മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ അമിതവേഗത്തിൽ വന്ന ട്രക്ക് ഇരുപതോളം വാഹനങ്ങളിൽ ഇടിച്ചുകയറിയതിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ ഒരു സ്ത്രീ മരിച്ചതായി ഔദ്യോദിക സ്ഥിരീകരണമുണ്ട്. ഇതോടെ തിരക്ക് പിടിച്ച പാതയിൽ 5 കിലോമീറ്ററോളം നീണ്ട വൻ ഗതാഗതക്കുരുക്കിൽ കുടുങ്ങി നിരവധി വാഹനങ്ങൾ.
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മുംബൈ പൂനെ എക്സ്പ്രസ് വേയിൽ അമിതവേഗത്തിലെത്തിയ കണ്ടെയ്നർ ട്രെയിലർ ട്രക്ക് ഇരുപതോളം വാഹനങ്ങളിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
റായ്ഗഡ് ജില്ലയിലെ ഖലാപൂർ താലൂക്കിലെ ഖോപോളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഡോഷി ടണലിന് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
“ബ്രേക്ക് തകരാറിലായതിനെ തുടർന്ന് കണ്ടെയ്നർ ട്രെയിലർ ട്രക്കിന്റെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബിഎംഡബ്ല്യു, മെഴ്‌സിഡസ് പോലുള്ള ആഡംബര കാറുകൾ ഉൾപ്പെടെ കുറഞ്ഞത് 20 വാഹനങ്ങളിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. 19 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാൾ ചികിത്സയിലിരിക്കെ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഖോപോളി പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. എന്നിരുന്നാലും, സംഭവ സമയത്ത് അയാൾ മദ്യപിച്ചിരുന്നില്ല എന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരുന്നു,
പ്രതിദിനം 2 ലക്ഷം വരെ വാഹനങ്ങൾ കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എക്സ്പ്രസ് ഹൈവേകളിലൊന്നിലാണ് അപകടം നടന്നത് – വാരാന്ത്യങ്ങളിൽ ഈ എണ്ണം വീണ്ടും വർദ്ധിക്കുന്നു.
ആഘാതം ഗുരുതരമായിരുന്നു – കുറഞ്ഞത് മൂന്ന് വാഹനങ്ങളെങ്കിലും പൂർണ്ണമായും തകർന്നു, മറ്റു പലതിനും സാരമായ കേടുപാടുകൾ സംഭവിച്ചു. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും അടിയന്തര സംഘങ്ങളെ ഉടൻ വിന്യസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങൾ ബദൽ വഴികളിലൂടെ തിരിച്ചുവിടാൻ അധികൃതർ നിർബന്ധിതരായി. പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് തന്നെ തുടർന്നു, സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി നിരന്തരം പ്രവർത്തിച്ചു.

