മലയാളത്തിലെ വാണിജ്യ സിനിമകളുടെ ചരിത്രത്തിൽ നാഴികക്കല്ലാകും മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്തോരുക്കിയ എമ്പുരാൻ .
ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ പ്രവർത്തി ദിവസമായിട്ടും പലയിടത്തും വലിയ തിരക്കായിരുന്നു.
മുംബൈയിൽ ഹിന്ദിയിൽ അടക്കം അമ്പതോളം തീയേറ്ററുകളിലായാണ് ബ്രഹ്‌മാണ്ഡ മലയാള ചിത്രം പ്രദർശിപ്പിക്കുന്നത്.
സീവുഡ്‌സ് നെക്സസ് മാളിലെ സിനിപോളിസ്, ഡോംബിവ്‌ലി പലാവ എക്‌സ്പീരിയ മാളിലെ പിവിആർ സ്‌ക്രീനുകളിൽ ദിവസേന 12 ഷോകളുമായാണ് നഗരത്തിൽ ഏറ്റവും കൂടുതൽ പ്രദർശനം നടക്കുന്നത്.
മുംബൈയിലെ തീയേറ്ററുകളിൽ നിന്നെല്ലാം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫറിൽ കണ്ട മാസ്സ് സീനുകൾ കാണാനായില്ലെന്ന നിരാശയാണ് ആദ്യ ഷോ കാണാൻ ആവേശത്തോടെയെത്തിയ ചിലരെങ്കിലും പങ്ക് വച്ചത്. എന്നാൽ ഹോളിവുഡ് ചിത്രങ്ങൾക്ക് സമാനമായ ദൃശ്യ വിസ്മയമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. വില്ലനെ അവതരിപ്പിച്ച രീതിയും നിലനിർത്തിയ സസ്‌പെൻസും ഗംഭീരമായെന്നാണ് രഞ്ജൻ പ്രമോദ് പറയുന്നത്. റിലീസിന് മുൻപ് വലിയ ഊഹാപോഹങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരിക്കുന്നത് .
മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഇടവേള വരെ സ്ലോ പേസിലാണ് പുരോഗമിക്കുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മേക്കിങ് സ്റ്റൈലാണ് പൃഥ്വിരാജ് പ്രകടമാക്കിയതെന്നും പണി അറിയാവുന്ന സംവിധാകയനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണെന്നും മുംബൈയിൽ ഐ ടി പ്രൊഫഷണലായ സൂരജ് മേനോൻ പറയുന്നു. മലയാള സിനിമയിൽ ഇത്തരമൊരു പരീക്ഷണത്തിന് തുനിഞ്ഞ മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് ടീമിനെ സൂരജ് അഭിനന്ദിച്ചു.
എന്നാൽ എമ്പുരാനിലെ ഖുറേഷി എബ്രഹാമിന് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പിള്ളി പകർന്നാടിയ മാസ് അപ്പീലിനൊപ്പം എത്താനായില്ലെന്നാണ് മുംബൈയിൽ സ്ത്രീ പ്രേക്ഷകർ അടക്കമുള്ളവരുടെ പ്രതികരണങ്ങളും പ്രകടമാക്കുന്നത്.
എമ്പുരാൻ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഓക്കേ, നല്ലതായിരുന്നു, കൊള്ളാം, ഒരു പ്രാവശ്യം കാണാം തുടങ്ങിയ പ്രതികരണങ്ങളായിരുന്നു കൂടുതലായും ലഭിച്ചത്. ലൂസിഫറിന് മേലെ നിൽക്കുമോ എന്ന ചോദ്യത്തിനും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു . ലൂസിഫറിലെ പഞ്ച് ഡയലോഗുകളും മാസ് സീനുകളും എമ്പുരാനിൽ കാണാനായില്ലെന്നാണ് മോഹൻലാൽ ആക്ഷൻ സിനിമകളുടെ കടുത്ത ആരാധകരുടെ നിരാശ.
എന്നാൽ മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ ഭൂരിഭാഗം പ്രേക്ഷകരും പങ്ക് വച്ചത്. മികച്ച ആക്ഷൻ രംഗങ്ങളും സാങ്കേതിക മേന്മയുമാണ് എമ്പുരാനെ വേറെ ലെവലിൽ എത്തിച്ചത്. പുഷ്പ 2 ഫോർമുല തന്നെയാണ് പ്രീ റിലീസ് പബ്ലിസിറ്റിയിലൂടെ എമ്പുരാനും പ്രവർത്തികമാക്കിയത്. ചിത്രം തീയേറ്ററുകളിൽ എത്തും മുൻപ് തന്നെ മുടക്കുമുതലിന്റെ വലിയൊരു ഭാഗം തിരിച്ചു പിടിക്കാനായതും അമിത പ്രചാരണ തന്ത്രങ്ങളാണ്.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയാണ് കൊച്ചിയിലെ കവിതാ തീയേറ്ററിൽ ആദ്യ പ്രദർശനം കാണാനെത്തിയത്. നിർമ്മാണ പങ്കാളിയായ ഗോകുലം ഗോപാലൻ അടക്കം മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങി ആരാധകരും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് എത്തിയതെന്ന പ്രത്യേകതയും എമ്പുരാന് സ്വന്തം.
റിലീസിന് മുമ്പേ മലയാള സിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാന്‍’ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.