വർഷം 1979 . ദിവസം ഫെബ്രുവരി മാസത്തിലെ ഒരു വെള്ളിയാഴ്ച. ഹൈസ്കൂൾ ജീവിതത്തിലെ അവസാന അധ്യയന ദിനം. ഈ ദിവസം കഴിഞ്ഞാൽ പിന്നെ ആരും തമ്മിൽ കണ്ടെന്ന് വരില്ല. സ്റ്റഡി ലീവും പിന്നെ പല ക്ലാസുകളിൽ നടക്കുന്ന ജീവിതത്തിൻ്റെ ആദ്യ പരീക്ഷയും.
ഞങ്ങൾ അന്ന് നേരത്തെ സ്കൂളിലെത്തി, വറ്റിവരണ്ട ഭാരതപ്പുഴയിലെ മണൽതരികൾ മൗനമായി തേങ്ങി. നിളയുടെ ഓരം പറ്റി ഒഴുകുന്ന നീർച്ചാലിൽ “ഇനിയില്ലൊരു കാൽത്തള നാദവും, നിൻ ചിരി തീർത്ത സുഗന്ധവും” എന്ന് ആരോ കുറിച്ചിട്ട ഒരു കടലാസു വഞ്ചി അലസമായൊഴുകി. തിരകൾ മായിച്ച അവയിലെ അക്ഷരങ്ങൾ അവ്യക്തയുടെ നിഴൽ രൂപം തീർത്തു.
എല്ലാ മുഖങ്ങളും മ്ലാനമായിരുന്നു. ഞങ്ങൾ കുറച്ച് ആൺകുട്ടികളും പെൺകുട്ടികളും പച്ച പുതച്ച തൃത്താല ഹൈസ്കൂൾ ഗ്രൗണ്ടിന് അതിര് പാകുന്ന പതിനെട്ടാം പട്ട തെങ്ങുകളുടെ നിഴൽപ്പാതയിലൂടെ നിശ്ശബ്ദം ഗ്രൗണ്ടിനെ വലം വച്ചു. മൈതാനത്തെ കറുകപ്പുല്ലുകളിൽ രാത്രി വീണ മഞ്ഞുതുള്ളികൾ അടരാൻ വെമ്പുന്ന കണ്ണീർ കണം പോലെ തോന്നിച്ചു. ആകാശം ഞങ്ങളുടെ മനസ്സുപോലെ മൂടിക്കെട്ടി നിന്നു.
നിശ്ശബ്ദമായ യാത്ര, പക്ഷെ മനസ്സുകൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങളിൽ അഗ്നിയായ് ജ്വലിച്ചത് പരീക്ഷയുടെ ചൂടായിരുന്നില്ല, നാളെ തൻ്റെ താവളത്തിൽ താനും കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന മൂന്ന് വർഷത്തെ ഓർമ്മകളും മാത്രം എന്ന നോവായിരുന്നു.. ഞങ്ങൾക്ക് മൊബൈൽ ഉണ്ടായിരുന്നില്ല, അതിനാൽ അജ്ഞാതരായ സൗഹൃദങ്ങളും ഇല്ലായിരുന്നു. ഞങ്ങളുടെ പോക്കറ്റുകളിൽ വൈകിട്ട് തിരിച്ചു പോകാനുള്ള പത്ത് പൈസ ബസ് ചാർജ് മാത്രം . അതിനാൽ ഒരു ചോക്ളേറ്റ് പങ്കുവച്ച് പോലും ഞങ്ങളുടെ വേർപാടിന് മധുരം പകരാൻ ഞങ്ങൾ പ്രാപ്തരല്ലായിരുന്നു.
ഞങ്ങളിൽ ധനികരും ദരിദ്രരുമില്ലായിരുന്നു, ഞങ്ങൾ എല്ലാവരും കണ്ടത് ഒരേ പുഴയായിരുന്നു, യാത്ര ചെയ്തത് ഒരേ തോണിയിൽ, ഒരേ ബസ്സിൽ. തട്ടിക്കളിച്ചത് ഒരേ പന്ത്. പഠിച്ചതും അറിഞ്ഞതും ഒരേ പാoങ്ങൾ.
ഗ്രൗണ്ടിനെ വലം വച്ച് ഞങ്ങൾ ബാസ്കറ്റ് ബാൾ കോർട്ടിന് മുന്നിലെത്തിയപ്പോൾ സമയം 9.15. സ്കൂളിൽ ആദ്യമണി മുഴങ്ങി, ഇനി ഞങ്ങളെ ഉണർത്താൻ ഈ മണിനാദമില്ല, ഇടതു കൈയിൽ പുസ്തകവും വലതു കൈ കൊണ്ട് സാരിത്തലപ്പും ഒതുക്കി ഒഴുകി നീങ്ങുന്ന ടീച്ചർമാരില്ല. മുഖത്ത് ഗൗരവചിഹ്നമായ കണ്ണട വച്ച് മുണ്ടിൻ കോന്തല പൊക്കി ക്ലാസുകളിലേക്ക് നടന്നു വരുന്ന സാറുമാരില്ല, മാറത്ത് ഒതുക്കി പിടിച്ച പുസ്തക കെട്ടുമായി ഞൊറിപ്പാവാടയിൽ കവിത രചിക്കുന്ന കൗമാരത്തിൻ്റെ പൊട്ടിച്ചിരികളില്ല. എന്തൊക്കെയോ ഞങ്ങൾക്ക് അന്യമാവുകയാണ്. നിഷ്കളങ്കതയുടെ അരിക്കോലം വരച്ചിട്ട ഞങ്ങളുടെ ഹൃദയത്തിൽ ഒരു മഴ ആർത്തു പെയ്യുകയാണ്. ആ കോലങ്ങൾ അലങ്കോലമാകാതിരിക്കാൻ അവയ്ക്ക് കുട ചൂടി ഞങൾ മഴകുതിർന്ന് നിൽക്കുകയാണ്.
9.30 ൻ്റെ രണ്ടാം ബെല്ലോടെ എല്ലാവരും അവരവരുടെ ക്ലാസുകളിൽ സ്വന്തം സീറ്റുകളിലേക്ക് . ക്ലാസിൽ അന്ന് നടന്നത് പഠനമായിരുന്നില്ല, ഓരോ ടീച്ചറും മാഷും ഓരോ കുട്ടിയേയും അടുത്ത് വിളിച്ചുള്ള ഉപദേശങ്ങളും സാന്ത്വനങ്ങളും ആയിരുന്നു. ഓരോ കുട്ടിയുടെയും വീടും സാഹചര്യങ്ങളും ഇല്ലായ്മകളും കൃത്യമായറിയുന്ന ഗുരുവര്യൻമാർ . അവരുടെ ചൂരൽ ഞങ്ങളുടെ തുടകളിൽ പതിച്ചപ്പോൾ ഞങ്ങൾക്ക് നൊന്തിരുന്നില്ല. തുടയിലേയും കൈ വെള്ളയിലേയും തൊലി ഉരിഞ്ഞപ്പോഴും ഞങ്ങൾക്ക് അവരോട് പകയോ ദേഷ്യമോ ഇല്ലായിരുന്നു. ഞങ്ങൾക്ക് കിട്ടിയ ശിക്ഷകളുടെ കണക്കെടുപ്പ് ഞങ്ങളോ വീട്ടുകാരോ നടത്തിയതുമില്ല.
ടീച്ചറും മാഷും ഓരോ പീരിയഡിലും ക്ലാസിൽ മാറി മാറി വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ മനസ്സിൽ ഒരു അറബിക്കടൽ ഇരമ്പുകയായിരുന്നു, അഴിമുഖങ്ങളിൽ സന്ധ്യയുടെ തുടിപ്പ്, കൂടണയാത്ത രാപക്ഷികളെപ്പോലെ ഞങ്ങളുടെ സ്വപ്നങ്ങളും സ്കൂൾ മുറ്റത്തും ഗ്രൗണ്ടിലും വട്ടമിട്ട് പറന്നു.
നാല് മണിയുടെ നീണ്ട ബെൽ, വിരഹത്തിൻ്റെ അവസാന സൈറൺ മുഴങ്ങും മുമ്പ് ഞങ്ങൾ ചുകപ്പും മഞ്ഞയും നീലയും നിറങ്ങളുള്ള ഓട്ടോഗ്രാഫിൻ്റെ താളുകളിൽ കുറിച്ചിട്ടു “ഓർക്കുക വല്ലപ്പോഴും “
ഞങ്ങളെ യാത്രയാക്കാൻ ഞങ്ങളുടെ BMW ആയ പഴയ ലൈയ്‌ലൻ്റ് ബി. എം. എസ് റോഡിൻ്റെ ഓരം ചേർന്ന് നിൽക്കുന്നു. പുഴക്കടവിൽ തോണിക്കാരൻ കുഞ്ഞിമാനിക്ക പത്താം ക്ലാസുകാരെ പേറിയുള്ള അവസാന തുഴയ്ക്ക് തയ്യാറെടുക്കുന്നു.
ഞങ്ങളിറങ്ങുകയാണ്, യാത്ര പറയാതെ, യാത്ര ചോദിക്കാതെ. ഞങ്ങളുടെ കൗമാരങ്ങൾക്ക് കുടപിടിച്ച ഈ വിശാലമായ സ്കൂളിനോടും ഇവിടുത്തെ മൺതരികളോടും വിട, ചെരുപ്പിടാതെ ഞങ്ങൾ നടന്ന ഈ ചരൽ വഴികൾ കാലങ്ങൾക്കപ്പുറം ഇവിടെ കളിച്ചും ചിരിച്ചും പഠിച്ചും നടന്ന ഒരു കാലത്തിൻ്റെ ഗാഥകൾ പാടും. അവ കേട്ട് ഭാരതപ്പുഴയിലെ ഓളങ്ങൾ ഓർമ്മകളിലേക്ക് മുങ്ങാംകുഴിയിടും.
2025 ലെ കുട്ടികളേ, ഇതായിരുന്നു ഞങ്ങളുടെ സെൻ്റ് ഓഫ് . ഞങ്ങൾ സന്തോഷിച്ചത് ഇതിലൊക്കെയായിരുന്നു, സ്നേഹത്തിനും സൗഹൃദത്തിനും മുന്നിൽ ഞങ്ങൾ തോറ്റത് മറ്റുള്ളവരുടെ മനസ്സിനെ ജയിക്കാനായിരുന്നു. ഞങ്ങൾ ഞങ്ങളായത് പകകൊണ്ടും പ്രതികാരം കൊണ്ടുമല്ല, സഹനം കൊണ്ടും സഹിഷ്ണുത കൊണ്ടുമാണ്. അതുകൊണ്ടാണ് കാലത്തിൻ്റെ ചുമരുകളിൽ ഞങ്ങൾ കൊത്തിവച്ച ആ ലിപികൾ ഇപ്പോഴും മായാതെ കിടക്കുന്നത്.
രാജൻ കിണറ്റിങ്കര
March 05, 2025