മാനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ കായിക മേള 2025 മാർച്ച് മാസം 30ന് കാമോത്തേ സെക്ടർ പതിനൊന്നിലുള്ള സുഷമ പാട്ടീൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. വിണ്ണിലെ കത്തുന്ന സൂര്യനെ തോൽപ്പിച്ച മണ്ണിലെ താരങ്ങൾ ആയിരങ്ങളുടെ കരഘോഷം ഏറ്റു വാങ്ങിയാണ് മടങ്ങിയത്.
ആറര മണിക്ക് തന്നെ കായിക മേളയ്ക്കുള്ള രെജിസ്‌ട്രേഷൻ മേള കൺവീനർ ശ്രി ചന്ദ്രൻ മാടത്തുംകരയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ത്യൻ നേവൽ വെറ്ററൻ അത്ലറ്റ് പ്രേമാനന്ദ് തൈക്കാണ്ടി മുഖ്യാതിഥിയായിരുന്നു. 1981 നേവൽ സ്പോർട്സ് മീറ്റിലെ ഏറ്റവും വേഗം കൂടിയ താരവും 1981 മുതൽ 1986 വരെ ഇൻറ്റർ സർവീസെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും കൂടാതെ 1982 ൽ ന്യൂഡൽഹിയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസ് 4 X 100 മീറ്റർ റിലേയിലേക്ക് സെലക്ഷൻ ട്രയലിലും പങ്കെടുത്തിട്ടുള്ള താരമാണ് പ്രേമാനന്ദ് തൈക്കാണ്ടി. സെക്രട്ടറി എൻ ബി ശിവപ്രസാദ് സ്വാഗത പ്രസംഗം നടത്തി.
സമാജം പ്രസിഡണ്ട് സി പി ജലേഷ് മേളയുടെ പതാക മുഖ്യാതിഥിക്ക് കൈമാറി.
മുഖ്യാതിഥി മേള ഉൽഘാടനം ചെയ്തു. മാർച്ച്പാസ്റ്റിനു ശേഷം തുടർന്ന് വിവിധ ഗ്രൂപ്പുകളിലായി അറുപതില്പരം കായികതാരങ്ങൾ മേളയിൽ മാറ്റുരച്ചു. പ്രായഭേദമന്യേ ആറ് വയസ്സുമുതൽ അറുപതു വയസ്സ് വരെയുള്ള കായിക താരങ്ങൾ മേളയിൽ പങ്കെടുത്തത് കൗതുകമായി.
പുരുഷ വിഭാഗത്തിൽ മാസ്റ്റർ കൃതിക് ഗോകുൽദാസും മാസ്റ്റർ ആയുഷ് ശശികുമാറും വ്യക്തിഗത ചാമ്പ്യന്മാരായി. മാസ്റ്റർ കൃതിക് ഗോകുൽദാസ് തുടർച്ചയായി മൂന്നാം വർഷവും തന്റെ വ്യക്തിഗത ചാമ്പ്യൻപട്ടം നിലനിർത്തി. സ്ത്രീകളുടെ വിഭാഗത്തിൽ മിസ് ആരാധ്യ രാധാകൃഷ്ണൻ വ്യക്തിഗത ചാമ്പ്യനായി. തുടർന്ന് മെഡലും സെർട്ടിഫിക്കറ്റ് വിതരണവും നടന്നു.
സമാജം ട്രഷറർ ഗോകുൽ ദാസ്, സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ലീന പ്രേമാനന്ദ്, വത്സല കുറുപ്പ് , ലിജി രാധാകൃഷ്ണൻ, രാധാകൃഷ്ണൻ, സന്തോഷ്, പ്രേമനാഥൻ , ദിലീപ്, മോഹൻദാസ് തുടങ്ങിയവർ മേളയ്ക്ക് നേതൃത്വം നൽകി. പ്രേമാനന്ദ് തൈക്കാണ്ടി നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടു കൂടി മേള സമാപിച്ചു.