അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു, 10.10.2009. ഓഫീസിനു അവധി. വർഷങ്ങളായി സൂക്ഷിച്ചു പോരുന്ന മ്യൂസിക് നൊട്ടേഷനുകളും, നാടക പുസ്തകങ്ങളും, പല ഗാനരചയിതാക്കൾ നിരവധി നാടകങ്ങൾക്ക് വേണ്ടി എഴുതി ഏൽപ്പിച്ച ഗാനങ്ങളും, മുൻപ് ചെയ്ത പരിപാടികളുടെ നോട്ടീസുകളുമെല്ലാമൊന്ന് ഒതുക്കി വെയ്ക്കണമെന്ന് കുറേ നാളായി വിചാരിക്കുന്നു. ആ ജോലി അന്ന് ചെയ്യാമെന്ന് തീരുമാനിച്ചു. രാവിലെ തന്നെ ജോലി തുടങ്ങി.
1978-ൽ മുംബൈയിൽ വന്ന കാലം മുതൽ ഞാൻ പങ്കാളിയായി അരങ്ങേറിയ മിക്കവാറും എല്ലാ കലാപരിപാടികളുടെയും നോട്ടീസുകൾ സൂക്ഷിച്ചു വെയ്ക്കുന്നത് എൻ്റെ ഒരു ശീലമായിരുന്നു. ഇവയിൽ ചിലത് ചില കലാകാരന്മാർക്ക് ഉപയോഗപ്രദമായിട്ടുമുണ്ട്.

നാടക പുസ്തകങ്ങൾ ഒതുക്കുന്നതിനിടെ വളരെ കളർഫുൾ ആയിട്ടുള്ള ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടു…’സ്വാതി തിരുനാൾ’, പിരപ്പൻകോട് മുരളിയുടെ പ്രശസ്ത നാടകം. ഓർമ്മകൾ പിറകിലേക്ക് പോയി. വർഷങ്ങൾക്ക് മുൻപ് ചെമ്പുർ ഛെഡാ നഗറിൽ താമസിക്കുന്ന സുധേട്ടന്റെയും ജയശ്രീ ചേച്ചിയുടെയും വീട്ടിൽ വെച്ച് ‘പ്രതിഭ തീയേറ്റേഴ്സ്’ സംവിധായകൻ വേണുവേട്ടൻ (ശങ്കുണ്ണി പുരുഷോത്തമൻ നായർ) ‘സ്വാതി തിരുനാൾ’ നാടക പുസ്തകം എൻ്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു…”പ്രേം, ഇതിലെ നായകവേഷം ചെയ്യണം, കൂടാതെ ഇതിന്റെ മ്യൂസിക് റെക്കോർഡ് ചെയ്യുകയും വേണം.” ഞാൻ വളരെ സന്തോഷപൂർവ്വം ആ കർത്തവ്യം നിറവേറ്റാൻ സന്നദ്ധനായി. ഈ നാടകത്തിൽ സ്റ്റേജിൽ പാടി അഭിനയിക്കേണ്ടുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട്, അതുകൊണ്ട് ആ വേഷം ഞാൻ തന്നെ ചെയ്താലേ ശരിയാവൂ എന്ന് വേണുവേട്ടന് നിർബന്ധമായിരുന്നു. നാട്ടിൽ ഈ നാടകം വളരെ വിജയകരമായി പല വേദികളിലും മുൻപ് അരങ്ങേറിയതാണ്. ആദ്യം നടൻ സായ് കുമാറും പിന്നീട് റിസബാവയും ആയിരുന്നു നായകവേഷം ചെയ്തിരുന്നത്. (2024 ജൂൺ മാസം എറണാകുളത്തെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജ രോഗത്താൽ വേണുവേട്ടൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.)

എൻ്റെ കൈയ്യിൽ നാടകപുസ്തകം ഏല്പിച്ച ശേഷം ഏകദേശം രണ്ടു മാസത്തിനുള്ളിൽ വേണുവേട്ടന് ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് പോകേണ്ടി വന്നു. അങ്ങിനെ പ്രതിഭ തീയേറ്റർസിന് ഒരു നാടക സംവിധായകൻ മുംബൈയിൽ ഇല്ലാതായി. മറ്റു സംവിധായകർക്ക് ഈ നാടകം ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. സുധേട്ടനോടും ജയശ്രീ ചേച്ചിയോടും ഈ നാടകത്തെപ്പറ്റി ചോദിച്ചപ്പോൾ “ഇനി അത് നടക്കും എന്ന് തോന്നുന്നില്ല” എന്ന് അറിയിച്ചു. അതോടെ ആ നാടകത്തെപ്പറ്റിയുള്ള ചിന്ത അവസാനിച്ചു.
2009 ഒക്ടോബർ 10 നു ഈ നാടക പുസ്തകം വീണ്ടും കൈയ്യിൽ കിട്ടിയപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു. അടുത്ത വർഷം ഇതേ ദിവസം ‘സ്വാതി തിരുനാൾ’ നാടകം മുംബൈയിൽ അരങ്ങേറണം. കുറച്ചു വർഷങ്ങളായി നഗരത്തിൽ യാതൊരു മലയാള നാടക പ്രവർത്തനങ്ങളും നടക്കാത്ത ഒരു കാലഘട്ടമായിരുന്നു അത്. അതിനാൽ ഒരു ബൃഹത്തായ നാടകം അവതരിപ്പിക്കാനുള്ള ബുദ്ധിമുട്ടുകൾ മനസ്സിൽ കണ്ടുകൊണ്ടു തന്നെയാണ് തീരുമാനം എടുത്തതും. എൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘സപ്തസ്വര’ എന്ന സംഘടന അന്ന് വരെ നാടകങ്ങളുടെ നിർമ്മാണം ഒന്നും തന്നെ ചെയ്തിരുന്നില്ല. സംഗീത പരിപാടികളും ആൽബങ്ങളും ആയിരുന്നു മുഖ്യം. ‘സപ്തസ്വര തീയേറ്റേഴ്സ്’ എന്ന പേരിൽ ‘സ്വാതി തിരുനാൾ’ നാടകം അരങ്ങേറാൻ തീരുമാനമായി.
ആദ്യത്തെ കടമ്പ ഈ നാടകം ആര് സംവിധാനം ചെയ്യും എന്നതായിരുന്നു. അന്തപ്പേട്ടൻ സംവിധാനം ചെയ്യണം എന്നായിരുന്നു എൻ്റെ ആഗ്രഹം. ഞാൻ നാടക പുസ്തകവുമായി ബോറിവിളിയിലെ അന്തപ്പേട്ടന്റെ വീട്ടിലേക്ക് പോയി. ഒറ്റ ഇരിപ്പിൽ അന്തപ്പേട്ടൻ നാടകം വായിച്ചു തീർത്തു. എന്നിട്ട് പറഞ്ഞു… “പ്രേം, സംഭവ ബഹുലവും, കുറേ അധികം കഥാപാത്രങ്ങളും, വിവിധ രംഗങ്ങളും ഉള്ള ഒരു നാടകമാണ് ഇത്. ഇത്തരമൊരു നാടകം മുംബൈയിൽ അധികം അരങ്ങേറിയിട്ടില്ല. എനിക്കാണെങ്കിൽ പഴയത് പോലെ ഓടി നടന്ന് നാടകം ചെയ്യാൻ ഇപ്പോൾ ആരോഗ്യം സമ്മതിക്കില്ല. അതുകൊണ്ട് പ്രേം തന്നെ നല്ല രീതിയിൽ ഈ നാടകം അവതരിപ്പിക്കാൻ ശ്രമിക്കൂ. ഞാൻ സഹായിക്കാം. നാടകത്തെ പറ്റി നല്ല ഉൾബോധം ഉള്ള ആളാണ് പ്രേം, അതുകൊണ്ട് ധൈര്യമായി മുന്നോട്ടു പോകൂ.” മനസ്സില്ലാ മനസ്സോടെ അന്തപ്പേട്ടനോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. 1978-ൽ മുംബൈയിൽ വന്ന കാലം തൊട്ട് അന്തപ്പേട്ടൻ സംവിധാനം ചെയ്യുന്ന എല്ലാ നാടകങ്ങങ്ങൾക്കും, നൃത്താവിഷ്‌ക്കാരങ്ങൾക്കും സംഗീതം നൽകി പാടിയിരുന്നത് ഞാനാണ്. അതിനാൽ അന്തപ്പേട്ടനില്ലാതെ ഒരു നാടകം ചെയ്യാൻ ഞാൻ തയ്യാറല്ലായിരുന്നു. പക്ഷെ, അന്തപ്പേട്ടൻ പറഞ്ഞ വാക്കുകൾ എനിക്ക് പ്രചോദനമായി.

നാല്പതോളം കഥാപാത്രങ്ങൾ രംഗത്ത് വരുന്ന നാടകമാണ് ‘സ്വാതി തിരുനാൾ’. നാട്ടിൽ ഈ നാടകം അവതരിപ്പിച്ചപ്പോൾ ഒരാൾ തന്നെ രണ്ടും മൂന്നും വേഷം ചെയ്തിരുന്നു. അന്ന് ഈ നാടകത്തിൽ ഒരു ഭടന്റെ വേഷം ചെയ്തിരുന്ന പ്രശസ്ത നടനും, സംവിധായകനുമായ കണ്ണൂർ വാസൂട്ടി വേറൊരു നാടകാവതരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ വന്നപ്പോൾ ഞാനും സുഹൃത്ത് രാജനും അദ്ദേഹത്തെ ചെന്ന് കണ്ടു, ‘സ്വാതി തിരുനാൾ’ നാടകത്തെപ്പറ്റി സംസാരിച്ചു. പല കാര്യങ്ങളും വാസൂട്ടിച്ചേട്ടനിൽ നിന്നും മനസ്സിലാക്കി. അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരം അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു പുതിയ നാടകത്തിന്റെ ഉത്ഘാടനത്തിനു ഞാൻ തിരുവനന്തപുരത്തു പോകാനിടയായി. ആ സമയം നാടകരചയിതാവായ പിരപ്പൻകോട് മുരളിയേയും കാണാം എന്ന് തീരുമാനിച്ചു. കൂടാതെ നാടകത്തിൽ കഥാപാത്രങ്ങൾ ഉപയോഗിക്കേണ്ടുന്ന വേഷഭൂഷാദികളും, ആടയാഭരണങ്ങളും എന്തായിരിക്കണം എന്നും വ്യക്തത വരുത്തേണ്ടതുണ്ട്. ദേവരാജൻ മാസ്റ്റർ ഈ നാടകത്തിന് വേണ്ടി സംഗീതം ചെയ്ത് റെക്കോർഡ് ചെയ്ത ചില ഗാനങ്ങളുടെ കോപ്പിയും ലഭ്യമായതോടെ സന്തോഷമായി. എല്ലാം വാസൂട്ടിച്ചേട്ടൻ കാരണം. അങ്ങിനെ തിരുവനന്തപുരം യാത്ര വളരെ ഉപകാരപ്രദമായി. നാടകത്തിന് വേണ്ടിയുള്ള പല കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചു ഞാൻ മുംബൈയിലേക്ക് തിരിച്ചു വന്നു.
ആര് സംവിധാനം ചെയ്യണമെന്നത് തീരുമാനമായില്ല. പക്ഷെ മുംബയിലെ സുഹൃത്തുക്കളായ പല നാടക നടീനടന്മാരും സഹകരിക്കാമെന്ന് ഉറപ്പു തന്നു. നാടകത്തിനു വേണ്ടിയുള്ള കർട്ടനുകളും, രാജകൊട്ടാരത്തിന്റെ സെറ്റും സെവരിയിലുള്ള ഒരു നാടകകമ്പനിയിൽ നിന്ന് വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചു. ലൈറ്റ് കൈകാര്യം ചെയ്യാൻ സുഹൃത്തായ സതീശൻ തയ്യാറായി. മിക്ക നടന്മാരും രണ്ടും മൂന്നും വേഷങ്ങൾ ചെയ്യാമെന്നും ഉറപ്പായി. അങ്ങിനെ ഒരു ഞായറാഴ്ച വൈകീട്ട് നാടകത്തിൽ സഹകരിക്കുന്ന എല്ലാ കലാകാരന്മാരും ഗോരേഗാവ് ആരെ കോളനിയിലെ ഒരു ഓപ്പൺ എയർ റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാൻ ഒത്തു ചേർന്നു, ഒപ്പം നാടകത്തെപ്പറ്റി ചർച്ച ചെയ്യാനും. 10.10.10 ന് ഇനി അഞ്ചു മാസം മാത്രമേ ബാക്കിയുള്ളു. റിഹേർസൽ തുടങ്ങണം. അതിനു മുൻപ് എല്ലാ അണിയറ പ്രവർത്തകരേയും, നടീനടന്മാരെയും ഉൾകൊള്ളിച്ചു നാടക വായന നടത്തണം. അതിനാൽ സംവിധായകനെ പെട്ടെന്ന് തീരുമാനിക്കണം.

നമ്മുടെ ഗ്രൂപ്പിൽ സീനിയറായ സതീശൻ അദ്ധേഹത്തിന്റെ അഭിപ്രായം പറഞ്ഞു. “നമ്മൾ ഒരു സംവിധായകനെ തിരഞ്ഞു സമയം കളയണ്ട. കഴിഞ്ഞ കുറേ വർഷങ്ങളായി മുംബയിൽ പല നാടകങ്ങൾക്കും സംഗീതം നൽകിയും, അതിൽ ചില നാടകങ്ങളിൽ നായക വേഷം ചെയ്ത് അഭിനയ മുഹൂർത്തങ്ങൾ മനസ്സിലാക്കിയ പരിചയസമ്പന്നനായ പ്രേംകുമാർ തന്നെ ‘സ്വാതി തിരുനാൾ’ സംവിധാനം ചെയ്യണമെന്ന്” അദ്ദേഹം പറഞ്ഞപ്പോൾ മറ്റ് കലാകാരൻമാർ അത് കൈയടിച്ചു പാസ്സാക്കി. എല്ലാവരുറെയും സമ്മതത്തോടെ ഞാൻ തന്നെ സംവിധാനം ചെയ്യാം എന്ന് തീരുമാനമായി.
നാടകത്തിന്റെ ആദ്യ വായന, കാന്തിവലി ഈസ്റ്റിലുള്ള ഒരു ഹാളിൽ ചെയ്യാൻ തീരുമാനമായി. ഈ നാടകത്തിൽ സ്വാതി തിരുനാളിന്റെ അച്ഛന്റെ വേഷം ചെയ്യുന്ന രാജൻ കടന്നപ്പള്ളിയാണ് ആ ഹാൾ ഒരുക്കി തന്നത്. സർവ്വശ്രീ. അന്തപ്പൻ, കെ.ഡി.ചന്ദ്രൻ, പൊതുവാൾ, രാജൻ, ബൈജു, ശിവപ്രസാദ്, സുമ മുകുന്ദൻ, രജനി ചന്ദ്രൻ, പിള്ള, രവി തൊടുപുഴ, ബെന്നി, സതീശൻ, രാജഗുപ്തൻ, ആദിത്യ, നാണപ്പൻ മഞ്ഞപ്ര, മുരുകൻ പാപ്പനംകോട്, രാജൻ കടന്നപ്പള്ളി, ജോസഫ് വെണ്ണൂർ, മധു നമ്പ്യാർ, ഹരി വാരിയർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നാടക വായന നടത്തി. അഭിനേതാക്കളുടെ ആകാരവും കഴിവും അനുസരിച്ചായിരിക്കണം അവർ ചെയ്യുന്ന വേഷങ്ങൾ എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതിനാൽ നാടകത്തിന്റെ വിജയത്തിന് ക്യാരക്ടർ സെലക്ഷൻ വളരെ ആലോചിച്ചു വേണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ‘സ്വാതി തിരുനാളി’ലെ ഓരോ അഭിനേതാക്കളെയും തീരുമാനിച്ചത്. ഉദാഹരണത്തിന് ലുഷിങ്ടൺ എന്ന ബ്രിട്ടീഷ് കഥാപാത്രത്തെ അവതരിപ്പിച്ചത് കെ. ഡി. ചന്ദ്രൻ ആയിരുന്നു. തികച്ചും ഒരു ബ്രിട്ടീഷ് ലുക്ക് ചന്ദ്രേട്ടനുണ്ടായിരുന്നു. കൂടാതെ തഞ്ചാവൂരിൽ നിന്നും വരുന്ന നർത്തകിയായി ഭരതനാട്യം, ഒഡിസ്സി നർത്തകിയായ ആനന്ദി രാമചന്ദ്രനും വേഷമിട്ടു.
കുറെ വര്ഷങ്ങളായി മുംബൈയിൽ മലയാള നാടകങ്ങൾ ഒന്നും അരങ്ങേറുന്നില്ല എന്ന അവസ്ഥയിലാണ് ‘സപ്തസ്വര തീയേറ്റേഴ്സ്’ ‘സ്വാതി തിരുനാൾ’ നാടകവുമായി മുന്നോട്ടു വരുന്നത്. അതുകൊണ്ടു പങ്കെടുക്കാൻ തീരുമാനിച്ച എല്ലാ നടീനടന്മാരും, സാങ്കേതിക വിദഗ്‌ദ്ധരും വളരെ ആത്മാർത്ഥമായിട്ടു ഒരു നല്ല ടീംസ്പിരിറ്റോടെയാണ് പ്രവർത്തിച്ചത്. പ്രോംപ്റ്റിംഗ് ഇല്ലാതെ നാടകം ചെയ്യണമെന്നും എല്ലാവരും അവരവരുടെ സംഭാഷണങ്ങൾ നന്നായി പഠിച്ചിരിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു. അതുപ്രകാരം എല്ലാ കഥാപാത്രങ്ങളും തയ്യാറെടുപ്പ് തുടങ്ങി. പാവായിയിൽ NSS നടത്തുന്ന സ്കൂൾ ഹാളിൽ സ്ഥിരം റിഹേർസൽ വെച്ചു. എല്ലാ റിഹേർസലും സംഗീതത്തിന്റെ അകമ്പടിയോടെ തന്നെ നടത്തി. റെക്കോർഡ് ചെയ്ത സംഗീതം ഓപ്പറേറ്റ് ചെയ്യാൻ എൻ്റെ സഹധർമ്മിണി ദേവി തയ്യാറായി. ആദ്യമായാണ് ദേവി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
ഇതിനിടയിൽ മുംബൈയിൽ ഏതു ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറണം എന്ന് ഞങ്ങൾ തീരുമാനിച്ചു. മാട്ടുങ്കയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ ആകാമെന്ന് എല്ലാവരും സമ്മതിച്ചു. കൂടുതൽ കാണികൾ നാടകം കാണാൻ വരും എന്ന വിശ്വാസത്തിൽ മെയിൻ ഹാളിന്റെ കൂടെ താഴെയുള്ള രണ്ടാമത്തെ ഹാളും ബുക്ക് ചെയ്തിരുന്നു. അവിടെ വലിയ സ്‌ക്രീനിൽ നാടകം മുഴുവൻ തത്സമയം വീഡിയോ ഷൂട്ട് ചെയ്തു കാണിക്കാൻ തീരുമാനമായി. ഈ തീരുമാനം വലിയ ഭാഗ്യമായി. കാരണം ഞങ്ങൾ പ്രതീക്ഷിച്ചതിലും അധികം കാണികൾ നാടകം കാണാൻ ഉണ്ടായിരുന്നു. നാടകദിവസം മുഖ്യാതിഥിയായി വരാമെന്ന് നടൻ സായികുമാർ ഏറ്റിരുന്നു, പക്ഷെ അന്നേ ദിവസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ട് അദ്ദേഹത്തിന് വരാൻ സാധിച്ചില്ല.
2010 ഒക്ടോബർ 10ന് ഒരാഴ്ച മുൻപ് ചെമ്പുർ ഷെൽ കോളനിയിലുള്ള ആദർശ് വിദ്യാലയത്തിൽ നാടകത്തിന്റെ സെമിഫൈനൽ റിഹേർസൽ നടത്തി. പ്രത്യേകം ക്ഷണിതാക്കളായി എത്തിയ മുംബൈയിലെ പ്രഗത്ഭ നാടകസംവിധാകരായ അന്തപ്പൻ, വി.വി.അച്യുതൻ, ഉണ്ണി വാരിയത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് റിഹേർസൽ ചെയ്തത്. അതുകൊണ്ട് അത്യാവശ്യം വേണ്ടുന്ന ചില തിരുത്തലുകൾ ചെയ്യാൻ സാധിച്ചു. അതിന് ശേഷം ശിവരിയിലുള്ള ഒരു പ്രൊഫഷണൽ ഹാളിൽ വെളിച്ചവും രംഗ സജ്ജീകരണങ്ങളും സംഗീതവും, കോസ്ട്യുമും ഉപയോഗിച്ച് ഫൈനൽ റിഹേർസൽ നടത്തി. നാടകം നന്നായി അരങ്ങേറാൻ പറ്റുമെന്ന് എല്ലാ കലാകാരന്മാർക്കും ബോധ്യമായി.
അവസാനം ആ ദിനം എത്തി, 10.10.10. ഞങ്ങൾ എല്ലാവരും ഉച്ചക്ക് തന്നെ മാട്ടുങ്ക മൈസൂർ ഹാളിൽ എത്തി. മേക്കപ്പ്, സ്റ്റേജ് സെറ്റിംഗ്സ് എന്നിവ മൂന്ന് മണിക്കൂർ കൊണ്ട് ചെയ്തു തീർത്തു. രണ്ട് ഹാളിലും കാണികൾ നിറഞ്ഞു. സമയത്തിന് നാടകം തുടങ്ങി. ഓരോ രംഗം കഴിയുമ്പോഴും കാണികളുടെ കരഘോഷം ഞങ്ങൾക്ക് ഊർജ്ജമായി. ഒരു രംഗത്ത് ‘സ്വാതി തിരുനാൾ’ കഥാപാത്രം ലൈവായി പാടിക്കഴിഞ്ഞപ്പോൾ ചില കാണികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. എല്ലാ കലാകാരന്മാരുടെയും, അണിയറപ്രവത്തകരുടെയും ആത്മാർത്ഥത കൊണ്ട് നാടകം വിജയകരമായി അരങ്ങേറാൻ സാധിച്ചു.

പിന്നീട് സ്വാതി തിരുനാളിന്റെ ജന്മദിനമായ ഏപ്രിൽ 16ന് ചെമ്പുർ ഫൈൻ ആര്ടിസിന്റെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. അന്ന് രാത്രി നാടകം കഴിഞ്ഞു മിഡ്നൈറ്റ് ഫ്ലൈറ്റിൽ എനിക്ക് ഓഫീസ് ആവിശ്യത്തിന് ബാങ്കോക്കിലേക്ക് പോകേണ്ടിയിരുന്നു. സമയത്തിന് നാടകം തീർന്നതിനാൽ ആ യാത്ര മുടങ്ങിയില്ല. അതിന് ശേഷം പവായ് യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുളുണ്ട് കാളിദാസ ഓഡിറ്റോറിയത്തിലും ‘സ്വാതി തിരുനാൾ’ അരങ്ങേറി. ആ സമയം കാളിദാസ ഹാളിന്റെ അവസ്ഥ അത്ര നല്ലതല്ലായിരുന്നു. ഒരു മുനിസിപ്പാലിറ്റി ഹാൾ എന്ന നിലയിൽ പല പോരായ്മകളും ഉണ്ടായിരുന്നു. സ്റ്റേജിൽ എലികളും പാറ്റകളും ഓടി നടക്കുകയായിരുന്നു. അവിടെ നാടകം അവതരിപ്പിച്ച ശേഷം മുംബൈയിലെ ഒരു കലാകാരനും മാധ്യമ പ്രവർത്തകനുമായ ഒരാൾ എഴുതി…”സ്വാതി തിരുനാളിന്റെ കൊട്ടാരത്തിൽ എലിയോ?” മുംബൈയിൽ മലയാള നാടകങ്ങങ്ങളൊന്നും നടക്കാത്ത ഒരു കാലഘട്ടത്തിൽ നാല്പതോളം കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും അണിനിരത്തി അരങ്ങിലെത്തിച്ച ഒരു നാടകത്തിനേയും അതിൽ പ്രവർത്തിച്ചവരേയും കളിയാക്കുകയായിരുന്നു ആ മാധ്യമ പ്രവർത്തകൻ ചെയ്തത്. നല്ല കലാബോധം ഉണ്ടെന്ന് നടിച്ചു കൊട്ടിഘോഷിച്ചു നടക്കുന്ന ഇത്തരക്കാരാണ് ഇത്തരം സദുദ്യമങ്ങളെ ഇല്ലാതാക്കുന്നത്. അസൂയ മൂത്തു സഹിക്കാൻ വയ്യാതെ നന്നായി നടക്കുന്ന എന്തിനെയും എങ്ങിനെയെങ്കിലും വലിച്ചു താഴെയിടുക എന്നത് മാത്രമാണ് ഇവന്മാരുടെയൊക്കെ ലക്ഷ്യം.
‘സ്വാതി തിരുനാൾ’ നാടകത്തിന്റെ വിജയത്തിന് മുഖ്യ കാരണം കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും നിസ്വാർത്ഥ സഹകരണമായിരുന്നു. നാടകത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും എല്ലാവരുമായി ഇരുന്ന് ചർച്ച ചെയ്തായിരുന്നു പരിഹാരം കണ്ടിരുന്നത്. അതുകൊണ്ട് എല്ലാവര്ക്കും ഒരു ഉത്തരവാദിത്ത ബോധം ഉണ്ടായിരുന്നു. പത്തു വർഷം കഴിഞ്ഞു കോവിഡ് കാലത്തു, അതായത് 10.10.20 ന് ‘സ്വാതി തിരുനാളി’ന്റെ ഓർമ്മയ്ക്കായി എല്ലാ കലാകാരന്മാരും, സാങ്കേതിക പ്രവർത്തകരും, ‘സപ്തസ്വര’യുടെ അഭ്യുദയകാംക്ഷികളും ഒത്തുചേർന്ന് അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ഒരു മീറ്റിംഗ് ഓൺലൈനിൽ കൂടി സംഘടിപ്പിക്കുകയുണ്ടായി. ആ മീറ്റിംഗിൽ നാട്ടിൽ നിന്ന് നാടക രചയിതാവ് ശ്രീ. പിരപ്പൻകോട് മുരളിയും പങ്കെടുത്തത് ഞങ്ങൾക്കെല്ലാവർക്കും അഭിമാന നിമിഷങ്ങളായി.
(തുടരും…)
പ്രേംകുമാർ മുംബൈ