാണ്, കുഞ്ഞിപ്പൂവാണെങ്കിലും അതിനെയും ഞങ്ങൾ വെറുതെ വിടില്ല. … അതു മാത്രമോ? .. തെച്ചി, വാടാമല്ലി, കുമ്പിൾപ്പൂവ്, കൊങ്ങിണിപ്പൂവ്, അരളിപ്പൂവ്, ചെമ്പരത്തി, തൊട്ടാവാടിപ്പൂവ് എന്നു വേണ്ട തൊടിയിലും മുറ്റത്തും പറമ്പിലുമൊക്കെ നടന്ന് പൂവായ പൂവൊക്കെ പറിച്ചെടുത്ത്… എന്നാ ബഹളമാണെന്നറിയാമോ?… മുറ്റത്ത് ചാണകം മെഴുകി അതിലാണ് അത്തപ്പൂവിടുക. കുട്ടികളിൽ മുതിർന്നവരാണ് പൂക്കളമൊരുക്കുക. ഒരിക്കൽ പൂവ് തികയാതെ മത്തൻ്റെയും കുമ്പളത്തിൻ്റെയും പൂവ് പിച്ചി അത്തമിട്ടതും മുത്തശി അടിക്കാൻ ഓടിച്ചതും ഇന്നലെയെന്ന പോലെ ഓർമ്മയിലുണ്ട്. ആ ഓട്ടത്തിൽ മറിഞ്ഞു വീണപ്പോൾ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല നുളളി അതിൻ്റെ ചാറൊഴിച്ചത് അന്ന് വേദനിപ്പിച്ചെങ്കിലും ഇന്നോർക്കുമ്പൊ മാധുര്യമേറുന്നു.
ഓർമ്മകളിലെത്തുന്ന മറ്റൊരു മറക്കാനാകാത്ത സംഭവമാണ് ഓണക്കാലത്ത് തിരുവോണമെത്തുന്നതിൻ്റെ വരവ് അറിയിച്ചുകൊണ്ട് ശരീരം മുഴുവൻ ഉണങ്ങിയ വാഴയില കൊണ്ട് മറച്ച്, ഒരു മുഖം മൂടിയും ഇട്ടു വരുന്ന പുലിക്കളി. പുലിയായി ഒരാളും, അതിൻ്റെ കൂടെയായി പത്തു പന്ത്രണ്ട് കുട്ടികളും കാണും. പാട്ടയും, മണിയുമൊക്കെ കൊട്ടി ആർപ്പുവിളികളോട് കൂടി വീടുകൾ തോറും കയറിയിറങ്ങുന്ന അവർ കൊണ്ട് വരുന്ന തട്ടത്തിൽ നാണയത്തുട്ടുകളും മറ്റും വീട്ടുകാർ ഇട്ടു കൊടുക്കുമായിരുന്നു. അങ്ങനെ എന്തെല്ലാം ഓർമ്മകളുണ്ട് ഓണത്തിൻ്റേതായി.
അന്നൊക്കെ പുതുവസ്ത്രങ്ങൾ വാങ്ങുന്നത് ഓണമെത്തുമ്പോൾ മാത്രമാണ്. പല വർണ്ണങ്ങളിലങ്ങനെ കടകളിൽ അകത്തും പുറത്തുമായി തൂക്കിയിട്ടുണ്ടാകും… പുതിയൊരെണ്ണം കിട്ടണമെന്ന ചിന്തമാത്രമേ അപ്പോഴുണ്ടാവുകയുള്ളൂ.. കിട്ടിക്കഴിഞ്ഞാലോ നീണ്ടൊരു കാത്തിരിപ്പാണ് തിരുവോണ ദിവസത്തിനായി.
നിലാവൊക്കെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഓണനിലാവ് എന്നു പറയുമ്പൊ,
പകലിനെപ്പോലും വെല്ലുന്ന തെളിമയുള്ള രാത്രിയായിരിക്കും. ആ ഓണനിലാവിൽ വീടിൻ്റെ പിന്നാമ്പുറത്തെ വാരാന്തയിൽ ചുട്ടെടുക്കുന്ന പലഹാരങ്ങളുടെ സുഗന്ധം ഒരു വശത്ത്……. അച്ചപ്പം, ഉണ്ണിയപ്പം, കായ വറുത്തത്.. എന്നു വേണ്ട.. മറുവശത്ത് അങ്കണത്തിലൊരുമിക്കുന്ന കൗമാരപ്രായക്കാരായ ഞങ്ങളും അയലത്തെ കൂട്ടുകാരും, അങ്ങനെ ഈണത്തിൽ കൈകൊട്ടി പാട്ടുപാടി ചുവട് വയ്ക്കുന്നു.
“ഒന്നാം ചിത്തിര കൊമ്പയിലെ
പൂത്തു നിൽക്കുന്ന പൂമരത്തിൽ…..”
അങ്ങനെ പത്തു വരെ ചൊല്ലും…..
രാവേറെ ചെല്ലുന്നതുവരെ ആകെ ബഹളമയം. അതേ… അകത്തളത്തിൽ നിന്ന് അമ്മയുടെ വക ശകാരം, “മതിയാക്കു കുട്ടികളേ, പുലർച്ചെ എഴുനേൽക്കാനുള്ളതല്ലെ, പൂക്കളമൊരുക്കാൻ’…..
അങ്ങനെ ഉത്രാടം പിറന്നു… ആവേശ ലഹരിയിൽ മൈക്കിലൂടെയും, അല്ലാതെയും ആർത്തുവിളിക്കുന്നതിൻ്റെ ബഹളമാണ് കവലകളിലും ഓണച്ചന്തകളിലും മറ്റും… ആകെയൊരു ഉത്സവം തന്നെ. ഓണത്തെ മാടി വിളിക്കുന്നതു പോലെ ഉച്ചഭാഷിണികൾ ഇടതടവില്ലാതെ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്നു. എല്ലാ കടകളും ജനനിബിഡമാണ്. ഞങ്ങളുടെ ലക്ഷ്യം മുത്തുമാലകളും കുപ്പിവളകളും, ചുറ്റുവളകളുമൊക്കെയുള്ള തമ്പിയണ്ണൻ്റെ കടയാണ്.പൊട്ട്, കൺമഷി, വള, മുത്തുമാല ഇതൊക്കെ വാങ്ങി എത്ര സന്തോഷത്തോടെയാണെന്നോ തിരികെ വീട്ടിലെത്തുന്നത്.
ഉത്രാട നിലാവും സ്വർണ്ണ രശ്മികളൊഴുകുന്ന ചിങ്ങവെയിലുമെല്ലാം ഒരു തരം ലഹരി പിടിപ്പിക്കുന്നവയായിരുന്നു എനിക്ക്. ഓണം തന്നെ മനസിന് വല്ലാത്തൊരു സന്തോഷമാണ്. ത്യാഗത്തിൻ്റേയും നന്മയുടേയും നല്ല നാളുകളാണ് എന്നും ഓണം നമ്മെ ഓർമ്മിപ്പിക്കുന്നത്. പിടിച്ചെടുക്കാനല്ല കിട്ടുന്നതിൽ നിന്നും മറ്റുള്ളവർക്ക് കൂടി കൊടുക്കണം എന്നതാണ് ത്യാഗത്തിൻ്റെ മൂർത്തീഭാവമായ ശ്രീമഹാബലിത്തമ്പുരാൻ നമ്മെ പഠിപ്പിച്ചത്, അങ്ങനെ തന്നെയാണ് വേണ്ടതും.
തിരുവോണ സദ്യ പോലല്ലെങ്കിലും ഉത്രാടത്തിനും സദ്യ തന്നെ. ഉത്രാട സന്ധ്യയിൽ അടുക്കളയിൽ നിന്നും ശർക്കരയും, തേങ്ങയും, പഴവുമൊക്കെ ഇട്ട അട ഇലയിൽ വേവുന്ന മണവും , കാളൻ, പുളിയിഞ്ചി, വടുകപ്പുളി, നാരങ്ങാക്കറി ഇതിനൊക്കെ കടുവറുക്കുന്നതിൻ്റെയും മണം ….. ഹാ… എന്താരുന്നു? സന്ധ്യ മയങ്ങിക്കഴിയുമ്പോ ആകെ ആർപ്പുവിളിയാണ്.
കുട്ടികൾ എന്നു പറയുമ്പോ ,മുത്തശിക്ക് എട്ടുമക്കളാണ്. എല്ലാ മക്കളും,മരുമക്കളും, ചെറുമക്കളും ഉത്രാട ദിവസം വൈകുന്നേരത്തോടെ കുംടുംബവീട്ടിൽ എത്തിച്ചേരുമായിരുന്നു.
രാത്രിയിൽ മുറ്റത്ത് വട്ടത്തിലിരുന്ന് “മാണിക്യ ചെമ്പഴുക്ക ” കളിക്കുമായിരുന്നു. നടുക്ക് കണ്ണുകെട്ടി ഒരാളെ ഇരുത്തും. നാലുവശവുമായി ഇരിക്കുന്നതിൽ ഒരാളുടെ കൈയിൽ ഒരു ചെമ്പഴുക്ക (മിനുസമുള്ള ഒരു പാറക്കല്ലാണ് കേട്ടോ ) കാണും. അത് പിന്നിലൂടെ കൈമാറുമ്പോൾ കളത്തിൻ്റെ നടുക്കിരിക്കുന്ന ആൾ കണ്ടുപിടിക്കണം
” ആരെ കൈ ആരെ കൈയ്യിൽ മാണിക്യ ചെമ്പഴുക്ക
എൻ്റെ കൈ എൻ്റെ കൈയിൽ മാണിക്യ ചെമ്പഴുക്ക ” എന്നിങ്ങനെ താളത്തിൽ പാട്ടുമുണ്ടാകും. പാതിരാത്രി വരെ ഇങ്ങനെ പല കളികൾ. ഒടുവിൽ മുത്തശിയുടെ വക ശകാരമിങ്ങനെ, “നാളെ തിരുവോണമാണ്, വലിയ അത്തപ്പൂക്കളം ഇടാനുള്ളതാ. നേരത്തേ ഉണർന്നില്ലേൽ പൂക്കൾ കിട്ടില്ല…”. കേൾക്കാത്ത താമസം അകത്തേക്ക് ഒരോട്ടമാണ്…..
വർഷം മുഴുവൻ കഷ്ടപ്പെട്ടു ജീവിക്കുന്ന മനുഷ്യൻ വയറു നിറയെ ഇഷ്ട ഭക്ഷണങ്ങളൊക്കെ കഴിക്കാൻ ഒന്നു നേരം പുലരുകയേ വേണ്ടൂ.
അങ്ങനെ തിരുവോണപ്പുലരിയെത്തി.
ഞങ്ങൾ കുട്ടികൾ രാവിലെ തന്നെ കുളി കഴിഞ്ഞ് ഓണക്കോടിയുടുക്കുന്നു. അതിന് ശേഷം അത്തപ്പൂക്കളമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പാണ്. അതു കഴിഞ്ഞ് രാവിലത്തെ കാപ്പി കുടി കഴിഞ്ഞ് ഊഞ്ഞാലിന് ചുറ്റുമാണ് ഞങ്ങൾ. മുതിർന്നവർ ഓണസദ്യയൊരുക്കുന്ന തിരക്കിൽ.
ഉച്ചയൂണിന് സമയമായെന്ന് തോന്നുന്നു, ഉത്രാടത്തിനേ വെട്ടിയിരുന്നു വാഴയില. അമ്മാവൻ അതെടുത്ത് കഴുകി വക്കുന്നുണ്ട്. അതാ മുത്തശി വിളിക്കുന്നു, ” മക്കളേ, കൈയും കാലും കഴുകി വൃത്തിയാക്കി വരിക”. കേൾക്കാത്ത താമസം കുട്ടിപ്പട്ടാളം തയ്യാർ. ആദ്യം ഒരു കുഞ്ഞു നാക്കിലയിൽ എല്ലാ വിഭവങ്ങളുമായി നിലവിളക്കിൻ്റെ മുന്നിൽ വയ്ക്കും. നാടു കാണാനായി, തൻ്റെ പ്രജകളെ കാണാൻ വരുന്ന മാവേലിത്തമ്പുരാനുള്ളതാണ് ആ സദ്യ. അദ്ദേഹം ഏതു വേഷത്തിലും നമ്മളെ കാണാൻ വരും എന്നാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത്. അതു കൊണ്ട് തന്നെ ഇടയ്ക്കിടക്ക് ആരേലും വരുന്നുണ്ടോ എന്ന് അറിയാതെ തന്നെ ആ കുഞ്ഞു സദ്യയിലേക്കും, വീട്ടിലേക്ക് വരുന്ന വഴിയിലേക്കും നോക്കിപ്പോകുമായിരുന്നു.
അങ്ങനെ നാക്കിലയിൽ സദ്യ.. ഒരറ്റത്ത് ഉപ്പേരി ശർക്കര പെരട്ടി, പഴം, പപ്പഴം, പിന്നെ കാളൻ, ഓലൻ, പുളിയിഞ്ചി, നാരങ്ങ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, പരിപ്പ്, പുളിശ്ശേരി, സാമ്പാർ, രസം, മോര് ,കുത്തരിച്ചോറ്, അടപ്രഥമൻ എന്നുവേണ്ട …. ഒരു ഒന്നൊന്നര സദ്യയൊക്കെ കഴിച്ച് ഞങ്ങൾ കുട്ടിപ്പട്ടാളങ്ങൾ കളിയ്ക്കിറങ്ങുമായിരുന്നു. എറിപ്പന്തുകളി, ഊഞ്ഞാലാട്ടം, തുമ്പിതുള്ളൽ, കണ്ണുകെട്ടിക്കളി അങ്ങനങ്ങനെ.. മുതിർന്നവരും വടംവലി, കാൽപ്പന്തുകളി ഇതിലൊക്കെ ഏർപ്പെടും.
ബന്ധുക്കളും കൂട്ടുകാരുമൊക്കെ കണ്ട് ഓണാശംസകൾ അറിയിക്കുന്നത് എന്നും ബന്ധങ്ങൾക്ക് വലിയൊരു കെട്ടുറപ്പായിരുന്നു. എല്ലാം കഴിഞ്ഞ് കുടുംബക്കാർ ഓരോരുത്തരായി പോയിത്തുടങ്ങും…. ആകെ ഒരു നഷ്ടബോധമാണ് പിന്നെ, ആളൊഴിഞ്ഞ അരങ്ങു പോലെയാകുന്നു വീട്……
വീണ്ടും പുതിയൊരോണത്തിനായുള്ള കാത്തിരിപ്പ് അവിടെ തുടങ്ങുന്നു……..
ദീപ ബിബീഷ് നായർ
- ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
- ജയ-സംഗീത-ചന്ദ്രിക: പി ജയചന്ദ്രൻ അനുസ്മരണവുമായി ഇപ്റ്റ
- മുംബൈയിൽ ഹൃദയഗീതം ജനുവരി 25ന്; ആവേശമാകാൻ അലോഷി ആദവും മുരുകൻ കാട്ടാക്കടയും
- മോഹനരാഗതരംഗവുമായി വേൾഡ് മലയാളി കൗൺസിൽ സംഗീത സായാഹ്നം
- മുംബൈയിൽ അപൂർവ്വ ആരാധകനെ കണ്ട അനുഭവം പങ്ക് വച്ച് പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ