മുംബൈ: സംഘ ശതാബ്ദിയോടനുബന്ധിച്ച് രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ ഭാരത് ഭാരതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാനഗരത്തിൽ രണ്ട് സ്ഥലങ്ങളിലായി കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. നവി മുംബൈ നെരൂളിലെ മാതാ അമൃതാനന്ദമയി മഠം ഹാളിൽ മാർച്ച് 14 ശനിയാഴ്ചയും മാട്ടുംഗയിലെ എസ്.ഐ.ഇ.എസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മാർച്ച് 15 ഞായറാഴ്ചയുമായിരുന്നു പരിപാടികൾ.
സംഘത്തിന്റെ മുംബൈയിലെയും നവി മുംബൈയിലെയും പ്രവർത്തകർ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കുടുംബാംഗങ്ങളോടൊപ്പം പരിപാടികളിൽ പങ്കെടുത്തു. നൂറുകണക്കിന് പേർ സംബന്ധിച്ച സംഗമങ്ങളിൽ ഭാരത് ഭാരതി പ്രമുഖ് എ.ആർ. ഗോകുൽദാസ് അധ്യക്ഷനായി. കമലേഷ് പട്ടേൽ, രവീന്ദ്ര സാംഘ്വി, വിലാസ് ഭഗവത് എന്നിവർ സംബന്ധിച്ചു.

സംഘ ശതാബ്ദിയോടനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രവർത്തകർക്ക് വിലാസ് ഭഗവത് നിർദ്ദേശങ്ങൾ നൽകി. ഭാരത് ഭാരതി നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എ.ആർ. ഗോകുൽദാസ് വിശദീകരിച്ചു. സംഘ ശതാബ്ദിയുടെ സന്ദേശം ഓരോ മലയാളിയിലും എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നെരൂളിലെ മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി അമയാ മൃതാനന്ദജി, ഹിന്ദു ജാഗരൺ മഞ്ച് കോശാധ്യക്ഷൻ പി. സുരേഷ് ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു.

കുടുംബ സംഗമങ്ങൾ സി. സദാനന്ദൻ മാസ്റ്റർ എം.പി ഉദ്ഘാടനം ചെയ്തു. ആശയ പ്രതിബദ്ധതയും നിഷ്ഠാപൂർവ്വമായ പ്രവർത്തനവുമാണ് സംഘത്തെ ലോകത്തിൽ അദ്വിതീയമാക്കിയതെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. നിസ്വാർത്ഥ സേവനവും സേവാസന്നദ്ധതയും സംഘത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തി നിർമ്മാണത്തിലൂടെ സാമൂഹ്യ ശാക്തീകരണവും അതുവഴി രാഷ്ട്ര നവോത്ഥാനവും സാധ്യമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിൽ നടക്കുന്ന സമൂലമായ മാറ്റങ്ങൾ രാജ്യത്തെ ലോകഗുരുസ്ഥാനത്ത് എത്തിക്കുമെന്നും ഇനിയുള്ള കാലം ഭാരതത്തിന്റേതായിരിക്കുമെന്നും ഉദാഹരണങ്ങൾ സഹിതം അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതുമുതൽ മോദി സാധാരണ പ്രവർത്തകരോടും കരുതലും പിന്തുണയും കാണിക്കുന്നുവെന്ന തന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
മുംബൈ മേഖലയിലെ വിവിധ പരിവാർ സംഘടനകളും സാമൂഹ്യ–സാംസ്കാരിക സംഘടനകളും സദാനന്ദൻ മാസ്റ്ററെ ആദരിച്ചു. നെരൂളിൽ വിനോദും മാട്ടുംഗയിൽ പ്രസാദും പരിപാടികൾ നിയന്ത്രിച്ചു. വന്ദേമാതരം ആലാപനത്തോടെ പരിപാടികൾ സമാപിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
