അടുത്തിടെ ലോകസഭ പാസ്സാക്കിയ പുതിയ വഖഫ് നിയമം മുസ്ലിം മത വിശ്വാസികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനെതിരെ ശക്തമായി പോരാടുമെന്നും മഹാരാഷ്ട്ര മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ സി എച്ച് പ്രഖ്യാപിച്ചു.
മുംബൈ മലാഡ് മലോനിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുൽ റഹ്മാൻ . മലാഡ് മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ബസ് ഡിപ്പോക്കു സമീപം വെച്ചു പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വഖഫ് നിയമത്തിനെതിരെ പാർലിമെന്റിലും പുറത്തും നിയമപരമായി പോരാടുമെന്ന് ലീഗ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായി മുംബൈയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും പ്രക്ഷോപം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി നടത്തിയത് .
ഒരു മുസൽമാൻ അവന്റെ സ്വത്ത് സമുദായ നന്മക്കു വേണ്ടി ദാനം ചെയ്യുന്നത് പോലും വിലക്കുന്ന നിയമം നിലവിലുള്ള കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുകൾ കൈവശപെടുത്താനുള്ള സംഘ പരിവാർ അജണ്ട യാണെന്നും അത് അനുവദിക്കാൻ ഒരു മത വിശ്വസിക്കും സാധ്യമല്ലെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു. ബില്ല് അവതരിപ്പിച്ചു കൊണ്ട് ഇത് മുസ്‌ലിം സ്ത്രീകൾക്ക് അനുകൂലമാണെന്ന് പറഞ്ഞു കൊണ്ട് മന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വഖഫ് സ്വത്തിൽ കണ്ണ് വെച്ചുള്ള കപട വാദങ്ങൾ മാത്രമാണിതെന്നും മുംബൈ സിറ്റി വനിതാ ലീഗ് പ്രസിഡണ്ട് റിസ്‌വാനാ ഖാൻ വിമർശിച്ചു.