പുതുവർഷ സന്ദേശങ്ങളുടെ കുത്തൊഴുക്കിൽ ദാദർ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ ആലോചിച്ചത് ഇവരൊക്കെ എന്നെ സ്ഥിരമായി എല്ലാവർഷവും വിഷ് ചെയ്യാറുള്ളതാണ്, പക്ഷെ, ആ ആശംസകളിലെ വാചകങ്ങളൊക്കെ പാഴായിപ്പോകാറേ ഉള്ളു . ഹാപ്പിയും പ്രോസ്പിരിറ്റിയും മൊബൈൽ സ്ക്രിനിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.
ദാദറിലെ വെസ്റ്റേൺലൈനിലേക്കുള്ള ബ്രിഡ്ജ് കയറാൻ ഓടുമ്പോഴാണ് വൃത്തിയുള്ള വസ്ത്രം ധരിച്ച് നല്ല കുലീനത്വമുള്ള ഒരു സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് എന്തെങ്കിലും തരൂ എന്ന മട്ടിൽ കൈ നീട്ടി നിൽക്കുന്നു. സാധാരണ ഭിക്ഷക്കാരെ പോലെ മുഷിഞ്ഞ വസ്ത്രമോ മാറാപ്പോ ഒന്നുമില്ല, ദൈന്യതയല്ലാതെ മറ്റൊരു വികാരവും സാധാരണ ഭിക്ഷക്കാരുടെ മുഖത്ത് കണ്ടിട്ടില്ല. അതിന് വിപരീതമായി വയസ്സായെങ്കിലും വളരെ പ്രസന്നവതിയായി നിൽക്കുന്ന സ്ത്രീ . എൻ്റെ തിരക്കിനെ തോൽപ്പിക്കുന്ന ആ കുലീനത്വത്തിനും പുഞ്ചിരിക്കും മുന്നിൽ എനിക്ക് തിരിച്ചു നടക്കാതിരിക്കാൻ ആയില്ല.
അവരുടെ അടുത്ത് ചെന്ന് പോക്കറ്റിലുണ്ടായിരുന്ന 20 രൂപ അവരുടെ കൈയിൽ വച്ച് കൊടുത്ത് നടക്കാനൊരുങ്ങുമ്പോൾ അവരെന്നെ തിരിച്ചു വിളിച്ചു, ഒരു നിമിഷം ഞാൻ ശങ്കിച്ചു. കീറിയ നോട്ടെങ്ങാനും ആണോ ഞാൻ കൊടുത്തതെന്ന് . അവരെൻ്റെ കൈ പിടിച്ച് “ഹാപ്പി ന്യൂ ഇയർ ബേട്ടാ ” എന്ന് പറഞ്ഞപ്പോൾ മൊബൈലിലെ ഗുഗിൾ അവതാരങ്ങളായ പുതുവർഷാശംസകൾ ട്രാക്കിൽ വീണുടയുന്നത് ഞാനറിഞ്ഞു.
ചിരിച്ചു കൊണ്ട് അവരേയും തിരിച്ച് വിഷ് ചെയ്ത് കൊണ്ട് റെയിൽവേ ബ്രിഡ്ജ് ഓടി കയറുമ്പോൾ ഹാപ്പി ന്യൂ ഇയറിൻ്റെ അർത്ഥവും ആത്മാർത്ഥതയും ഞാനാദ്യമായി അനുഭവിച്ചു !!
രാജൻ കിണറ്റിങ്കര