- പി.ആര്‍. കൃഷ്ണന്‍ –
2026 മാര്‍ച്ച് 3-ന് കോഴിക്കോട് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടായതില്‍ മുന്‍കാല ബോംബെയ്ക്കും പ്രധാനമായ സ്ഥാനമാണുള്ളത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായത് ലോകപ്രസിദ്ധ പത്രാധിപരായിരുന്ന ആര്‍.കെ. കരഞ്ച്യയുടെ നേതൃത്വത്തില്‍ 1950-കളില്‍ മുംബൈയില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘ബ്ലിറ്റ്‌സ്’ എന്ന ഇംഗ്ലീഷ് വാരികയുടെ റിപ്പോര്‍ട്ടര്‍ ആയി ആ പതിറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്ന വസ്തുതയുമാണ്. മൊറാര്‍ജി ദേശായിയും യശ്വന്ത് റാവു ചവാനും മുഖ്യമന്ത്രിമാരും എസ്.കെ. പാട്ടീലും ജി.പി. നായരും ബോംബെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബി പി സി സി) യുടെ പ്രസിഡന്റും ഖജാന്‍ജിയുമായുള്ള കാലഘട്ടമായിരുന്നു അത്.
കോണ്‍ഗ്രസിലേക്കായിരുന്നു യുവാവായ കെ.പി. ഉണ്ണികൃഷ്ണന്റെ പ്രഥമ പ്രവേശനമെങ്കിലും 1950-കളില്‍ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ മുംബൈയില്‍ പടുത്തുയര്‍ത്തപ്പെട്ട മലയാളിസമാജങ്ങളുടെ പ്രവര്‍ത്തനങ്ങളുമായും പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബോംബെ കേരളീയ തൊഴിലാളി സേവാസംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ഈ ലേഖകന്‍ പത്രപ്രവര്‍ത്തകനായ കെ.പി. ഉണ്ണികൃഷ്ണനുമായി ബന്ധപ്പെടുന്നത്. ബ്ലിറ്റ്‌സ് സ്ഥാപനത്തില്‍തന്നെ അക്കാലത്ത് കറസ്‌പോണ്ടന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമൊത്ത് മാട്ടുംഗയിലെ ബോംബെ കേരളീയ സമാജത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ചയും പരിചയപ്പെടലും. ഈ സമാജത്തിന്റെ മുന്‍കാല പ്രസിഡന്റുമാര്‍ ആയിരുന്ന ഡോ. വി. ഗോപാലന്‍, എ.പി. നാരായണന്‍, പാപ്പനംകോട്ട് പ്രഭാകരന്‍, കവി കൃഷ്ണന്‍ പറപ്പള്ളി മുതലായവരെല്ലാം സമാജത്തിലുണ്ടായിരുന്ന ഒരു ദിവസമായിരുന്നു അത്. ഉണ്ണികൃഷ്ണനെ ഓര്‍ക്കുമ്പോള്‍ ആ ദിവസം എപ്പോഴും ഓര്‍മയില്‍ തെളിഞ്ഞുതന്നെ നില്‍ക്കുന്നു.
ബ്ലിറ്റ്‌സ് റിപ്പോർട്ടറായി ബോംബെയിൽ നേടിയ അനുഭവങ്ങളാണ് ഉണ്ണികൃഷ്ണന്റെ ദേശീയ രാഷ്ട്രീയ യാത്രയ്ക്ക് അടിത്തറയായത്
മുംബൈയില്‍ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ജ്വലിച്ചുനിന്ന കാലമായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ പതിറ്റാണ്ടുകള്‍. അതുപോലെ നെഹ്‌റുവിയന്‍ കാലഘട്ടത്തിലെ സാമ്രാജ്യത്വവിരുദ്ധ നയത്തിന്റെ ഭാഗമായ ചേരിചേരാനയം, ശീതയുദ്ധത്തിനെതിരായുള്ള സമീപനം, പട്ടാള ഉടമ്പടികള്‍ക്കെതിരായ നിലപാട്, വര്‍ണവിവേചനത്തിന് എതിരായ സമരം, സാമ്രാജ്യത്വ അധിനിവേശത്തിന് എതിരായുള്ള സമരം, മഹാരാഷ്ട്രയ്ക്കും മറ്റു ഭാഷാസംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭം ലോകസമാധാനത്തിനു വേണ്ടിയുള്ള നയം മുതലായ വിഷയങ്ങളില്‍ ശക്തമായ വേരോട്ടമുള്ള കാലഘട്ടം കൂടിയായിരുന്നു മുംബൈയില്‍ ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച നാളുകള്‍.
ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളില്‍ അക്കാലത്തെ ബോംബെ മലയാളികള്‍ക്കും അവരുടെ സംഘടനകള്‍ക്കും വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മാത്രമല്ല ഇതുപോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തന്നെ ഉണ്ണികൃഷ്ണന്‍ പ്രതിനിധിയായിരുന്ന ബ്ലിറ്റ്‌സിന്റെയും അതിന്റെ പത്രാധിപര്‍ ആര്‍.കെ. കരഞ്ച്യയുടെയും പിന്തുണയും ഉണ്ടായിരുന്നുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. മുംബൈ ജീവിതത്തില്‍നിന്നും ലഭിച്ച ഈ അറിവും അനുഭവവും ഉണ്ണികൃഷ്ണന്റെ പില്‍ക്കാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതീവ സന്തോഷത്തോടെ ഈ ലേഖകനോടും ഉണ്ണികൃഷ്ണന്‍ അങ്ങനെ പറയാറുണ്ട്.
കേരളത്തിൽ നിന്ന് ഡൽഹിവരെ നീണ്ട രാഷ്ട്രീയയാത്രയുടെ ആദ്യ അധ്യായം എഴുതപ്പെട്ടത് മുംബൈയിലായിരുന്നു
മാത്രമല്ല, സരള രാമവര്‍മ, എ.ബി. നായര്‍, എടത്തട്ട നാരായണന്‍, ഹരിഹരന്‍ പൂഞ്ഞാർ, ടി.ജെ.എസ്. ജോര്‍ജ്, എം.പി. നാരായണ പിള്ള, പി.കെ. രവീന്ദ്രനാഥ് മുതലായവര്‍ ബോംബെ പത്രലോകത്ത് തിളങ്ങിനിന്നിരുന്നതായിരുന്നു ഉണ്ണികൃഷ്ണന്‍ ആ രംഗത്ത് തുടക്കം കുറിച്ച കാലം. ഇതിനു പുറമെ പി.ടി.ഐ, റൂയിട്ടര്‍, യു.എന്‍.ഐ. മുതലായ ന്യൂസ് ഏജന്‍സികളിലും ഓള്‍ ഇന്ത്യ റേഡിയോവിലും മലയാളിസാന്നിധ്യം നിറഞ്ഞുനിന്ന നാളുകള്‍ കൂടിയായിരുന്നു ഉണ്ണികൃഷ്ണന്റെ പത്രപ്രവര്‍ത്തനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ച നാളുകള്‍. അതുകൊണ്ടുതന്നെ ആരംഭകാലത്ത് ഈ പ്രഗത്ഭരുമായുണ്ടായ സമ്പര്‍ക്കം തനിക്ക് ഉത്തേജനമായി ഭവിച്ചുവെന്നും ഉണ്ണികൃഷ്ണന്‍ പറയാറുണ്ട്.
രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിന്നീട് ആസ്ഥാനം കേരളത്തിലേക്കും അതിനുശേഷം ഡല്‍ഹിയിലേക്കും മാറ്റിയതിനു ശേഷവും മുന്‍കാല ബോംബെയുമായുള്ള ബന്ധങ്ങള്‍ ഏറെക്കുറെ അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നുവെന്നത് ഉണ്ണികൃഷ്ണനിലെ സവിശേഷതയായിരുന്നു. കോണ്‍ഗ്രസുകാരനായിരുന്നപ്പോഴും ആ പാര്‍ട്ടി വിട്ട് വിമതചേരിയിലായിരുന്നപ്പോഴും മുംബൈയും മുംബൈക്കാരുമായുള്ള ബന്ധങ്ങള്‍ വ്യത്യാസമില്ലാതെ നിലനിര്‍ത്തിക്കൊണ്ടിരുന്നുവെന്നതും എടുത്തുപറയേണ്ടതുണ്ട്.
മുംബൈയുമായി ഉണ്ണികൃഷ്ണന് സ്ഥാപിക്കാന്‍ സാധിച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് 1962-ല്‍ ഈ നഗരത്തില്‍നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിച്ച മുന്‍ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മേല്‍നോട്ടത്തിനായി ഇന്ദിരാഗാന്ധി കെ.പി. ഉണ്ണികൃഷ്ണനെ ചുമതലയേല്‍പ്പിച്ചത്. ആചാര്യ ജെ.ബി. കൃപലാനിയായിരുന്നു കൃഷ്ണമേനോന്റെ എതിര്‍സ്ഥാനാര്‍ത്ഥി. രാജ്യത്തെ വലിയൊരു വിഭാഗം പിന്തിരിപ്പന്‍ പ്രതിലോമ ശക്തികളുടെയും വന്‍കിട ബിസിനസ്സുകാരുടെയും പത്രമാധ്യമങ്ങളുടെയും പിന്‍ബലത്തോടെയായിരുന്നു കൃപലാനിക്കു വേണ്ടിയുള്ള പ്രചാരണം. ബ്ലിറ്റ്‌സ് എഡിറ്റര്‍ ആര്‍.കെ. കരഞ്ച്യ ചെയര്‍മാനും ഡോ. എ.വി. ബാലിക കണ്‍വീനറുമായിരുന്ന കമ്മിറ്റിയാണ് വി.കെ. കൃഷ്ണമേനോനു വേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നത്. ഡോ. എ.പി. ജയരാമന്‍, ഡോ. എം.പി. പരമേശ്വരന്‍, ആര്‍.എസ്. നാമന്‍, ശ്രീമാന്‍ എന്ന കെ.എസ്. മേനോന്‍, ഇ.എസ്. ഗംഗാധരന്‍, പി.ആര്‍. കൃഷ്ണന്‍ മുതലായവര്‍ക്കു പുറമെ നിരവധി സിനിമാനടീനടന്മാരും പ്രമുഖ വ്യക്തികളും അടങ്ങുന്നതായിരുന്നു ആ കമ്മിറ്റി. ആ പോരാട്ടത്തിനു ശേഷം പിന്നീടു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിലും വി.കെ. കൃഷ്ണമേനോനു വേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കെ.പി. ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ ക്യാമ്പ് ചെയ്യുകയുണ്ടായി. ഇതുപോലുള്ള പല സന്ദര്‍ഭങ്ങളിലും ഉണ്ണികൃഷ്ണനും ഈ ലേഖകനും തമ്മില്‍ കാണുകയും സംസാരിക്കുകയും പതിവായിരുന്നു.
എവിടെ കണ്ടാലും മുംബൈയെക്കുറിച്ച് ചോദിച്ചറിയുന്ന ഒരു ‘ബോംബെവാല’ ആയിരുന്നു ഉണ്ണികൃഷ്ണൻ
കോണ്‍ഗ്രസ്സിന്റെ അകത്തും പുറത്തും ഉറച്ച സോഷ്യലിസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍. അമ്പതുകളിലും അറുപതുകളിലും സോഷ്യലിസ്റ്റ് ആശയങ്ങള്‍ നെഞ്ചിലേറ്റിയ വലിയൊരു വിഭാഗം യുവാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടം പിടിച്ചിരുന്നുവെന്നത് ചരിത്രവസ്തുതയാണല്ലോ. യുവതുര്‍ക്കികള്‍ എന്നാണ് ആ വിഭാഗക്കാര്‍ അറിയപ്പെട്ടിരുന്നത്. ഫെറോഷ് ഗാന്ധിയായിരുന്നു അവരുടെ ‘ഹീറോ’. അക്കൂട്ടത്തിലെ നേതൃനിരയിലായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍. ദേശീയതലത്തില്‍ ജയപ്രകാശ് നാരായണ്‍, രാംമനോഹര്‍ ലോഹ്യ, അശോക് മേത്ത മുതലായവരായിരുന്നു അദ്ദേഹത്തിന്റെ നേതാക്കളെങ്കില്‍ മഹാരാഷ്ട്രയില്‍ എസ്.എം. ജോഷി, എന്‍.ജി. ഗോറെ, പീറ്റര്‍ അള്‍വാരെസ് മുതലായവരായിരുന്നു ഉണ്ണികൃഷ്ണന്റെ സോഷ്യലിസ്റ്റ് നേതാക്കള്‍.
ആറര പതിറ്റാണ്ടുകളോളം നീണ്ടും പരന്നും കിടക്കുന്ന ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ പോരാട്ടവഴികളില്‍ ഒരിക്കലും അനീതിയെ കൂട്ടുപിടിച്ചിട്ടില്ല. മറിച്ച് അഴിമതിക്കും അക്രമങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് കോളിളക്കം സൃഷ്ടിച്ച ബോഫോഴ്‌സ് അഴിമതിക്കേസില്‍ അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും വെളിപ്പെടുത്തലുകളും. ഇടിമുഴക്കം പോലെയായിരുന്നു ഭരണപക്ഷത്തെ പിടിച്ചുലച്ച ആ പ്രസംഗമെന്നാണ് അക്കാലത്തെ മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിച്ചത്.
കേരളത്തിലെ വടകരയില്‍നിന്നും ഏഴുവട്ടം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാവാണ് കെ.പി. ഉണ്ണികൃഷ്ണന്‍. 1980-കളിലും 90-കളിലും കമ്മ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് ഇന്ത്യയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും പങ്കാളിത്തമില്ലാത്ത ഗവണ്‍മെന്റിന് രൂപം നല്‍കുന്നതില്‍ തന്ത്രപരമായ നേതൃത്വം വഹിക്കാന്‍ കഴിഞ്ഞ നേതാക്കളില്‍ പ്രമുഖനാണ് ഉണ്ണികൃഷ്ണന്‍. അതിന്റെ ഭാഗമായി 1990-കളില്‍ അധികാരത്തില്‍ വന്ന നാഷണല്‍ ഫ്രണ്ട് നേതാവ് വി.പി. സിംഗിന്റെ മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിരുന്നു. അക്കാലത്ത് ഇറാക്കും കുവൈറ്റും തമ്മില്‍ നടന്ന യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉണ്ണികൃഷ്ണനാണ് നിയുക്തനായത്.
ഈ യുദ്ധം മൂലം കുവൈറ്റില്‍നിന്നും പ്രവഹിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്‍ കുവൈറ്റി ഇവാക്യൂസ് റിലീഫ് കമ്മിറ്റി എന്ന പേരില്‍ മുംബൈയില്‍ ഒരു കമ്മിറ്റി രൂപീകൃതമാവുകയുണ്ടായി. ഇ.എസ്. ഗംഗാധരന്‍, എ.കെ. നായര്‍, ശ്രീമാന്‍ എന്ന കെ.എസ്. മേനോന്‍, ദേശാഭിമാനി ലേഖകന്‍ എ.കെ. മച്ചിങ്ങല്‍, പി.ആര്‍. കൃഷ്ണന്‍, കെ. ജനാര്‍ദ്ദനന്‍, ആര്‍.എസ്. നാമന്‍ മുതലായവര്‍ അടങ്ങുന്നതായിരുന്നു ആ കമ്മിറ്റി. കപ്പല്‍മാര്‍ഗവും എയര്‍പോര്‍ട്ട് വഴിയും മുംബൈയില്‍ എത്തിക്കൊണ്ടിരുന്ന അഭയാര്‍ത്ഥികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ട പ്രശ്‌നങ്ങള്‍ ഈ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയും കേന്ദ്രമന്ത്രിയായിരുന്ന ഉണ്ണികൃഷ്ണന്‍ എത്തുമായിരുന്നു.
ഇത്തരം വിഷയങ്ങളുമായി ഇടപഴകുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതിനു പുറമെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു വേണ്ടി കേരളത്തില്‍ എത്തിയിരുന്ന പല ഘട്ടങ്ങളിലും ഉണ്ണികൃഷ്ണനെ കാണുവാനും ചിലപ്പോള്‍ അദ്ദേഹവുമായി വേദികള്‍ പങ്കിടുവാനും പരിചയം പുതുക്കുവാനും സാധിച്ചിരുന്നു. എപ്പോള്‍, എവിടെ വച്ച് കണ്ടുമുട്ടുമ്പോഴും മുംബൈയെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനായിരിക്കും ആ മുന്‍കാല ‘ബോംബെവാല’യുടെ ഉത്കണ്ഠയും ജിജ്ഞാസയും.

- പി.ആര്‍. കൃഷ്ണന്‍.
(ഫോട്ടോ അടിക്കുറിപ്പ്: മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്, കെ.പി. ഉണ്ണികൃഷ്ണന്‍ എന്നിവരോടൊപ്പം പി.ആര്‍. കൃഷ്ണന്‍.)
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
