ഇത് ടൂറിസം പ്രമോട്ട് ചെയ്യാൻ വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഈ വാക്കിലുള്ള ആകർഷണം തന്നെയാണ് കേരളത്തിന് ലോകഭൂപടത്തിൽ സ്ഥാനം പിടിക്കാൻ ഇതുവരേയും സാധിച്ചത് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇന്ന് സ്ഥിതി മാറി.
കേരളം ദൈവത്തിന്റെ മാത്രമല്ല ഒരുപാട് “ദൈവദൂതന്മാരുടെ നാട് കൂടിയാണെന്ന്” കഴിഞ്ഞ പ്രളയകാലത്തും നിപ്പ പോലുള്ള മഹാമാരി കാലത്തും നാം തെളിയിച്ചു കഴിഞ്ഞു. നാം മരണത്തെ മുഖാമുഖം കാണുമ്പോൾ നമ്മുടെ മുന്നിൽ സഹായഹസ്തവുമായി എത്തുന്നവർ ആരായാലും അവരെ ദൈവദൂതന്മാർ എന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടത് ?
ശ്മശാനത്തിൽ “ടോക്കൺ” എടുത്ത് കാത്തിരിക്കേണ്ട ദുരവസ്ഥ തികച്ചും അവിശ്വസനീയമായിരിക്കാം
ആ അർത്ഥത്തിൽ കൊറോണ മഹാമാരി കാലത്ത് രോഗവ്യാപന സാധ്യത മുൻകൂട്ടി മനസ്സിലാക്കി അതിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന കേരളത്തിന്റെ ഭരണാധികാരികളെ “ദൈവസമാനരായി” കാണുന്നതിൽ എന്താണ് തെറ്റ് ? ഇവിടെ നാം തിരിച്ചറിയേണ്ടത് ജനങ്ങളെ ഭരിക്കുന്നവരല്ല മറിച്ച് ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്നവരാണ് യഥാർത്ഥ ഭരണാധികാരികൾ എന്നാണ്.
കോവിഡ് രണ്ടാംതരംഗം അതിഭീകരമായ രൂപത്തിൽ ലോകത്തെല്ലായിടത്തും പ്രത്യേകിച്ച് ഇന്ത്യയിൽ സംഹാര താണ്ഡവമാടുന്ന സമയം. ഒട്ടനവധി ജീവനുകളാണ് പ്രാണവായു കിട്ടാതെ നിത്യേനയെന്നോണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടഞ്ഞു വീഴുന്നത്. ശ്മശാനത്തിൽ “ടോക്കൺ” എടുത്ത് കാത്തിരിക്കേണ്ട ദുരവസ്ഥ തികച്ചും അവിശ്വസനീയമായിരിക്കാം.
ഓർക്കുക ഇന്നത്തെ പോലെ അതീവ ഗുരുതരമായ സാഹചര്യം ഇല്ലാത്തപ്പോൾ പോലും ഏതാണ്ട് അറുപതിലധികം പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ പ്രാണവായു നൽകാൻ കഴിയാത്തതിന്റെ പേരിൽ നമ്മുടെ രാജ്യത്ത് പൊലിഞ്ഞു പോയിട്ടുണ്ട്. ഈ അവസരത്തിൽ ഇത് ഓർത്തുപോയി എന്നേ ഉള്ളു.
അല്പം പ്രാണുവായുവിന് വേണ്ടി തങ്ങളുടെ പ്രിയപ്പെട്ടവരേയും കൊണ്ട് നിരവധിയായ ആശുപത്രികളുടെ വരാന്തയിൽ കയറിയിറങ്ങുന്ന നിസ്സഹായരായ മനുഷ്യരുടെ കാഴ്ച മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന താണ്.
മരണം മഞ്ചലുമായി വരുമ്പോൾ പ്രാണവായുവിൻ കണികകൾക്ക് വേണ്ടി കേഴുന്ന ജനങ്ങൾക്ക് മുന്നിൽ നിസ്സംഗതയോടെ ഭരണകർത്താക്കൾ നോക്കിനിൽക്കുമ്പോൾ ….
പിന്നെയും നമ്മൾ പറയുന്നു “മേള” നടത്തണമെന്ന് …. ആചാരാനുഷ്ഠാനങ്ങൾ തെറ്റിക്കരുതെന്ന് !
ആചാരം തെറ്റിക്കാതിരിക്കാൻ വേണ്ടി ഈ മഹാമാരി കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ തികച്ചും കാറ്റിൽ പറത്തി ഏകദേശം 31 ലക്ഷത്തിലധികം ആളുകൾ ഒരൊറ്റ ദിവസം ഹരിദ്വാറിൽ മുങ്ങിക്കുളിച്ച ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ 10 കോടി ഡോസ് വാക്സിൻ കുത്തിവെക്കാൻ ഏകദേശം 90 ദിവസം എടുത്തു എന്ന് പറയുമ്പോൾ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് നമ്മുടെ ഭരണാധികാരികൾ നൽകുന്ന പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
നാളിതുവരെ സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ നയം പിന്തുടരുന്ന സ്വതന്ത്ര ഇന്ത്യയിൽ ഈ മഹാമാരി കാലത്ത് ജനങ്ങളെ പലതട്ടുകളിലാക്കി വാക്സിനേഷന് പോലും കാശ് ഈടാക്കുന്നത് ഏത് ദേശസ്നേഹത്തിന്റെ പേരിലാണ് ?
വൺ ഇന്ത്യ വൺ പെൻഷൻ എന്ന് കൊട്ടിഘോഷിച്ച് തെരഞ്ഞെടുപ്പ് കാലത്ത് (കേരളത്തിൽ മാത്രം!) പൊങ്ങി വരുന്ന ചില സംഘടനകളും, ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളെ പുച്ഛിച്ച് തള്ളി ഞങ്ങൾ അധികാരത്തിൽ വന്നാൽ തേനും പാലും ഒഴുക്കും എന്ന് പറയുന്ന 20-ട്വന്റി പോലുള്ള “അരാഷ്ട്രീയ”(?) കോർപ്പറേറ്റ്കൾക്കും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. കാരണം അവരുടേയൊന്നും ആത്യന്തിക ലക്ഷ്യം അടിസ്ഥാനവർഗ്ഗത്തിന്റെ താൽപര്യ സംരക്ഷണം അല്ല എന്നത് തന്നെ.
മഹാമാരി കാലത്ത് അതിർത്തികൾ മണ്ണും മുള്ളുവേലിയും ഇട്ടടച്ച് വഴി തടസ്സപ്പെടുത്തിയ അതേ ആളുകളുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി പ്രാണവായു എത്തിക്കുന്ന കേരളസർക്കാരിനെ
“മനുഷ്യ സ്നേഹമേ, മനുഷ്യ സ്നേഹമേ,
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം”
എന്ന കവിവാക്യത്തിലൂടെയല്ലാതെ എങ്ങിനെയാണ് ഓർക്കുക ?
“എത്തേണ്ടതാമിടത്തെത്തിയാലും ശരി
മധ്യേ മരണം വിഴുങ്ങിയാലും ശരി
മുന്നോട്ടു തന്നെ നടക്കും വഴിയിലെ
മുള്ളുകളൊക്കെച്ചവുട്ടിമെതിച്ചു ഞാൻ;
പിന്നാലെ വന്നിടും പിഞ്ചു പദങ്ങൾക്ക്
വിന്യാസവേളയിൽ വേദന തോന്നൊലാ.”
ഏത് മഹാമാരിക്ക് മുന്നിലും തോൽക്കാതെ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് എടുത്താൽ അത് വരും തലമുറക്ക് അപകടം സൃഷ്ടിച്ചേക്കാം എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ഇന്ത്യയിലെ മിക്കവാറും എല്ലായിടത്തും കൊറോണ ചികിത്സക്കായി ജനങ്ങൾ വൻതുക ചിലവാക്കാൻ നിർബന്ധിതരാകുമ്പോൾ കേരളത്തിൽ അത് തികച്ചും സൗജന്യമാണ്. കൂടാതെ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയും കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ഏർപ്പെടുത്തിയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടില്ലെന്ന് പ്രഖ്യാപിക്കാൻ കേരളത്തിലെ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തീക്ഷ്ണമായ അനുഭവങ്ങളുടെ മൂശയിൽ ഉരുക്കിയെടുത്ത “ഇച്ഛാശക്തി” കൊണ്ട് തന്നെയാണ്.
“ഒരു കണ്ണീര്‍ക്കണം
മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍
മറ്റുള്ളവര്‍ക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നൂ നിത്യനിര്‍മ്മല പൗര്‍ണ്ണമി“
വിശ്വമാനവികതയുടെ ഉദാത്തമായ സ്നേഹം ആവാഹിച്ചെടുത്ത ഈ കവിതയുടെ പ്രായോഗികവൽക്കരണമാണ് മേൽപറഞ്ഞ ‘ഇച്ഛാശക്തി’യിലൂടെ നാം അനുഭവിച്ചറിഞ്ഞത്.
സൗജന്യ വാക്സിൻ കേന്ദ്രം നിഷേധിച്ചു എന്ന വാർത്ത വരുന്ന അവസരത്തിലും കേരളത്തിൽ തികച്ചും സൗജന്യമായി തന്നെ വാക്സിൻ വിതരണം ചെയ്യും എന്ന് കേരള സർക്കാർ അർത്ഥശങ്കക്കിടയില്ലാത്ത തരത്തിൽ പ്രഖ്യാപിച്ചപ്പോൾ അതിനുള്ള പണം കണ്ടെത്താൻ പ്രത്യേകിച്ച് ഒരു ആഹ്വാനവും ഇല്ലാതെ മലയാളികൾ അത് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത്,
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ-
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും“
എന്ന ഈരടികളുടെ ആശയം ഉൾക്കൊണ്ട് കൊണ്ട് തന്നെയാണ്.
ഇന്ത്യയിലെ മിക്കവാറും പ്രധാന നഗരങ്ങളിലെല്ലാം ഓക്സിജൻ ക്ഷാമം അതിരൂക്ഷമായിരിക്കെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഓക്സിജൻ ചോർന്ന് ഇരുപത്തിരണ്ടോളം ഹതഭാഗ്യരായ രോഗികൾ പ്രാണവായു കൺമുന്നിലുണ്ടായിട്ടും ശ്വസിക്കാൻ കിട്ടാതെ പിടഞ്ഞു മരിച്ചപ്പോൾ അത് വെറും “കൈപ്പിഴ വന്നതിന്റെ ഗ്രഹപ്പിഴ” മാത്രമായി എഴുതിത്തള്ളേണ്ട ഒന്നാണോ ?
ഇവിടെയാണ് കേരളത്തിന് അനുവദിച്ച വാക്സിൻ ഒരുതുള്ളി പോലും പാഴാക്കാതെ (zero wastage) ഉപയോഗപ്പെടുത്തിയ നമ്മുടെ സ്വന്തം “മാലാഖമാരെ” (നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും) നാം അഭിനന്ദിക്കേണ്ടത്.
“സ്നേഹമാണഖിലസാരമൂഴിയിൽ”
നിരവധി നവോത്ഥാന നായകന്മാരും മഹാകവികളും
നമുക്ക് പകർന്നു തന്ന സ്നേഹത്തിന്റേയും മാനവികതയുടെയും സന്ദേശം ഉൾക്കൊള്ളാൻ കഴിഞ്ഞത് തന്നെയാണ് മലയാളികളുടെ മുന്നോട്ടുള്ള ഓരോ ചുവട് വെപ്പിന്റേയും കരുത്ത്.
ഈ കരുത്തിൽ സ്വന്തം ജനതയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഒരു മഹാമാരിക്ക് മുന്നിലും തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് പറയുന്ന കരളുറപ്പുള്ള ഭരണാധികാരികൾ കേരളം ഭരിക്കുമ്പുൾ “കേരളം ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല” ഇവിടെ മാനവികതയുടെ ദൈവങ്ങൾ പുനർജനിക്കുന്ന നാടായി മാറുകയാണ്.
അതെ, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വിത്ത് പാകാൻ സ്നേഹം ഉഴുതി മറിച്ച ഈ മണ്ണിൽ പറ്റില്ല.
ഭാരതമെന്ന പേർ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളിൽ!
രാധാകൃഷ്ണൻ ടിവി
കുഞ്ഞിമംഗലം
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു
- മുംബൈ നീലാംബരി സാംസ്കാരിക വേദിയുടെ അവാർഡ് നിശ
- സിൽവർ ജൂബിലി നിറവിൽ സീൽ ആശ്രമം
- മഹാരാഷ്ട്ര ഇങ്ങെടുക്കണം; തൃശൂർ ശൈലി ആവർത്തിച്ച് സുരേഷ് ഗോപി മുംബൈയിൽ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ സമൂഹ വിവാഹത്തിന് വേദിയൊരുക്കി കേരളീയ സമാജം
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി