കഴിഞ്ഞ വർഷം ഇന്ത്യക്കാർ മൊബൈലിൽ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറുകളാണത്രെ. ഇവരൊക്കെ എപ്പോൾ ഭക്ഷണം കഴിച്ചു കാണും, എപ്പോൾ ഉറങ്ങിക്കാണും, എപ്പോൾ പല്ല് തേപ്പും കുളിയും ചെയ്തിരിക്കും എന്നാരും വ്യാകുലപ്പെടേണ്ട, കാരണം ഇപ്പോൾ കുളിമുറിയിൽ പോകുന്നത് പോലും മൊബൈലുമായാണ് . അതിനാലാണ് ഇപ്പോൾ കമ്പനികൾ വാട്ടർപ്രൂഫ് മൊബൈലുകൾ വിപണിയിൽ ഇറക്കുന്നത്. പിന്നെ ഭക്ഷണത്തിൻ്റെ കാര്യം, ഒരു വിധം ആളുകളൊക്കെ ഇപ്പോൾ മൊബൈലിൽ വരുന്ന ഗോസിപ്പുകൾ കഴിച്ച് വിശപ്പകറ്റുന്നവരാണ്. ഭക്ഷണത്തേക്കാൻ രുചി അവർക്ക് ഗോസിപ്പുകളിലാണ് . പിന്നെ ഉറക്കം, സ്ലീപ്പ് മോഡ് മൊബൈലിലേ ഉള്ളു , ഉപയോഗിക്കുന്ന വരിലില്ല.
കേരളത്തിൽ അവസാന ദിവസത്തെ പരീക്ഷ എഴുതാൻ വന്ന ഒരു സ്കൂൾ കുട്ടിയുടെ ബാഗിൽ നിന്ന് മദ്യക്കുപ്പി കിട്ടിയത്രെ. പണ്ട് പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ പരസ്പരം ചോദിച്ചിരുന്നത് “എങ്ങനെയുണ്ടായിരുന്നു, എളുപ്പായിരുന്നോ ” എന്നൊക്കെയായിരുന്നു. ഇപ്പോൾ “എങ്ങനെയുണ്ട്, ഏതാ ബ്രാൻ്റ് ” എന്നാണ് ചോദിക്കുന്നത്.
സിനിമ എന്നത് ക്യാമറ കൊണ്ടും സാങ്കേതിക വിദ്യകൾ കൊണ്ടും തീർക്കുന്ന അമാനുഷികവും അസ്വാഭാവികവും അയുക്തിപരവുമായ കുറെ പ്രകടനങ്ങളായി മാറിയിരിക്കുന്നു. അതിനെ നമ്മൾ പാൻ ഇന്ത്യ എന്നൊക്കെ വാഴ്ത്തും. സിനിമ കണ്ടിറങ്ങുമ്പോൾ സന്തോഷത്തിൻ്റെതായാലും സങ്കടത്തിൻ്റേതായാലും നമ്മുടെ കൺകോണുകളിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഉത്തമസിനിമ . ശ്രീനിവാസനും സത്യൻ അന്തിക്കാടുമൊക്കെ അത്തരം ഒരു പാട് അനുഭവങ്ങൾ നമുക്ക് നൽകിയിട്ടുണ്ട്.
കേരളത്തിൽ ഇപ്പോൾ വിശപ്പ് കൊണ്ട് ആരും മോഷ്ടിക്കാറില്ല എന്നതാണ് പുറത്ത് വരുന്ന വാർത്തകൾ പറയുന്നത്. മോഷണവും കൊലപാതകങളും മദ്യത്തിൻ്റെയും ലഹരിയുടേയും പേരിൽ മാത്രമാണ് . പച്ചക്കറിയുടേയും പഴവർഗ്ഗങളുടേയും ഒക്കെ കാര്യത്തിൽ മലയാളിക്ക് ഒരു ശീലമുണ്ടായിരുന്നു, അതത് സീസണുകളിൽ സുലഭമായത് ഉപയോഗിക്കുകയും നാളേക്ക് സൂക്ഷിച്ചു വയ്ക്കുകയും . ഇപ്പോൾ ഇവയൊന്നും ഒരു കാലത്തും കേരളത്തിൽ സുലഭമല്ലെങ്കിലും ഏത് കാലത്തും പഞ്ഞമില്ലാതെ മദ്യം കിട്ടുന്നുണ്ട്. അത് കൊണ്ട് അത് ഉപയോഗിച്ചു കളയാം എന്നാളുകൾ തീരുമാനിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
ആന സംസ്കാരത്തിൻ്റെ ഭാഗമാണ് എന്നാണ് ആന എഴുന്നള്ളിപ്പിനെ പറ്റിയുള്ള വിധിയിൽ കോടതി പറഞ്ഞിരിക്കുന്നത്. അല്ലെങ്കിലും ആനയ്ക്ക് ഒരു സംസ്കാര കുറവും ഇല്ല . സാത്വികൻ, ശുദ്ധ വെജിറ്റേറിയൻ , ഭൂമിയോളം ക്ഷമയുള്ളവൻ. പിണ്ഡം ഇടുന്നതിൽ പോലും മറ്റു മൃഗങ്ങളെ അപേക്ഷിച്ച് സ്വന്തം ഐഡൻ്റിറ്റി സൂക്ഷിക്കുന്ന മൃഗം. ചില പാപ്പാൻമാർക്ക് സംസ്കാരം കുറയുമ്പോഴാണ് ആനകൾ പ്രശ്നക്കാരാകുന്നത്.
ഇപ്പോൾ ലഹരിക്കെതിരെ കൊണ്ടു പിടിച്ച ചർച്ചകളും സെമിനാറുകളും നടക്കുകയാണ് നാട്ടിൽ . പക്ഷെ, ലഹരി ഉപയോഗിക്കുന്ന ഒരുത്തനും ഈ സെമിനാറിലോ ചർച്ചയിലോ പങ്കെടുത്തിട്ടുണ്ടാവില്ല. പിന്നെങ്ങനെ ഇതിന് ഫലം കിട്ടും ? ബ്ലോക്ക് ചെയ്ത നമ്പറിലേക്ക് മെസേജയക്കുന്ന പോലെ മാത്രം .
രാജൻ കിണറ്റിങ്കര