മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലത്തില്‍ വച്ച് നടന്നു. വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച സമ്മാനാര്‍ഹമായ കലാപരിപാടികള്‍ സമാപന സമ്മേളനത്തിന് നാന്ദി കുറിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വര്‍മ്മ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റീന സന്തോഷ് സ്വാഗതമാശംസിച്ചു. പ്രശസ്ത സിനിമാ-സീരിയല്‍ നടനും, അവതാരകനും, പ്രഭാഷകനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ കിഷോര്‍ എന്‍. കെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള ആശയ ഭിന്നതകളും വൈരുദ്ധ്യമാര്‍ന്ന നിലപാടുകളും തരണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും അതിനുള്ള ഉപാധികളെക്കുറിച്ചും കിഷോര്‍ എന്‍.കെ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ സരസമായി പ്രതിപാദിച്ചു.
സദസുമായി സംവദിച്ചുകൊണ്ടാണ് കിഷോർ തന്‍റെ ആശയങ്ങള്‍ മുന്നോട്ടു വച്ചത്. മലയാളോത്സവം പോലുള്ള ബൃഹത്തായ മത്സരവേദികള്‍ മഹാനഗരത്തില്‍ ഒരുക്കുന്ന മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും മനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാരെയും കലാകാരികളെയും പുകഴ്ത്തുകയും ചെയ്തു. മുഖ്യാതിഥി കിഷോര്‍ എന്‍. കെ യെ വേദിയില്‍ വച്ച് ആദരിച്ചു. മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എന്‍.ഹരിഹരന്‍ ആദരസൂചകമായ ഫലകം സമ്മാനിച്ചു.

മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എന്‍. ഹരി ഹരന്‍ (പ്രസിഡന്റ്, കേരളീയ കേന്ദ്ര സംഘടന), കെ.പവിത്രന്‍ (സെക്രട്ടറി, കേരള പീപ്പ്ള്‍സ് എജുകേഷന്‍ സൊസൈറ്റി), രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), രാജന്‍ നായര്‍ (ട്രെഷറര്‍, മലയാള ഭാഷാ പ്രചാരണ സംഘം), ഗിരിജാവല്ലഭന്‍ (പത്രാധിപര്‍, കേരളം വളരുന്നു) എന്നിവരും വേദി പങ്കിട്ടു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” വിശേഷാല്‍ പതിപ്പിന്‍റെ പ്രകാശനം കിഷോര്‍ എന്‍. കെ നിര്‍വഹിച്ചു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പത്ത് മേഖലകളില്‍ നിന്നുള്ളവര്‍ സമാപനസമ്മേളനത്തില്‍ പങ്കെടുത്തു.

പതിനാലാം മലയാളോത്സവത്തോടനുബന്ധിച്ചു നടത്തിയ ലോഗോ മത്സരത്തില്‍ വിജയിയായ ഗൌരിനന്ദ രാജേന്ദ്രനും (വസായ്) മലയാള ഭാഷാ പ്രചാരണ സംഘം നടത്തിയ സാഹിത്യ മത്സരങ്ങളില്‍ വിജയികളായ രാജന്‍ കിണറ്റിങ്കര (കവിത- ഒന്നാം സമ്മാനം), രഘു ബാലകൃഷ്ണന്‍ (കവിത – രണ്ടാം സമ്മാനം), മേഘനാദന്‍ (ചെറുകഥ – ഒന്നാം സമ്മാനം), രണ്ജിത് രഘുപതി (ചെറുകഥ – രണ്ടാം സമ്മാനം), മോഹനന്‍ കെ.വി (ലേഖനം -ഒന്നാം സമ്മാനം), സുരേഷ്കുമാര്‍ ടി (ലേഖനം – രണ്ടാം സമ്മാനം) എന്നിവരും മുഖ്യാതിഥിയില്‍ നിന്ന് പുരസ്കാരങ്ങള്‍ എറ്റു വാങ്ങി.

ഫെബ്രുവരി 1ന് സംഘടിപ്പിച്ച നാടകോത്സവത്തില്‍ വിജയികളായ ഹരികൃഷ്ണനും സംഘവും (എ ഗ്രൂപ്പ് -ഒന്നാം സമ്മാനം, പശ്ചിമ മേഖല), മഞ്ജരി കുറുപ്പും സംഘവും (എ ഗ്രൂപ്പ് രണ്ടാം സമ്മാനം, കല്യാണ്‍- ഡോംബിവലി മേഖല) ജീബ ശ്രീജിത്തും സംഘവും (ബി ഗ്രൂപ്പ് ഒന്നാം സമ്മാനം, പശ്ചിമ മേഖല), പ്രേംകുമാറും ഗ്രൂപ്പും (ബി ഗ്രൂപ്പ് രണ്ടാം സമ്മാനം, പവായ്-സാക്കിനാക്ക മേഖല), എയ്ഞ്ചലോ ക്രിസ്റ്റ്യാനോ (മികച്ച നടന്‍ എ ഗ്രൂപ്പ്, പശ്ചിമ മേഖല), ഭവ്യ നായര്‍ (മികച്ച നടി എ ഗ്രൂപ്പ്, പശ്ചിമ മേഖല), പ്രേംകുമാര്‍ (മികച്ച നടന്‍ ബി ഗ്രൂപ്പ്, പവായ്-സാക്കിനാക്ക മേഖല), റോജ ആര്‍. നായര്‍ (മികച്ച നടി – ബി ഗ്രൂപ്പ്, കല്യാണ്‍- ഡോംബിവലി മേഖല) തുടങ്ങിയവര്‍ക്കും മുഖ്യാതിഥി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു.
ഡിസംബര്‍ 14 നു നടന്ന മലയാളോത്സവം കേന്ദ്രകലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര വിതരണവും നടന്നു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ആറാം തവണയും ചാമ്പ്യന്‍ഷിപ്പ് നില നിര്‍ത്തിയ കല്യാണ്‍-ഡോംബിവലി മേഖല ടീം അംഗങ്ങള്‍ മുഖ്യാതിഥിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി. നവി മുംബൈ മേഖല ടീം അംഗങ്ങള്‍ റണ്ണര്‍ അപ്പ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
