ബോളിവുഡിൽ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളിൽ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം ‘റൈഫിള്‍ ക്ലബ്’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ദയാനന്ദ് ബാരെ എന്നാണ് അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചലച്ചിത്രസംവിധായകനും നടനും നിർമാതാവുമായ അനുരാഗ് കശ്യപ് ഇതാദ്യമായാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. മലയാള സിനിമ മേഖലയിലെ നിർമ്മാണ രീതിയും പരസ്പര ബഹുമാനവും സഹകരണവും വേറിട്ട അനുഭവമായിരുന്നുവെന്നാണ് അനുരാഗ് പറയുന്നത്.
ബോളിവുഡിൽ നേരിടുന്ന സൃഷ്ടിപരമായ പ്രതിസന്ധി മറികടക്കാനാണ് ദക്ഷിണേന്ത്യൻ സിനിമയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി.
മുംബൈ വിടുകയാണെന്നും കേരളത്തിലേക്ക് ചേക്കേറാനാണ് പദ്ധതിയെന്നും കശ്യപ് സൂചിപ്പിച്ചു.
കേരളത്തിൽ താൻ നേരിട്ട സഹകരണ മനോഭാവവും സൃഷ്ടിപരമായ സ്വാതന്ത്ര്യവും ബോളിവുഡിൽ ചിന്തിക്കാൻ പോലും കഴിയില്ല. ‘റൈഫിൾ ക്ലബ്ബുമായി’ മലയാള സിനിമയിൽ പ്രവർത്തിച്ച സമീപകാല അനുഭവം പങ്ക് വച്ച് കശ്യപ് പറഞ്ഞു.
ഹിന്ദി ചലച്ചിത്ര വ്യവസായത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതിനിടയിൽ മലയാള സിനിമയോടുള്ള തൻ്റെ അഗാധമായ ആരാധനയും ചലച്ചിത്ര പ്രവർത്തകൻ പങ്കിട്ടു.
ബോളിവുഡിലെ കോർപ്പറേറ്റ് സ്വാധീനത്തിലുള്ള തൻ്റെ നിരാശയും സംവിധായകൻ തുറന്നു പറഞ്ഞു. താരജാഡയിലാണ് ബോളിവുഡ് കുടുങ്ങി കിടക്കുന്നതെന്നും ഏജന്റുമാരാണ് പ്രമേയം തീരുമാനിക്കുന്നതെന്നും കശ്യപ് ആശങ്കപ്പെട്ടു.
സിനിമ ആരംഭിക്കുന്നതിനു മുൻപ് തന്നെ എങ്ങനെ വിൽക്കാം എന്നതിനെക്കുറിച്ചാണ് ബോളിവുഡ് ചിന്തിക്കുന്നത്. സിനിമാനിർമാണത്തിന്റെ സന്തോഷം അതോടെ ചോർന്നുപോകും. അതുകൊണ്ടാണ് മുംബൈയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുമയുള്ളതും പരീക്ഷണാത്മകവുമായ മമ്മൂട്ടി ചിത്രങ്ങൾ വിസ്മയിപ്പിച്ചുവെന്നും ബോളിവുഡിൽ ഏതെങ്കിലും താരങ്ങൾ ഇത്തരം പരീക്ഷണങ്ങൾക്ക് തയ്യാറാകുമോയെന്നും കശ്യപ് ചോദിക്കുന്നു.
വ്യത്യസ്തമായ ആഖ്യാനങ്ങൾ പ്രദർശിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്‌സ്’ പോലുള്ള സിനിമകൾ ബോളിവുഡിൽ ഒരിക്കലും സംഭവിക്കില്ലെന്നും കശ്യപ് പറഞ്ഞു.