ഇന്ന് വിഷു സംക്രമമാണ്. മലമക്കാവുകാരുടെ ഭാഷയിൽ വിഷുസംക്രാന്തി. സൂര്യൻ പടിഞ്ഞാറൻ മലകൾക്കു മറവിൽ വേനൽ ചൂടിൻ്റെ ഭാണ്ഡവും പേറി വിശ്രമിക്കാനൊരുങ്ങുന്നു. ചുമരുകൾ ബന്ധനം തീർത്ത നഗരവാസത്തിൻ്റെ അന്തിച്ചു വപ്പിൽ അടഞ്ഞ വാതിലിൻ്റെ പീപ് ഹോളിലൂടെ ഞാൻ ഓർക്കുന്തോറും മനസ്സ് വിതുമ്പുന്ന ഒരു പഴയ കാലത്തിലേക്ക് തിരിഞ്ഞു നടക്കുകയാണ്.
അമ്മിണി ഏടത്തിയുടെ പറമ്പിൽ മുളങ്കൂട്ടങ്ങൾക്കിടയിൽ നിൽക്കുന്ന കൊന്ന മരത്തെ സ്നേഹിക്കുന്ന ഒരേ ഒരു ദിവസമാണ് വിഷു സംക്രാന്തി . എന്നാലും പരിഭവമോ പരാതിയോ ഇല്ലാതെ വർഷം തോറും പൂക്കാൻ മറക്കാത്ത കണിക്കൊന്ന . സംക്രാന്തി ദിവസം ഉച്ചതിരിഞ്ഞാൽ ഇലകൾ ഇല്ലാത്ത ആ കൊന്ന മരത്തിന് ചുവട്ടിൽ കുട്ടികൾ സമ്മേളിക്കും. അവർക്ക് നേതൃത്വം നൽകി കൈയിലൊരു വലിയ തോട്ടിയുമായി അറുപത് കഴിഞ്ഞ അമ്മിണി ഏടത്തിയും.
കൊന്ന മരത്തോളം നീളമില്ലാത്ത തോട്ടിയെ നോക്കി മുളങ്കുട്ടത്തിലെ കണിക്കൊന്ന പരിഹസിച്ചു ചിരിക്കും. മുളങ്കൂട്ടത്തിന് ഇടയിലായതിനാൽ ആരും മരത്തിന് മുകളിലേക്ക് കയറി വരില്ല എന്ന ധൈര്യം കൊന്നയ്ക്കും. പക്ഷെ തോറ്റു കൊടുക്കാൻ ഞങ്ങൾക്കും മനസ്സില്ലായിരുന്നു. അതിനാൽ കൊന്ന മരത്തിന് തൊട്ടപ്പുറത്തെ തൊടിയിലുള്ള മാവിലും പ്ലാവിലും കയറി തോട്ടി കൊണ്ട് പൂക്കുലകൾ തല്ലിക്കൊഴിക്കും. മൂർച്ചയുള്ള മുള്ളുകൾ പരന്നു കിടക്കുന്ന താഴെ ഭൂമിയിൽനിന്ന് തല്ലിക്കൊഴിച്ച പൂവുകൾ പെറുക്കി എടുക്കുക എന്നതും ശ്രമകരമായ പണിയായിരുന്നു. വീതം വച്ച പൂക്കളുമായി കുട്ടികൾ അവരവരുടെ വീടുകളിലേക്ക് .
അടുത്തത് കണിക്കു വേണ്ട ചക്കയും മാങ്ങയും ശേഖരിക്കലാണ്. ചക്കക്കും മാങ്ങക്കും തൊടിയിൽ പഞ്ഞമില്ലെങ്കിലും അതും നിലത്ത് വീഴാതെ പൊട്ടിച്ച് താഴെ ഇറക്കണം. താഴെ വീണ് പൊട്ടിയതും അളിഞ്ഞതും ഒന്നും കണിക്ക് വക്കാൻ പറ്റില്ല. ഒരു വർഷത്തെ ഫലമാണ് കണി തരാൻ പോകുന്നത്.
രാത്രി ഭക്ഷണം കഴിഞ്ഞാലാണ് കണിയൊരുക്കൽ. ഓട്ടുരുളിയൊന്നും അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. കൃഷ്ണ വിഗ്രഹവും ഈയിടെ സ്ഥാനം പിടിച്ച അതിഥിയാണ്. ഒരു ഓടോ പിച്ചളയോ എന്ന് നിശ്ചയമില്ലാത്ത താലത്തിലായിരുന്നു കണിയൊരുക്കൽ. കണിയൊരുക്കി നിലവിളക്കിൽ തിരിയിട്ട് തൻ്റെ പായക്കു കീഴെ തീപ്പെട്ടി വച്ച് അമ്മ ഉറങ്ങാൻ കിടക്കും.
രാവിലെ 4 മണിക്ക് അലാറം ഇല്ലാതെ തന്നെ ഉണരുന്ന അമ്മ കത്തിച്ച നിലവിളക്കും കണിയൊരുക്കിയ താലവുമായി വീട്ടിലെ ഓരോരുത്തരുടേയും മുറിയിലെത്തും. അവരെ വിളിച്ചുണർത്തി അമ്മ മാറി നിൽക്കും, അമ്മയെ ആദ്യം കണി കാണണ്ട എന്നു കരുതി.
വീട്ടിലെ ആറ് മക്കളും അച്ഛനും ചെറിയമ്മയും ഭർത്താവും – ഇവരുടെ എല്ലാവരുടേയും മുന്നിൽ വാർദ്ധക്യത്തിലും കോണിപ്പടികൾ കയറി ഇറങ്ങി അമ്മ കണികാഴ്ച നൽകും.
ഓട്ടുരുളിയും കണ്ണനും വിരുന്നു വന്ന നഗരയാത്രയുടെ ഈ സംക്രമത്തിൽ ഇതൾ കൊഴിഞ്ഞൊരു കണിക്കൊന്നക്കുല ഫ്രിഡ്ജിൽ മയങ്ങുന്നു. കോണിപ്പടികയറി വരുന്ന അമ്മയുടെ കാൽപ്പെരുമാറ്റത്തിന് കാതോർത്ത് ഉറങ്ങാതെ കിടന്ന സംക്രമങ്ങളും മാഞ്ഞു പോയിരിക്കുന്നു. ഇല്ലായ്മ നൽകിയ നല്ലാഘോഷങ്ങൾ ചക്രവാളങ്ങളിൽ എരിഞ്ഞടങ്ങി, ഇനിയൊരു ഉദയമില്ലാതെ.
ഇരുൾ വീഴുന്ന മഹാനഗരത്തിൻ്റെ ഈ ഞായറാഴ്ച സന്ധ്യയിൽ വാതിൽപ്പഴുതിലൂടെ കണ്ട വിഷുക്കാഴ്ചകൾക്ക് മങ്ങലേറ്റിരിക്കുന്നു. വിഷു സംക്രമത്തിൽ ഏറെ വൈകി വീട്ടിലെത്തുന്ന അച്ഛൻ്റെ മടിക്കുത്തിൽ വിഷുപ്പുലരിയിലെ ആഹ്ളാദത്തിൻ്റെ പൊട്ടിച്ചിതറലുകൾ ഭദ്രമായി വച്ചിരിക്കും. നഗര ജീവിതത്തിൻ്റെ ഹൃദയമിടിപ്പുകൾക്ക് വിഷുപ്പടക്കത്തേക്കാൾ ശബ്ദം, ഓർമ്മയുടെ ഒറ്റമരച്ചില്ലയിൽ ചിറകു തളർന്നൊരു വിഷുപ്പക്ഷി.
രാജൻ കിണറ്റിങ്കര