സാഹിത്യ ലോകത്ത് പകരം വയ്ക്കാനില്ലാത്ത മലയാളത്തിൻ്റെ പുണ്യമായ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ യാത്രയായി.
‘മഞ്ഞ്’ പെയ്തൊരാ ‘കാല’ത്തിലൂടെ ‘അസുരവിത്തി’ൻ്റെ ‘ ഇരുട്ടിൻ്റെ ആത്മാവ് ‘തേടി ‘നാലുകെട്ടി’ ലൂടെ ഒരു ‘രണ്ടാമൂഴ’ത്തിന് തയ്യാറായ എം.ടി.
‘പാതിരാവിലും പകൽവെളിച്ച ‘ത്തിലും ‘കാണാതിരുന്ന ‘ഗോപുരനട ‘യിലൂടെ ‘സ്വർഗം തുറക്കുന്ന സമയം ‘ കണ്ടെത്തിയ എം.ടി.
‘കുട്ടേടത്തി’യോടൊപ്പം ‘മുറപ്പെണ്ണ്’ ‘നിർമ്മാല്യം’ തൊഴാനെത്തുമെന്നറിഞ്ഞ് ‘കളിവീടും ‘ ‘കടവും’ കടന്ന് ‘ഒരു വടക്കൻ വീരഗാഥ’യിലെ നായകനായി ‘പരിണയം’ ചെയ്ത എം.ടി.
‘പെരുമഴയുടെ പിറ്റേന്ന് ”വിത്തുകൾ ‘ വില്പനയ്ക്ക് വച്ചെങ്കിലും ‘ശിലാലിഖിത ‘ ത്തിൽ എഴുതിയതു പലതും ‘കാഴ്ച’ മങ്ങിയ ‘ഓപ്പോൾ ‘ ‘ ഷെർലക്കി’ന് കൊടുത്തപ്പോൾ ‘നഗരമേ നന്ദി’ എന്നു പറഞ്ഞു കൊണ്ട് ‘പഞ്ചാഗ്നി’യ്ക്ക് നടന്നടുത്ത എം.ടി.
‘ഋതുഭേദങ്ങൾ’ മാറിമറഞ്ഞ ‘താഴ് വാര’ ത്തിലൂടെ ‘സദയം” സുകൃത’ങ്ങൾ ചെയ്തെങ്കിലും ‘ആൾക്കൂട്ടത്തിൽ തനിയെ ‘ ആയ എം.ടി.
‘വൻകടലിലെ തുഴവള്ളക്കാർ ‘കാണാതെ ‘അമ്മ’യ്ക്കഭിമാനമായി ‘ആരൂഢ ‘ പദവിയിൽ ‘ഒരു ചെറുപുഞ്ചിരി ‘യേകിയ എം.ടി.
‘അറബിപ്പൊന്ന് ‘ തേടി ‘വെയിലും കാലവും ‘ മറന്ന് ‘രക്തം പുരണ്ട മൺ തരിക’ളിലൂടെ ‘വേദന’യുക പൂക്കൾ സമ്മാനിച്ച് ഒടുവിൽ കടന്നു പോയ എം.ടി.
അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത സാഹിത്യ സൃഷ്ടികൾ സമ്മാനിച്ച് ഒരു തീരാനഷ്ടമായി മഞ്ഞു പെയ്തിറങ്ങിയ ക്രിസ്തുമസ് രാവിൽ ആകാശത്തൊരു പൊൻ നക്ഷത്രമായ് മാറിയ മലയാളത്തിൻ്റെ പെരുന്തച്ചൻ നമ്മുടെ സ്വന്തം എം.ടി. ആദരാഞ്ജലികളോടെ,
ദീപ ബിബീഷ് നായർ