ലോകം മുഴുവൻ ക്രിസ്തുമത വിശ്വാസികൾ യേശുക്രിസ്തുവിന്റെ ജെറുസലേം പട്ടണത്തിലേക്കുള്ള രാജകീയ പ്രവേശനം അനുസ്മരിക്കുന്നു. ഒപ്പം വിശുദ്ധവാരത്തിലേയ്ക്ക് വിശ്വാസികൾ പ്രവേശിക്കുന്നു.
പ്രവചനങ്ങളുടെ പൂർത്തീകരണമായ ഈ ഓശാന സംഭവത്തെ സുവിശേഷകനായ വിശുദ്ധ മത്തായി വളരെ വ്യക്തമായി തന്റെ സുവിശേഷത്തിലൂടെ വിവരിക്കുന്നുണ്ട്.
ഈ സുവിശേഷ ഭാഗം വായിക്കുമ്പോൾ ഓശാനയുമായി ബന്ധപ്പെട്ട ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരും.
തീർച്ചയായും ക്രിസ്തു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം.
പിന്നെയുള്ളത് ക്രിസ്തുവിനെ പുറത്ത് ചുമന്നു കൊണ്ടു വരുന്ന കഴുതയാണ്. പിന്നെയുള്ളത് കഴുതയെയും, കഴുത കുട്ടിയെയും കൂട്ടിക്കൊണ്ടുവരാൻ പോയ ക്രിസ്തുവിന്റെ ശിഷ്യന്മാരാണ്. കഴുതയുടെയും കഴുതക്കുട്ടിയുടെയും ഉടമസ്ഥനുണ്ട്. ഓശാന പാടുന്ന ജനക്കൂട്ടമുണ്ട്. ദേവാലയത്തിൽ വിവിധങ്ങളായ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്ന ആളുകളുണ്ട്. ഇവരെയൊക്കെ നിയന്ത്രിക്കുകയും, കച്ചവടവിഹിതങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്ന പുരോഹിതരും, ഫരിസേയരും യഹൂദ പ്രമാണിമാരുമുണ്ട്. ഇവരെല്ലാം ഈ മഹത്തായ സംഭവത്തിൽ കഥാപാത്രങ്ങളാണ്.
യേശുക്രിസ്തു കഴുതയെയും, കഴുത കുട്ടിയേയും കൂട്ടിക്കൊണ്ടുവരാൻ അയക്കുന്ന ശിഷ്യന്മാർ അനുസരണയുടെ പ്രതീകങ്ങളാണ്. അവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ ആണ് ക്രിസ്തു കൊടുക്കുന്നത്.
കഴുതയെയും, കഴുത കുട്ടിയെയും ചോദിക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ “അവയെ കൊണ്ട് കർത്താവിന് ആവശ്യമുണ്ട്” എന്നാണ് മറുപടി പറയേണ്ടത്. ആ ശിഷ്യന്മാർ ക്രിസ്തു പറയുന്നത് അക്ഷരംപടി അനുസരിക്കുന്നു, ആവശ്യം നിറവേറ്റുന്നു.
കഴുതയെയും കഴുതക്കുട്ടിയെയും മടികൂടാതെ വിട്ടുനൽകിയ അതിന്റെ ഉടമസ്ഥൻ തീർച്ചയായും ക്രിസ്തുവിനെ പറ്റി നേരത്തെ തന്നെ അറിഞ്ഞിട്ടുണ്ടാകും. കൂടുതൽ ചോദ്യങ്ങൾ ഒന്നുമില്ലാതെ അയാൾ തന്റെ സമ്പത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കുകയാണ്.
കഴുത കുട്ടിയുടെ പുറത്തേറി ക്രിസ്തു ജെറുസലേം പട്ടണത്തിലേക്ക് പ്രവേശിക്കുകയാണ്. യേശുക്രിസ്തു ഇതിനോടകം തന്നെ ജെറുസലേമിൽ അറിയപ്പെടുന്ന ആളായി മാറിക്കഴിഞ്ഞു. അദ്ദേഹം പട്ടണത്തിലേക്ക് കടന്നുവരുമ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ച് യേശുവിനെ വരവേൽക്കുകയാണ്. ആ കൂട്ടത്തിൽ യേശുവിനെ അറിയാവുന്നവർ ഉണ്ട്, അവന്റെ അത്ഭുതങ്ങൾ കണ്ടവരുണ്ട്, ദേവാലയത്തിൽ അവന്റെ വചനങ്ങൾ കേട്ടവൻ ഉണ്ട്, രോഗികളെ സൗഖ്യമാക്കുന്നതും, മരിച്ചവനെ ഉയർപ്പിക്കുന്നതും കണ്ടും കേട്ടും അറിഞ്ഞവരുണ്ട്.
വരാനിരിക്കുന്ന രക്ഷകൻ ഇവൻ തന്നെയെന്നും, ദാവീദിന്റെ വംശത്തിൽ പിറന്ന യേശു രാജാവാണെന്നും വിശ്വസിച്ചു ജനങ്ങൾ തങ്ങളുടെ രാജാവിന് ജയ് വിളിക്കുകയാണ്.
സ്വന്തം വസ്ത്രങ്ങൾ വഴിയിൽ വിരിച്ച്,സൈത്തിൻ ചില്ലകൾ വീശി ആവേശപൂർവ്വം അവർ യേശുവിന് ജയ് വിളിക്കുകയാണ്
“ഓശാന… ഓശാന… ദാവീദിന്റെ പുത്രന് ഓശാന”
ക്രിസ്തുവിനെ ചുമക്കുന്ന കഴുത തീർച്ചയായും ഇതുകണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ടാവും. ഒരിക്കലും ഒരു രാജാവ് ഒരു കഴുതയുടെ പുറത്തേറി പട്ടണത്തിൽ പ്രവേശിക്കില്ല. തന്റെ പുറത്തിരിക്കുന്നവനെ ജനങ്ങൾ രാജാവ് എന്നു വിളിക്കുന്നു, അവന് ഓശാന പാടുന്നു. ആരാണ് തന്റെ പുറത്തിരിക്കുന്നത് എന്നാവും പാവം കഴുത ആ സമയത്ത് ചിന്തിച്ചിരിക്കുക.
കഴുതപ്പുറത്ത് പട്ടണത്തിലേക്ക് പ്രവേശിക്കുന്ന യേശുക്രിസ്തുവിന്റെ വിശേഷണം “വിനീതനായി ഒരു കഴുതക്കുഞ്ഞിൻ പുറത്തെഴുന്നള്ളി” എന്നാണ്.
ക്രിസ്തുവിന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ തനിക്ക് ഈ ജയ് വിളിക്കുന്ന ആളുകളെ കുറിച്ച് തന്നെയായിരിക്കും.
അവർ എന്തറിഞ്ഞിട്ടാണ് തനിക്ക് ജയ് വിളിക്കുന്നത്? തനിക്ക് മുമ്പിൽ വസ്ത്രങ്ങൾ വിരിക്കുന്നവർ നാലുദിവസം കഴിയുമ്പോൾ തന്റെ വസ്ത്രം ഭാഗിച്ചെടുക്കും എന്ന് ക്രിസ്തുവിന് അറിയാം.
ഇന്ന് സൈത്തിൻ കൊമ്പുകൾ വീശി ആവേശം കാണിക്കുവർ നാലുദിനം പിന്നിടുമ്പോൾ മുൾക്കമ്പുകൾ കോർത്തു തനിക്ക് കിരീടം പണിയുമെന്ന് ക്രിസ്തുവിന് നന്നായിട്ടറിയാം.
ഇന്ന് ഓശാന വിളിക്കുന്ന മുഴുവനാളുകളും കടന്നുവരുന്ന വെള്ളിയാഴ്ച “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക” എന്ന് ആർത്തു വിളിക്കും എന്ന് ക്രിസ്തുവിന് അറിയാം.
ഇതൊക്കെ ആലോചിച്ചു കൊണ്ടായിരിക്കാം ക്രിസ്തു ഒരു ചെറു പുഞ്ചിരിയോടെ, വിനയത്തോടെ കഴുതയുടെ പുറത്തിരുന്ന് മെല്ലെ പട്ടണത്തിലേക്ക് കടക്കുന്നത്.
ജെറുസലേം ദേവാലയത്തിലേക്ക് ചെല്ലുമ്പോൾ യേശു കാണുന്നത് കർത്താവിന്റെ ആലയം ഒരു കച്ചവട സ്ഥലമാക്കി മാറ്റിയിരിക്കുന്നതാണ്.
ക്രിസ്തു ആ വ്യവസ്ഥിതിക്കെതിരെ ചാട്ടവാർ എടുക്കുകയും, വിൽക്കാൻ വച്ചിരിക്കുന്ന പ്രാവുകളെ തുറന്നു വിടുകയും, നാണയമാറ്റക്കാരുടെ മേശകൾ തട്ടിമറിക്കുകയും ചെയ്യുകയാണ്.
കർത്താവിന്റെ ആലയത്തെ കുറിച്ചുള്ള തീഷ്ണത മൂലമാണ് യേശുക്രിസ്തു ഇത് ചെയ്യുന്നത്. ന്യായാധിപർക്കും, ഫരിസേയർക്കും, യഹൂദ പ്രമാണിമാർക്കും ഇതൊന്നും ഇഷ്ടപ്പെടില്ല എന്ന് ക്രിസ്തുവിനു വ്യക്തമായി അറിയാം. താനീ ചെയ്യുന്നത് അവരെ പ്രകോപിതരാക്കുമെന്നും, അവർ തന്നെ ക്രൂശിക്കുമെന്നും ക്രിസ്തു മുൻകൂട്ടി തന്നെ അറിഞ്ഞിരുന്നു.
ആബാലവൃന്ദം ജനങ്ങൾ യേശുക്രിസ്തുവിനു ജയ് വിളിക്കുമ്പോൾ, നഗരം ഇളകിവശായപ്പോൾ അസ്വസ്ഥരാകുന്ന ഫരിസേയരേ നമ്മൾ കാണുന്നുണ്ട്.
“ജനങ്ങളെല്ലാം അവന്റെ പിന്നാലെ പോകുന്നു നമുക്ക് അവരെ തടയാൻ കഴിയുന്നില്ല, നാളെ നമ്മളുടെ നിലയും വിലയും നഷ്ടപ്പെടും. ജനങ്ങൾ ക്രിസ്തുവിന്റെ അനുയായികളായി മാറും. ഇതുവരെ അനുഭവിച്ച സുഖങ്ങളും, സമ്പത്തും എല്ലാം കൈമോശം വരും”
എന്നിങ്ങനെയുള്ള ചിന്തകളാൽ ഭരിക്കുന്നവർ ആശങ്കാകുലരായ കാഴ്ചയാണ് ദേവാലയത്തിലെ അവസ്ഥ.
“എന്റെ ഭവനം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അത് കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു” യേശുവിന്റെ വാക്കുകൾ.
ദേവാലയത്തിൽ ഇതുപോലുള്ള ഒരു പ്രഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ച ശേഷം യേശു അവിടം വിട്ടു ബഥാനിയായിലേക്ക് പോകുകയാണ്. തന്നെ ഇല്ലാതാക്കാൻ നടക്കാൻ പോകുന്ന ഗൂഡാലോചനാകളെയെല്ലാം പ്രവചനങ്ങളുടെ പൂർത്തീകരണത്തിനു വിട്ടു കൊടുത്തിട്ട് ഈശോ അവിടുന്ന് മെല്ലെ കടന്നു പോകുകയാണ്. വലിയ ഒരു ചോദ്യം അവശേഷിപ്പിച്ചു കൊണ്ട്.
ആരാണ് നിങ്ങളുടെ രാജാവ്?
ഇന്നും പ്രസക്തമായ ചോദ്യം
ആരാണ് നിങ്ങളുടെ രാജാവ്?
നെല്ലൻ ജോയി