മുംബൈയിലെ ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ നവംബറിലാണ് അവശ നിലയിൽ അർദ്ധനഗ്നനായ മലയാളി യുവാവിനെ കണ്ടെത്തിയത്. മാനസികമായി തളർന്ന നിലയിരുന്ന വിനീതിനെ . സ്റ്റേഷനിലൂടെ കടന്നു പോയ മലയാളി സ്ത്രീ യാദൃശ്ചികമായാണ് കാണാനിടയായത്.
ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ അവശനായി അലഞ്ഞുതിരിഞ്ഞിരുന്ന യുവാവിന്റെ അവസ്ഥയിൽ കരുണ തോന്നിയ അവർ ഉടനെ മലയാളി സമാജം പ്രസിഡന്റായ ജിനേഷിനെ വിവരമറിയിക്കുകയായിരുന്നു. ജിനേഷ് ഉടനെ തന്നെ വളണ്ടിയർ ജോൺ സാമുവലിനോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ രക്ഷപ്പെടുത്തി. ഭക്ഷണവും വസ്ത്രവും നൽകി ആശ്വസിപ്പിച്ചു.
അതായിരുന്നു വിനീത് എന്ന യുവാവിന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവിന്റെ തുടക്കം.
തുടർന്ന് ബദ്ലാപൂരിലെ അനാഥാശ്രമമായ സെന്റ് ക്ലാരറ്റ് ആശ്രമം നടത്തിവരുന്ന ഫാദർ റോബിനെ വിവരമറിയിച്ചു. പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം വിനീതിനെ ആശ്രമത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു.
അന്നത്തെ അവസ്ഥയിൽ സ്വന്തം വിലാസമോ ബന്ധുക്കളെക്കുറിച്ചോ വ്യക്തമായി പറയാൻ വിനീതിന് കഴിഞ്ഞില്ല. കോഴിക്കോട് ഭാഗത്ത് നിന്നാണെന്ന ചെറിയ സൂചന മാത്രമാണ് ലഭിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും പോലീസിന്റെ സഹായത്തോടെയും ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതിന് തുടക്കത്തിൽ വിജയം കണ്ടില്ല. കഴിഞ്ഞ നാലുമാസമായി ഫാദർ റോബിൻ വിനീതിനെ ആശ്രമത്തിൽ തന്നെ താമസിപ്പിച്ച് ചികിത്സയും പരിചരണവും നൽകി.
ഒടുവിൽ കഴിഞ്ഞ മാസം… ആശ്രമത്തിൽ ജോലി ചെയ്യുന്ന ഒരു മലയാളി സ്ത്രീയോട് വിനീത് തന്റെ സ്വദേശം കോഴിക്കോട് ജില്ലയിലെ എടച്ചേരി ആണെന്ന് പറഞ്ഞു.
അത് നിർണായകമായ വഴിത്തിരിവായി.
സമാജം ഉടൻ തന്നെ എടച്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഷിജുവിനെ ബന്ധപ്പെട്ടു. ഷിജുവിന്റെ സമയോചിതമായ ഇടപെടലിലൂടെ വിനീതിന്റെ കുടുംബത്തെ കണ്ടെത്താൻ സാധിച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ബന്ധുക്കൾക്ക് മുംബൈയിലെത്താൻ കഴിഞ്ഞില്ല. അങ്ങിനെയാണ് ഫാദർ റോബിൻ തന്നെ വിനീതിനെ ട്രെയിൻ മാർഗം ജന്മ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.
എടച്ചേരി പോലീസിന്റെ സഹായത്തോടെ വിനീത് ഒടുവിൽ അമ്മയുടെ സുരക്ഷിതമായ കരങ്ങളിലെത്തി
വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞത് ഇതാദ്യമല്ല. മുമ്പും ഇത്തരത്തിൽ ഗോവയിലേക്കൊക്കെ പോയി തിരികെ വന്ന അനുഭവം വിനീതിനുണ്ടായിരുന്നു.
എന്നാൽ ഇത്തവണ. ഒരു സമൂഹത്തിന്റെ കരുതലും, ഒരു പുരോഹിതന്റെ മനുഷ്യസ്നേഹവും വിനീതിന് വീട്ടിലേക്ക് മടങ്ങാൻ തുണയായി
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS
