Search for an article

HomeArticleവിഷുക്കണി - (ഗിരിജാവല്ലഭന്‍)

വിഷുക്കണി – (ഗിരിജാവല്ലഭന്‍)

Published on

spot_img

ഊണു കഴിച്ചുകൊണ്ടിരുന്നപ്പോള്‍, മുറ്റത്തെ മുല്ലത്തടങ്ങളിലും ജനല്‍പ്പടിയിലും വീണുകിടന്ന നിലാവിന്റെ അലകളില്‍ കണ്ണുനട്ടു. ഒരിളംകാറ്റു വീശിയപ്പോള്‍ പുല്‍ത്തകിടിയില്‍ നിഴലുകള്‍ ഇഴഞ്ഞുകളിച്ചു. ദുരെ കുന്നിന്‍ചെരുവില്‍, തെളിഞ്ഞ ആകാശത്തിനു കീഴെ പൂര്‍ണ്ണചന്ദ്രന്‍ ഒരു വെള്ളിത്തളികപോലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.

അയാള്‍ പുറത്തേക്ക്‌ കണ്ണുനട്ടിരിക്കവെ രേവതി പറഞ്ഞു:
“നാളെ ശങ്ക്രാന്ത്യാ, മറ്റന്നാ വിഷു. വീട്ടിലിപ്പൊ പിള്ളേരൊക്കെ പടക്കം പൊട്ടിയ്ക്കണ ബഹളത്തിലായിരിക്കും.”

വിവാഹത്തിനുശേഷം വരുന്ന ആദ്യത്തെ വിഷു! വിഷുവിന്റെ മധുരസ്മരണകള്‍ അയവിറക്കിക്കൊണ്ടായിരിക്കാം, രേവതി നെടു വീര്‍പ്പിട്ടു.

ഓണം, വിഷു, തിരുവാതിര ഇവയ്ക്കൊക്കെ നല്‍കാറുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങളായി. ചിലപ്പോള്‍ ആ ദിവസം ഓര്‍ക്കാറുമില്ല. എങ്കിലും ഓണം, വിഷു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ പൂത്തിരി കത്തിക്കുന്ന ചില ഓര്‍മ്മകള്‍ കാലത്തിന്റെ ആഴങ്ങളില്‍ നിന്നെത്തിനോക്കാതിരിക്കില്ല.

മനസ്സിന്റെ തിരശ്ശീലയില്‍ എന്നും പൂത്തുനില്‍ക്കണമെന്ന്‌ ആശി ക്കുന്ന മധുരസ്മരണകള്‍. എന്നാല്‍ ഒരു മേശപ്പൂവിന്റെ ജ്യോതിസ്സ് പോലെ ക്ഷണനേരം കൊണ്ട്‌ ആ ആഹ്ലാദം മിന്നിമറയും.

“എവട്യാ കൊന്നപ്പു കിട്ട്വാ?‌
രേവതിയുടെ ശബ്ദം വിണ്ടും ചെവിട്ടിലെത്തി.
“ങും?”
അയാളൊന്ന്‌ മൂളിയതേയുള്ളു.
“തൊടങ്ങി ഒരാലോചന.” അവള്‍ മുഖം വീര്‍പ്പിച്ചു.
“എന്താ ചോദിച്ചെ?”
“കുന്തം!”
അയാള്‍ സിനിമയിലെ നായകനെപ്പോലെ അവളുടെ താടി പിടിച്ചുയര്‍ത്തിക്കൊണ്ട് മൊഴിഞ്ഞു: “ഹാ! എന്റെ പ്രിയപ്പെട്ട കുന്തമേ!”
നനവുള്ള കൈവിരലുകള്‍ ഇക്കിളിയുണ്ടാക്കിക്കൊണ്ട്‌ കവിളില്‍ സഞ്ചരിച്ചപ്പോള്‍ അവളുടെ മുഖം വീണ്ടും തെളിഞ്ഞു.
“ഇവടെ കൊന്നപ്പുവെവിട്യാ കിട്ട്വാ?‌
വിഷു.
കൊന്നപ്പൂവ്…
അവള്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വ്യക്തമായി.

“ഇവ്ടെ കൊന്നമരോന്നും ഇല്ല്യ. അതൊക്കെ നാട്ടില്.”
അതു കേട്ടപ്പോള്‍ അവള്‍ ഒരു പ്രത്യേക താളത്തില്‍ ചിരിച്ചു.

“കേട്ടോ നൊണ. എന്നോടങ്ങനേ പറയുള്ളൂന്ന്‌ എനിയ്ക്കറിയാം.” “ഇവിടത്തുകാര്‍ക്ക്‌ വിഷൂല്ല്യ. കണീല്ല്യ. പിന്നെന്തിനാണവര്‍ കൊന്ന നട്ടുപിടിപ്പിയ്ക്കണത്‌.”

“എന്നോട്‌ അപ്പറത്തെ സൂസി പറഞ്ഞല്ലോ, ഗോദ്റെജ്‌ കമ്പനിയൂടെ മുമ്പില്‍ കൊന്നമരമുണ്ടെന്ന്‌.”
ക്ഷണനേരത്തേക്ക്‌ ഉത്തരം പറയാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. അവള്‍ എല്ലാ വിവരങ്ങളും അറിഞ്ഞുവച്ചിട്ടുതന്നെയാണ്‌ പുറപ്പാട്. എങ്കിലും കീഴടങ്ങാന്‍ തയ്യാറായില്ല.

“സൂസി പറഞ്ഞാലും, അന്ന പറഞ്ഞാലും വേണ്ടില്ല. എന്നേക്കൊണ്ട്‌ കൊന്നപ്പുവന്വേഷിച്ച്‌ പൊകാനൊന്നും പറ്റില്ല്യ. നേരത്തേ തന്നെ പറഞ്ഞേക്കാം.”

പിന്നെ രേവതിയൊന്നും സംസാരിച്ചില്ല. മുഖം കറുപ്പിച്ചിരുന്ന്‌ ഊണു കഴിച്ചു. കണ്‍തടങ്ങളില്‍ എവിടെന്നെല്ലാമോ കാര്‍മേഘങ്ങള്‍ സംഭരിച്ചുനിര്‍ത്തി. ആ കാര്‍മേഘങ്ങള്‍ അടര്‍ന്നു താഴെ വീഴാന്‍ വെമ്പല്‍കൊണ്ടു. മിണ്ടിയാലവള്‍ പൊട്ടിക്കരഞ്ഞുപോകുമെന്നു തന്നെ തോന്നി.

പതിവിനു വിപരീതമായി അന്ന് അയാള്‍ കിടക്ക വിരിച്ചു. അവള്‍ യാതൊന്നും അറിയാത്തതു പോലെ ജനല്‍ക്കമ്പികളും പിടിച്ച് പുറത്തെ നിഴലുകളെ നോക്കി നിന്നു. മറ്റാര്‍ക്കോ വേണ്ടിയെന്നോണം ഇടയ്ക്കിടെ മൂക്കു ചീറ്റി.

പിന്നെ, നിശ്ശബ്ദയായി കിടക്കയില്‍ വന്നുകിടന്ന അവളെ പിടിച്ചടുപ്പിച്ച്‌, വീര്‍ത്തുവരുന്ന അടിവയറില്‍ ഇക്കിളിപ്പെടുത്തി. ആ മാര്‍ദ്ദവത്തിനുമീതേ വിരലുകളോടിച്ചുകൊണ്ട്‌ കിടക്കുമ്പോഴാണ്‌ അവള്‍ മൌനത്തിന്‍റെ കാര്‍മുകിലുകള്‍ക്കുള്ളില്‍നിന്ന്‌ പുറത്തുവന്നത്‌.
“ബാലേട്ടാ… നാളെ കൊന്നപ്പു കൊണ്ട്വരോ?”

അവള്‍ അതിഗോപ്യമായെന്നോണം ചുണ്ടുകള്‍ ചെവിയോടടുപ്പിച്ച് ചോദിച്ചു.
എന്തു മറുപടി പറയണം?

കൊണ്ടുവരാമെന്നു സമ്മതിച്ചാല്‍, പിന്നെ അതൊരു മാറാത്ത തലവേദന യായിരിക്കും. ഓരോ നിമിഷത്തിലും അവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. വാക്കു കൊടുത്തിട്ട്‌ അവസാനം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലോ? അല്ലെങ്കില്‍തന്നെ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കയാണെന്നുള്ള പരാതിയാണ്‌ ഏതു സമയത്തും. എവിടെയാണ്‌ കൊന്നമരമുള്ളതെന്നു പോലും അറിയില്ല.

“എവട്യാ കൊന്നമരോള്ളെ?”
അയാള്‍ ചോദിച്ചു.
“വിക്രോളിയിലും ആരേ കോളനിയിലുമുണ്ടെന്നാ സൂസീടെ മിസ്റ്ററു പറഞ്ഞെ.”
അവളുടെ ആവേശത്തിന്‌ മീതെ വീണ മൂടല്‍മഞ്ഞ്‌ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാവുകയായിരുന്നു. സൂസിയുടെ അയല്‍ക്കാരനായി വന്നതില്‍ അയാള്‍ സ്വയം ശപിച്ചു.
“എന്നാ സൂസീടെ മിസ്റ്ററോടു തന്ന്യങ്ങു കൊണ്ടത്തരാന്‍ പറഞ്ഞൂടെ?”
”അയ്യേ! നാണല്ല്യല്ലോ. ആണാണെന്നും പറഞ്ഞ്‌ നടക്കണു.”
അവള്‍ അയാളുടെ മൂക്കിനു പിടിച്ച്‌ സ്വര്‍ണ്ണവളകള്‍ കിലുക്കി ക്കൊണ്ട് ചിരിച്ചു.
എന്തായാലും തന്റെ പൌരുഷത്തെ ചോദ്യം ചെയ്യുന്നത്‌ അനുവദിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല.
“കൊന്നപ്പൂ ഞാന്‍ കൊണ്ടുവരാം.” അവളുടെ മുഖം തെളിയുന്നതും ചുണ്ടുകള്‍ വിടരുന്നതും ശ്രദ്ധിച്ചുകൊണ്ടയാള്‍ പറഞ്ഞു.

“എന്നാലൊരു നിബന്ധന. നാളെ വൈകുന്നേരം വരെ കൊന്നപ്പുവിന്‍റെ കാര്യമിവിടെ മിണ്ടിപ്പോകരുത്‌.”
“മറന്നാലോ?”
“ഇല്ല. ഞാന്‍ കൊണ്ടുവരും.”
“ഇത്‌ നമ്മടെ ആദ്യത്തെ വിഷുവാണ്‌.” അവള്‍ മുഖമുരുമ്മിക്കൊണ്ട്‌ പറഞ്ഞു.
“നിനക്ക്‌ പൂത്തിരി കത്തിക്കാന്‍ മോഹോണ്ടോ?”
“വീട്ടില് എല്ലാ വിഷൂനും പടക്കം പൊട്ടിക്കാറ്‌ ഞാനാ. ചന്ദ്രന് ഭയങ്കര പേട്യാ.”
“അടുത്ത വിഷുന്‌ നമ്മടെ മോന്‍ കമ്പിത്തിരി കത്തിച്ചോളും.”
അയാളുടെ കൈ പിടിച്ചെടുത്ത്‌ പൊക്കിളിനുമീതെ വച്ചുകൊണ്ടവള്‍ പറഞ്ഞു.
“ദേ മോന്‍ ചിരിക്കണ കണ്ടോ?”
“അമ്മേടെ പിടിവാശി കണ്ടിട്ടാ.”
അവള്‍ ഉറക്കെ ചിരിച്ചു. ചിരിയുടെ അലകളില്‍ ഉറക്കത്തിന്റെ നിഴലുകള്‍ മുങ്ങിമറഞ്ഞു.
രാവിലെ ഓഫീസില്‍ പോകാന്‍ തയ്യാറായി, സ്കൂട്ടറിനടുത്തേക്കു നടക്കവേ, രേവതി ഓടി വന്നു.
“ബാലേട്ടാ…”
“ങും. എന്താ?”
“ഒന്നുല്ല്യ.”
അയാള്‍ക്ക്‌ ചിരി വന്നു. അവള്‍ പറയാനൊരുങ്ങിയത്‌, കൊന്ന പ്പുവിന്റെ കാര്യമാണെന്ന്‌ മനസ്സിലായി. എന്നാല്‍ നിബന്ധന ലംഘിക്കാനുള്ള ധൈര്യമവള്‍ക്കില്ല.

കഴിഞ്ഞ ബുധനാഴ്ചയിലെ ഗാനമേളയുടെ കാര്യമാണ്‌ ഓര്‍മ്മയില്‍ ഓടിയെത്തിയത്‌. ഷണ്മുഖാനന്ദ ഹാളില്‍ യേശുദാസിന്റെ ഗാനമേള. ഒരു മാസം മുമ്പുതന്നെ ടിക്കറ്റെടുത്തു. ഒരാഴ്ച മുമ്പേ അവള്‍ തുടങ്ങി; നേരത്തേതന്നെ പോണം. അല്ലെങ്കില്‍ മുമ്പില്‍ സ്ഥലം കിട്ടില്ല. റിസര്‍വ്വേഷനൊന്നുമില്ലാത്തതാണ്‌. നാലുമണിയ്ക്കെങ്കിലും ഓഫീസില്‍ നിന്നു വരണം. അന്ന്‌ ലീവെടുക്കാന്‍ പറയാതിരുന്നതില്‍ അവളോട്‌ നന്ദി തോന്നി.

വീണ്ടും വീണ്ടും കേട്ട് ക്ഷമ നശിച്ചപ്പോള്‍ പറഞ്ഞു:
“ഇനീമിത് പറഞ്ഞാല്‍ നീ ഗാനമേളേം കാണില്ല്യ, നൃത്തോം കാണില്ല്യ.”
“നേരത്തിന്‌ വരില്ലെന്നെനിക്കറിയാം. അതോണ്ടല്ലെ പറേണെ.”
“പോണോ പോണ്ടേന്ന്‌ നിശ്ചയിക്കണത്‌ ഞാനാ. മിണ്ടാണ്ടിരുന്നാ പോകും. അല്ലെങ്കില്‍…”

എങ്കിലുമവള്‍ നാവടക്കിയില്ല. ഗാനമേള, ഗാനമേള. ഇതുമാത്രമായിരുന്നു സംസാരം. വരുന്നവരോടും പോകുന്നവരോടുമൊക്കെ യേശുദാസെന്ന ഗാനഗന്ധര്‍വ്വനെക്കുറിച്ചും അദ്ദേഹം അവള്‍ പഠിച്ചിരുന്ന കോളേജില്‍ പരിപാടി നടത്താന്‍ വന്നതിനെക്കുറിച്ചുമൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ബുധനാഴ്ച കാലത്തേതന്നെ അവള്‍ ഒരുങ്ങിത്തുടങ്ങിയിരുന്നു. ഓഫീസിലേക്ക്‌ പുറപ്പെടുമ്പോള്‍ നാലുമണിക്ക്‌ മുമ്പേ തിരിച്ചുവരണമെന്ന്‌ വീണ്ടും ഓര്‍മ്മിപ്പിച്ചു. മറുപടിയൊന്നും പറയാതെ എല്ലാം കേട്ടതേയുള്ളു.
അന്ന്‌ ഓഫീസില്‍നിന്ന്‌ തിരിച്ചെത്തിയപ്പോള്‍ മണി എട്ട്. മുറിയ്ക്കകത്ത്‌ ലൈറ്റുപോലും പ്രകാശിപ്പിച്ചിരുന്നില്ല. ലൈറ്റ്‌ തെളിച്ചപ്പോള്‍ മേശപ്പുറത്ത്‌ തലവച്ചു കിടക്കുന്ന രേവതിയെ കണ്ടു. അവള്‍ തലയുയര്‍ത്തി നോക്കിയതു പോലുമില്ല. കവിളുകളില്‍ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. നിറയെ കസവുള്ള കാഞ്ചീപുരം സാരിയാണു ടുത്തിരുന്നത്‌. കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ടിക്കറ്റുകള്‍ കണ്ണില്‍പ്പെട്ടു.
അന്ന്‌ ആരുമൊന്നും സംസാരിച്ചില്ല. അവള്‍ ഊണുകഴിച്ചതുമില്ല. ഉടുത്തിരുന്ന സാരിപോലും മാറ്റാതെ എപ്പോഴാണവള്‍ വന്ന്‌ കിടന്നുറങ്ങിയതെന്നു പോലും അറിഞ്ഞില്ല.

എന്തായാലും ആ അനുഭവം അവളെ ഒരു പാഠം പഠിപ്പിച്ചിരി ക്കുന്നെന്നു മനസ്സിലായപ്പോള്‍ അയാള്‍ക്ക്‌ അളവറ്റ സന്തോഷം തോന്നി.

കൊന്നപ്പൂവിന്റെ കാര്യം ഓര്‍മ്മയില്‍നിന്ന്‌ മാഞ്ഞുപോകാതിരി ക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. എന്നാല്‍ ആ ചിന്ത തന്നെ മനസ്സില്‍നിന്നും ചോര്‍ന്നുപോയത്‌ എപ്പോഴാണെന്നോ എങ്ങനെയാണെന്നോ അറിഞ്ഞില്ല.

ഉച്ചയ്ക്ക്‌ ഈണുകഴിക്കാന്‍ ചെന്നപ്പോള്‍ റോഡിന്റെ തിരിവിലേക്ക്‌ കണ്ണുംനട്ടുകൊണ്ട്‌ വാതില്‍ക്കല്‍ നില്‍ക്കുന്ന രേവതിയെ അകലെ വച്ചു തന്നെ കണ്ടു. അടുത്തെത്തിയപ്പോള്‍ ആകാംക്ഷയോടെ അവള്‍ മുഖത്തേക്കു നോക്കിയതേയുള്ളു. ഒന്നും സംസാരിച്ചില്ല.

ഊണു കഴിക്കുമ്പോളും അവള്‍ മുകയായിരുന്നു. മൌനത്തിന്റെ കാരണമന്വേഷിക്കാന്‍ അയാളൊട്ടു മുതിര്‍ന്നുമില്ല. എന്നാല്‍ ഊണു കഴിഞ്ഞിറങ്ങുമ്പോള്‍ പിന്നില്‍ ചിണുങ്ങല്‍ കേട്ടു. അപ്പോളാണ്‌ കൊന്നപ്പൂവിന്റെ കാര്യം മനസ്സില്‍ ഓടിയെത്തിയത്‌. ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
“നീ കരയൊന്നും വേണ്ട. വൈകുന്നേരം ഞാന്‍ കൊന്നപ്പുവും. കൊണ്ടേ വരു.”
അവളതു വിശ്വസിച്ചുവോ എന്നറിയില്ല. സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്ത്‌ തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ കണ്ണു തുടയ്ക്കുന്നത്‌ കണ്ടു.

ഓഫീസില്‍ ചെന്ന്‌ തങ്കപ്പന്‍ നായരോടും സദാശിവനോടും ചോദിച്ച്‌ എവിടെയൊക്കെയാണ്‌ കൊന്നമരമുള്ളതെന്ന്‌ ഉറപ്പുവരുത്തി. എങ്കിലും ചരിത്രം ആവര്‍ത്തിക്കാതിരുന്നില്ല. ചില റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടുകൊണ്ട്‌ മിനിസ്ട്രിയില്‍നിന്ന്‌ ഫാക്സ്‌ വന്നത്‌ അപ്രതീക്ഷിതമായാണ്‌. അതൊക്കെ തയ്യാറാക്കുന്ന തിരക്കിനിടയില്‍ കൊന്നപ്പൂവിന്റെ ചിന്ത തന്നെ വിസ്മൃതിയുടെ മാളങ്ങളില്‍ മറഞ്ഞു.
വൈകീട്ട്‌ വീട്ടിലെത്തിയപ്പോള്‍ ഫ്‌ളാസ്ക്‌ ഒഴിഞ്ഞിരിക്കുന്നതാണ്‌ കണ്ടത്‌. ഓഫീസില്‍നിന്നു മടങ്ങിയെത്തുമ്പോള്‍ ഒരു ഗ്ലാസ്‌ ചുടുചായ കുടിക്കണമെന്ന്‌ നിര്‍ബന്ധമാണ്‌. എന്നാല്‍ ചായയുണ്ടാക്കിയതിന്റെ ഒരു ലക്ഷണവും കണ്ടില്ല.

നിറഞ്ഞ കണ്ണുകള്‍ സാരിത്തലപ്പുയര്‍ത്തി തുടച്ചുകൊണ്ട്‌ എണീറ്റു ചെന്ന്‌ ബ്രീഫ് കെയ്സ്‌ തുറന്നു നോക്കുന്നുണ്ടായിരുന്നു, രേവതി. മൈതാനത്തിനപ്പുറമുള്ള കുന്നുകളില്‍ വീണുകിടന്ന അന്തിവെയില്‍ കണ്ണില്‍പ്പെട്ടത്‌ അപ്പോഴാണ്‌. പൊന്നിന്റെ പൂക്കളണിഞ്ഞ്‌ കോരി ത്തരിച്ചുനില്‍ക്കുന്ന കൊന്നമരത്തിന്റെ ചിത്രം ഓര്‍മ്മയുടെ തീരങ്ങളില്‍ പ്രതൃക്ഷമായി.
കൊന്നപ്പു…

ഉടനെ പുറത്തിറങ്ങി. സ്‌കൂട്ടര്‍ സറ്റാര്‍ട്ട് ചെയ്തപ്പോള്‍ അവള്‍ക്ക്‌ കാര്യം മനസ്സിലായിക്കാണണം. ദിനാന്ത്യത്തിന്റെ ആലസ്യത്തിനു മീതെ ചായ കിട്ടാത്തതിന്റെ അസ്വസ്ഥത കൂടിയായപ്പോള്‍ ഉണ്ടായ അമര്‍ഷം മുഴുവന്‍ വണ്ടിയുടെ ആക്സിലേറ്ററില്‍ തീര്‍ത്തു.

കാവല്‍ക്കാരോട്‌ അനുവാദം വാങ്ങി ഗോദ്റേജ് കമ്പനിയുടെ മതില്‍ക്കെട്ടിനകത്ത്‌ കടന്നു. തണല്‍വൃക്ഷങ്ങളെ പിന്നിട്ടുകൊണ്ട്‌ പൂന്തോട്ടത്തിലേക്ക്‌ ചെന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന ആ യാഥാര്‍ത്ഥ്യം കണ്ടു. നീലാകാശത്തിന്റെ വിരിമാറില്‍ പടര്‍ന്നു കയറുന്ന കൊന്നയുടെ നഗ്നമായ ശിഖരങ്ങള്‍. അവയില്‍ കിളിര്‍ത്തുവരുന്ന ഇളം കൂമ്പുകള്‍.

തിരിച്ചുനടക്കുമ്പോള്‍ വിയര്‍പ്പ്‌ ഒലിച്ചിറങ്ങാന്‍ തുടങ്ങിയിരുന്നു. സായന്തനത്തിന്റെ സൌരഭൃവും പേറിവന്ന തെന്നലിനുപോലും ഉഷ്ണം തോന്നി. ആരേ കോളനിയിലേക്കുള്ള റോഡിലൂടെ വണ്ടി തിരിച്ചുവിട്ടു. ടാറിട്ട പാതയുടെ ഇരുഭാഗത്തും പുല്‍പ്പരപ്പില്‍ തണല്‍വൃക്ഷ ങ്ങളുടെ മഞ്ഞപ്പുക്കള്‍ വിണുകിടന്നിരുന്നു. അന്തിവെയിലിന്റെ നാളങ്ങള്‍ ആ പൂക്കളുടെ വര്‍ണ്ണങ്ങളില്‍ കേറിയൊളിക്കാന്‍ തുടങ്ങി.

ഗിരിജാവല്ലഭന്‍

(1983 ല്‍ മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കഥ. കൊന്നപ്പൂക്കള്‍ വാങ്ങാന്‍ ഏറെ മലയാളി കടകളോ വിഷുക്കിറ്റുകളോ ഇല്ലാതിരുന്ന ഒരു കാലത്ത് എഴുതിയ കഥ. )

Latest articles

മുംബൈ മലയാളിയും ബോളിവുഡ് നർത്തകിയുമായ ശ്വേതാ വാരിയർ മെയ് 4 നു ഗുരുവായൂരിൽ നൃത്തം ചെയ്യും.

മുംബൈ മലയാളിയും, പുതു തലമുറയിലെ നർത്തകിയും സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്തശൈലിയുടെ ആദ്യ ഗുരുവുമായ ശ്വേതാ വാരിയർ...

“നഗരവൽക്കരണം; അവസരങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

നഗരവൽക്കരണത്തിന്റെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് സമഗ്രമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുടെ...

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് മുംബൈയിൽ നവീകരിച്ച കോർപ്പറേറ്റ് ഓഫീസ്

മുംബൈയിൽ ഗ്ലോബൽ റിക്രൂട്ട്‌മെന്റ്, സ്‌കിൽ ഡെവലപ്മെന്റ് മേഖലകളിലെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നവീകരിച്ച കോർപ്പറേറ്റ് ഓഫീസ്...

വിഷുക്കണിയും വിഷുക്കൈനീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി .

പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു. ഏപ്രിൽ 14ന് വിഷു ദിവസം ബിൽഡിംഗ്‌...
spot_img

More like this

മുംബൈ മലയാളിയും ബോളിവുഡ് നർത്തകിയുമായ ശ്വേതാ വാരിയർ മെയ് 4 നു ഗുരുവായൂരിൽ നൃത്തം ചെയ്യും.

മുംബൈ മലയാളിയും, പുതു തലമുറയിലെ നർത്തകിയും സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്തശൈലിയുടെ ആദ്യ ഗുരുവുമായ ശ്വേതാ വാരിയർ...

“നഗരവൽക്കരണം; അവസരങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

നഗരവൽക്കരണത്തിന്റെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് സമഗ്രമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുടെ...

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് മുംബൈയിൽ നവീകരിച്ച കോർപ്പറേറ്റ് ഓഫീസ്

മുംബൈയിൽ ഗ്ലോബൽ റിക്രൂട്ട്‌മെന്റ്, സ്‌കിൽ ഡെവലപ്മെന്റ് മേഖലകളിലെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നവീകരിച്ച കോർപ്പറേറ്റ് ഓഫീസ്...