അതൊക്കെയൊരു കാലം. ഓർമ്മയുടെ ആഴങ്ങളിൽ ചികഞ്ഞുനോക്കുമ്പോൾ തെളിഞ്ഞു വരാറുള്ള മധുരമാർന്ന വേറൊരു മങ്ങിയ ചിത്രം.
തെരുവോര വീഥികളിൽ ആരെയും ആകർഷിക്കുന്ന വിധം ഒരു കോണിലായി ചുവന്ന നിറമുള്ള കുംഭനിറഞ്ഞൊരു തപാൽ പെട്ടി. ജീവൻ നിറയുന്ന അക്ഷരക്കൂട്ടങ്ങളുമായി അതങ്ങനെ തൻ്റെ പ്രിയ്യപ്പെട്ടവരുടെ അടുത്തെത്താനായി വെമ്പിയിരുന്നു.
ആ വെമ്പലിൽ അമ്മ മനസിന്റെ സ്നേഹവും കരുണയും,കാമുകിയുടെ പ്രേമവിവശതയുടെ സന്ദേശവും പരിഭവവും , ഭാര്യയുടെ ഒരിക്കലും തീരാത്ത പരാതികളും നാളെയെക്കുറിച്ചുള്ള ചിന്തകളും, മക്കളുടെ കുരുത്തക്കേടിൻ്റെ കാര്യവും അങ്ങനെ എല്ലാമെല്ലാമുണ്ടായിരുന്നു.
മുളയിലേ തളിർക്കാതെ കരിഞ്ഞു പോയ സ്വപ്നത്തിൻ്റെ ബാക്കിയും, ജീവിതമൊന്നു പച്ച പിടിപ്പിക്കാനായി ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ അഭയം പ്രാപിച്ച ജന്മങ്ങളും, വാക്കു കൊടുത്തിട്ട് പോന്നത് വീണ്ടുമോർപ്പിക്കുന്ന പ്രണയിനിയുടെ കത്തുകളും,നീറിപ്പുകഞ്ഞ വിരഹതീവ്രതയറിയിക്കുന്ന ,വിവാഹശേഷം മൂന്നാം നാൾ ഗൾഫിലേക്ക് പറക്കേണ്ടി വന്ന മണവാളൻ്റെ ഭാര്യയുടെ കത്തുകളും അങ്ങനെയങ്ങനെ
എല്ലാം തന്നെ തപാൽപ്പെട്ടിയുടെ രാവുകളെ നിദ്രാവിഹീനങ്ങളാക്കിയിട്ടുണ്ട്.
മനുഷ്യ മനസിലെ എല്ലാ വികാര വിചാരങ്ങളുടേയും വേലിയേറ്റ വേലിയിറക്കങ്ങൾ പകർന്നാടിയതെല്ലാം ആ ഇൻലൻഡുകളിലൂടെയായിരുന്നു. അതിൽ മിടിക്കുന്നത് ഓരോ ഹൃദയങ്ങളായിരുന്നു. അതെ, ഏകദേശം 30 വർഷം പിന്നിലേക്ക് പോകാം.
ഞങ്ങൾടെ നാട്ടിൽ പണ്ട് കത്തും, മണിയോർഡറുമൊക്കെ കൊണ്ടു വന്നിരുന്നത് ഒരു ഗോപാലൻ മാഷായിരുന്നു. ഉച്ച സമയത്താണ് അദ്ദേഹത്തിൻ്റെ വരവ്. കക്ഷത്തിലൊരു കറുത്ത ബാഗും, നീട്ടിപ്പിടിച്ച ഒരു കാലൻ കുടയുമായിട്ടാണ് വരുന്നത്. റോഡിൻ്റെ അങ്ങേ അറ്റത്ത് നിന്നെ കുടയുടെ അറ്റം കാണാം. അപ്പോഴേ എന്തോ നെഞ്ചിലൊരാന്തലാണ്, ചുണ്ടിലറിയാതെ ഒരു പുഞ്ചിരി നിറയും. വരവ് ഇവിടേയ്ക്കല്ല എന്നറിയുമ്പോൾ “ഓ… ഇന്നുമില്ലേ ഒന്നും ” എന്നുള്ള നിരാശ. എന്നാൽഓടിയെത്തുന്ന നേരത്ത് കത്ത് കയ്യിൽ കിട്ടുമ്പോൾ വിവരങ്ങൾ വായിച്ചറിയാനുള്ള ആകാംക്ഷയും,വായിക്കുമ്പോഴുണ്ടാകുന്ന നൊമ്പരങ്ങളുമൊക്കെ ഇന്നുമോർക്കുമ്പോൾ മനസിന് വല്ലാത്തൊരു കുളിരാണ്. അമ്മാവൻ്റെ കത്താണെങ്കിൽ മുത്തശ്ശിയെ അത് ഉറക്കെ വായിച്ചു കേൾപ്പിക്കുക എന്നത് എൻ്റെ കടമയായിരുന്നു. അതു വായിക്കുമ്പോൾ അമ്മാവൻ മുന്നിൽ നിൽക്കുന്നു എന്ന മട്ടിൽ അപ്പോൾ തന്നെ മുത്തശ്ശി എല്ലാത്തിനും മറുപടി പറയുമായിരുന്നു , എന്താ ല്ലേ?
ഞാൻ കാത്തിരിക്കാറുള്ളത് എൻ്റെ അപ്പുവേട്ടൻ്റെ കത്തുകളായിരുന്നു. അപ്പുവേട്ടൻ്റെ അമ്മുവിനായി വരുന്ന പ്രണയലേഖനമായിരുന്നു അത്. ഏതൊരു പ്രണയിനിയെയും പോലെ ഞാനും ആ കത്ത് വായിക്കുമ്പോൾ വേറെ ഒരു ലോകത്തായിരുന്നു. മനസിൽ എന്തോ ഒരു സുഖമുള്ള ആലസ്യം …
മുത്തശ്ശിക്കാണ് മണിയോർഡർ വരിക.മണിയോർഡർ ആണ് വരുന്നതെങ്കിൽ ആ ഫോമിന് താഴെയും എഴുതിയിട്ടുണ്ടാകും അത്യാവശ്യം സന്ദേശങ്ങൾ. അതു വായിക്കുന്നതും ഞാനാണ്. മണിയോർഡർ തന്നു കഴിഞ്ഞാൽ ഗോപാലൻ മാഷിന് പത്തോ, ഇരുപതോ കൊടുക്കണം, അതു വാങ്ങാനായി മാഷ് ബാഗിൽ വെറുതെ എന്തോ എടുക്കാനെന്ന മട്ടിൽ അങ്ങനെ പരതി നോക്കിക്കൊണ്ടിരിക്കും. ടിപ്പ് കിട്ടിയാലുടൻ മാഷ് സ്ഥലം വിടും.
എല്ലാ ദിനങ്ങളിലും ഒന്നു നേരം പുലരാനായി സന്ദേശങ്ങൾ അയയ്ക്കാനും, സ്വീകരിക്കാനുമുള്ള ആ വ്യഗ്രതയിൽ കാത്തിരിപ്പുകൾ നീളുമ്പോൾ കിട്ടിയ സുഖം…….
പഴയതെല്ലാം പുതിയതിനായി വഴി മാറുമ്പോൾ കളഞ്ഞു പോകുന്നത്, നഷ്ടമാകുന്നത് ഇപ്പോളെവിടെയെന്നറിയാത്ത നമ്മുടെ നല്ലോർമ്മകളും ബാല്യങ്ങളുമാണ്.. ഇന്ന് കൈവിരൽത്തുമ്പിൽ സന്ദേശങ്ങളയ്ക്കാനുള്ള പുതിയ സൗകര്യങ്ങളുണ്ടെങ്കിലും ആ പഴമയുടെ സൗന്ദര്യം ഒന്നു വേറെ തന്നെയായിരുന്നു.
മനസിൻ്റെ മണിച്ചെപ്പിലായി എല്ലാമിങ്ങനെ അടുക്കിയടുക്കി വയ്ക്കാം നമുക്ക്. ജീവിതത്തിൻ്റെ ഇരുട്ടറകളിൽ വല്ലപ്പോഴും ഈ ഓർമ്മകൾ മിന്നാമിനുങ്ങുപോൽ തിളങ്ങട്ടെ…..
ദീപ ബിബീഷ് നായർ
- അപൂർവ്വ സംഗമ വേദിയായി ബോംബെ കേരളീയ സമാജം നവതി ഓഡിറ്റോറിയം
- ക്ഷേത്രങ്ങൾക്കു നേരെ തീവ്രവാദ ആക്രമണം; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ
- ഡോംബിവിലിയിൽ ആധാർ കാർഡ് ഹെൽപ്പ് ഡെസ്ക്
- ഭൂകമ്പം ഗഡ്ചിരോളിയെ വിറപ്പിച്ചു
- ശ്രീനാരായണഗുരു സന്ദേശം ഈ കാലഘട്ടത്തിൽ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ
- ഏക്നാഥ് ഷിൻഡെ ആശുപത്രിയിൽ
- മുംബൈയിൽ കവിതാ കാർണിവൽ ഡിസംബറിൽ; ഇഐഎസ് തിലകന് കവിതാപുരസ്കാരം ജി അനില്കുമാറിന്
- ഡൽഹിയിൽ തിളങ്ങി സുരേഷ് ഗോപി സ്റ്റൈൽ.
- യുവസംഗമവും സംഗീത വേദിയും; പുതിയ ചുവടുവയ്പ്പുമായി ബോംബെ കേരളീയ സമാജം
- ടുട്ടൂ…ഗോ ആന്റ് പുട്ടപ്പി !!!; ഭാഷാ പ്രയോഗത്തെ പൊളിച്ചടുക്കി പ്രൊഫ പറമ്പിൽ ജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- മഹാരാഷ്ട്രയിലെ അധികാര വടംവലിയിൽ താനില്ലെന്ന് ഡോ ശ്രീകാന്ത് ഷിൻഡെ എം പി
- ഫെയ്മ സർഗോത്സവം 2024; മഹാരാഷ്ട്രയിലെ മലയാളി പ്രതിഭകൾക്കായി കലാവിരുന്നിന് വേദിയൊരുങ്ങുന്നു