മേലുദ്യോഗസ്ഥർ നൽകുന്ന ജോലി സമ്മർദ്ദം മൂലം മരിച്ച അന്ന സെബാസ്ററ്യൻറെ വാർത്തകളാണല്ലോ കുറച്ച് ദിവസമായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. മുംബൈ പോലുള്ള മെട്രോ സിറ്റികളിലും പുണെ അഹമ്മദാബാദ് പോലുള്ള സെമി മെട്രോകളിലും ഭൂരിപക്ഷം പ്രൈവറ്റ് കമ്പനികളിലും കൃത്യമായ ഒരു ജോലി സമയം ഇല്ല എന്നതാണ് വാസ്തവം. ഐ.ടി. കൾച്ചറിലേക്ക് കമ്പനികൾ കൂടുമാറിയപ്പോഴാണ് ഇത്തരം ഒരു പ്രവണത കമ്പനികളിൽ രൂപപ്പെടാൻ തുടങ്ങിയത്. പണ്ട് മാന്വൽ ആയി ചെയ്തിരുന്ന ജോലികൾ കമ്പ്യൂട്ടർ ഏറ്റെടുത്തപ്പോൾ ജോലി ഭാരം കുറയുകയല്ല മറിച്ച് കൂടുകയാണ് ചെയ്തത്. ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്യാൻ പറ്റില്ല, ഫാമിലിയുമൊത്ത് ഒന്ന് ഔട്ടിങ്ങിന് , അല്ലെങ്കിൽ ഒരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് എന്തെങ്കിലും പ്ലാൻ ചെയ്താലായിരിക്കും നാളെ ഓഫീസിൽ അത്യാവശ്യമായി വരണം എന്ന ഓർഡർ വരുക, പലർക്കും സാഹചര്യങ്ങൾ മൂലം അത്തരം ആജ്ഞകൾ നിരാകരിക്കാൻ പറ്റാറില്ല. NO എന്ന് പറയാൻ ആഗ്രഹിച്ചാലും ലോൺ, പ്രൊമോഷൻ, ഇൻക്രിമെന്റ്’ മറ്റ് ബാധ്യതകൾ ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ മനസ്സിലൂടെ മിന്നി മറയും. കൂടാതെ വെറുതെ നല്ലൊരു ജോലി കളഞ്ഞു എന്ന ചിലരുടെ പരിഹാസവും. രണ്ട് സമ്മർദ്ദങ്ങളാണ് ആ വ്യക്തി നേരിടുന്നത്, വീട്ടുകാരെ നിരാശരാക്കിയ സമ്മർദ്ദം, മറ്റൊന്ന് ഓഫീസിലെ സമ്മർദ്ദം. ഈ ഫീലിംഗ്സ് അയാൾ ഒറ്റയ്ക്ക് പേറുകയാണ്, ഒരാളോട് ഷെയർ ചെയ്യാനോ ആരെങ്കിലും ഒന്ന് ആശ്വസിപ്പിക്കാനോ ഇല്ലാതെ.
പ്രൈവറ്റ് സ്ഥാപനങ്ങളിൽ മൂന്നു തരത്തിലുള്ള മാനേജർമാരെ നമുക്ക് കാണാൻ കഴിയും. ഒരു കൂട്ടർ കീഴ്‌ജീവനക്കാരെ കൊണ്ട് പണി എടുപ്പിച്ച് അത് ടോപ് മാനേജ്‍മെന്റിന് സമർപ്പിച്ച് അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നവർ. വാക്കു കൊണ്ട് പോലും ഒരു അപ്പ്രീസിയേഷൻ ഇക്കൂട്ടർ ഭക്ഷണവും ഉറക്കവും ഇല്ലാതെ പണിയെടുത്തവർക്ക് കൊടുക്കില്ല. ഇനി അഥവാ, മാനേജ്മെന്റിന് കൊടുക്കുന്ന റിപ്പോർട്ടിൽ വല്ല തെറ്റും വന്നിട്ടുണ്ടെങ്കിൽ അവർ കൈ കഴുകും, അപ്പോൾ കുറ്റം മുഴുവൻ റിപ്പോർട്ട് തയ്യാറാക്കിയവരുടെ മേൽ ചാരും .
വേറൊരു കൂട്ടരുണ്ട്, പകൽ മുഴുവൻ പേഴ്‌സണൽ ജോലികൾ ചെയ്ത് ആറുമണി ആയാൽ കീഴ്‌ജീവനക്കാരെ വിളിച്ച് ജോലി നൽകി പെട്ടെന്ന് തീർക്കാൻ ആവശ്യപ്പെടുന്നവർ. രാത്രി ആ ജോലി തീർത്തിട്ട് ഒന്നും നടക്കാൻ പോകുന്നില്ല എന്നറിയാമെങ്കിലും അവർ ജോലി പെട്ടെന്ന് തീർക്കാൻ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കും.
മൂന്നാമത്തെ കൂട്ടർ കമ്പനിയിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഉൽസുകരായവർ. അവർ ഒരു ലീവും നഷ്ടപ്പെടുത്തില്ല, ഓഫീസ് സമയം കഴിഞ്ഞ് ഒരു മിനിറ്റ് പോലും ഓഫീസിലിരിക്കില്ല, പക്ഷെ അവരുടെ കീഴെ ജോലി ചെയ്യുന്നവർക്ക് അത്യാവശ്യത്തിന് ഒരു ലീവെടുക്കാനോ ഒന്ന് നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങാനോ സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല.
പല പ്രൈവറ്റ് കമ്പനികളും ജോലിയോട് കുറച്ച് ആത്മാർത്ഥതയും സമർപ്പണവും കാണിക്കുന്നവരെ കൂടുതൽ ജോലികൾ നൽകി സമ്മർദ്ദത്തിലാക്കുക എന്ന നയമാണ് പിന്തുടരുന്നത്. തെറ്റുകൾ വരുത്തുകയും കിട്ടിയ ജോലിയിൽ കൃത്യത ഇല്ലാത്തവരെയും ഒഴിവാക്കി കഴിവുള്ള സ്റ്റാഫിനെ വെക്കുന്നതിൽ അല്ല പല കമ്പനികൾക്കും താൽപര്യം, അവരുടെ ജോലി കൂടി പെർഫെക്ഷനോടെ ചെയ്യുന്നവർക്ക് നൽകുക എന്നതാണ്. നന്നായി ജോലി ചെയ്യുന്നവരേക്കാൾ ബോസിന് താല്പര്യം ജോലി ചെയ്യാതെ നടക്കുന്നവരെ ആയിരിക്കും, അതിനു കാരണം “മസ്‌ക ലഗാന” എന്ന് മുംബൈ ഭാഷയിൽ പറയുന്ന കാര്യത്തിൽ ഇക്കൂട്ടർ തല്പരരായിരിക്കും എന്നതാണ്. ബോസിന്റെ പ്രീതി സമ്പാദിക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിൽ ആയിരിക്കും. ബോസിന് ഇഷ്ടമുള്ള കാര്യങ്ങൾ പറഞ്ഞും, അവർക്ക് ഇഷ്ടമുള്ള ഭക്ഷണമോ പാൻ മസാലയോ കൊണ്ട് വന്നു കൊടുത്തും, ബോസിന് താല്പര്യമില്ലാത്തവരെ കുറിച്ച് അല്പസ്വല്പം ഗോസിപ്പുകൾ വിളമ്പിയും അവർ പ്രീതി സമ്പാദിക്കും. അങ്ങനെ നന്നായി ജോലി ചെയ്യുന്നവരെ ഒഴിവാക്കിയാലും ഇവരെ ഒഴിവാക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തും.
പൊതുവെ മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്, കമ്പനി അനുവദിച്ച ലീവ് എടുക്കാനും അവർക്ക് മടിയാണ്, ഒരു ദിവസം ലീവെടുത്ത് പിറ്റേന്ന് ബോസിനെ അഭിമുഖീകരിക്കുക താനെന്തോ വലിയ തെറ്റ് ചെയ്തു എന്ന ഭാവത്തിലാണ് . ഇത് മലയാളികൾക്ക് മാത്രം കണ്ടിട്ടുള്ള കുറ്റബോധമാണ്. അതിനെ പലരും മുതലെടുക്കുകയും ചെയ്യും.
ഇതൊരു വശം മാത്രമാണ്, ഇതൊന്നുമല്ലാതെ മനുഷ്യത്വവും കരുണയും സഹജീവി സ്നേഹവും ഉള്ള ഒരു പാട് കമ്പനികളും ഉദ്യോഗസ്ഥരും ഉണ്ട് എന്നതും വാസ്തവമാണ്.
പലരും പറയുന്ന ഒരു അഭിപ്രായമുണ്ട്, വയ്യെങ്കിൽ ഇട്ടിട്ടു പോണം എന്ന്. പറയുന്ന പോലെ അത്ര ഈസി ആയ ഏർപ്പാടല്ല അത്. എല്ലാവരും ജോലിക്ക് കയറുന്നത് ശമ്പളം വാങ്ങുക എന്ന ഒരൊറ്റ ലക്ഷ്യം വച്ചുകൊണ്ടല്ല. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരിടം, അതിൽ നിന്ന് കിട്ടുന്ന സംതൃപ്‌തി, ഇതൊക്കെ ഒരു ഉദ്യോഗാർത്ഥിയുടെ മനസ്സിലൂടെ കടന്നു പോകുന്ന കാര്യങ്ങളാണ്. എത്ര പ്രൊഫെഷണൽ ആയാലും പരിചയ സമ്പത്ത് ഉണ്ടെങ്കിലും ഒരു ഓഫീസ് അന്തരീക്ഷവും അവിടുത്തെ സഹപ്രവർത്തകരുമായി mingle ആയവർക്ക് പെട്ടെന്ന് ഒരു ജോലി മാറ്റം ബുദ്ധിമുട്ടായി തോന്നും. പുതിയ ജോലി സ്ഥലം എങ്ങനെ ആയിരിക്കും, അവിടുത്തെ ഓഫീസ് atmosphere, സഹപ്രവർത്തകർ, ബോസ്, ഇവരൊക്കെ എത്തരക്കാരായിരിക്കും ഈ ഒരു ഉൽക്കണ്ഠ അവരെ ഒരു മാറ്റത്തിൽ നിന്ന് പിന്തിരിപ്പിക്കും. ജോലിഭാരം ഉണ്ടെങ്കിലും ഇവിടം OK എന്നൊരു തീരുമാനത്തിലേക്ക് അവർ എത്തിച്ചേരും. പിന്നെ ഒരു കാര്യം ഉള്ളത്, ഒരു ജോലിയിൽ ഇരിക്കുമ്പോൾ നൂറ് ഓഫറുകൾ വന്നെന്നു വരും, പക്ഷെ ജോലി ഇല്ലാതായാൽ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ bargaining power ആണ്, ജോലി ഇല്ലാത്ത ഒരാൾ ഇന്റർവ്യൂ വിന് ചെല്ലുമ്പോൾ കമ്പനി പറയുന്ന എല്ലാ വ്യവസ്ഥകളും സമ്മതിക്കേണ്ട ഒരു നിസ്സഹായതയിലേക്ക് എത്തിച്ചേരും. അതിനാൽ പലരും താല്പര്യമില്ലാത്ത ജോലിയിൽ തുടരുന്നത് സംതൃപ്തിയുള്ള മറ്റൊരിടം കണ്ടെത്തുന്നതുവരെ ഒരു ഇടത്താവളം വേണം എന്നുള്ളത് കൊണ്ടാണ്.
രാജൻ കിണറ്റിങ്കര