288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചയുടൻ തന്നെ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ അടക്കമുള്ള നടൻമാർ വോട്ട് രേഖപ്പെടുത്താൻ അവരുടെ പോളിംഗ് സ്റ്റേഷനുകളിൽ എത്തി.
മലയാളി വോട്ടർമാരിൽ സമ്മതിദാനം രേഖപ്പെടുത്തിയ സ്റ്റാറ്റസ് പങ്ക് വച്ച് ഇക്കുറിയും താനെയിലെ സാമൂഹിക പ്രവർത്തകനായ ശശികുമാറും സംഘവും പതിവ് തെറ്റിക്കാതെ ആദ്യമെത്തിയവരിൽ സ്ഥാനം പിടിച്ചു
രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായ ഉല്ലാസ നഗറിൽ വസിക്കുന്ന പി കെ ലാലിയും കുടുംബവും ആദ്യമെത്തി സമ്മതിദാനം രേഖപ്പെടുത്തിയ മലയാളികളിൽ ഉൾപ്പെടും. ഇക്കുറി മലയാളികളുടെ വോട്ടുകൾ കൂടുമെന്നാണ് റിപോർട്ടുകൾ പുറത്ത് വരുന്നത്. ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുറപ്പിക്കാൻ എളുപ്പമായതാണ് ഇതിനൊരു കാരണം
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബാരാമതിയിലെ എൻസിപി സ്ഥാനാർത്ഥിയുമായ അജിത് പവാർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 52,789 മേഖലകളിലായി 1,00,186 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ്. ഇതിൽ 42,604 നഗര പോളിംഗ് ബൂത്തുകളും 57,582 ഗ്രാമീണ പോളിംഗ് ബൂത്തുകളും ഉൾപ്പെടുന്നു. ഇതിൽ 299 പോളിംഗ് ബൂത്തുകൾ നിയന്ത്രിക്കുന്നത് വികലാംഗർ ആണ്.
പുതുക്കിയ വോട്ടർ പട്ടിക പ്രകാരം, മഹാരാഷ്ട്രയിൽ ഏകദേശം പത്ത് കോടിയോളം (9.7 കോടി) (97 ദശലക്ഷം) വോട്ടർമാരുണ്ട്. ഇതിൽ 4.97 കോടി പുരുഷ വോട്ടർമാരും 4.66 കോടി സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു.
ഇരുപത് ലക്ഷത്തിലധികമാണ് കന്നി വോട്ടർമാർ (18-19) . 18 മുതൽ 29 വയസ്സ് പ്രായമുള്ള രണ്ടു കോടിയോളം യുവ വോട്ടർമാരുണ്ട് (1.85 കോടി)
ആകെ 4140 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രയോജന പ്പെടുത്താമെന്നത് വലിയ സൗകര്യമായി
വോട്ടർമാർക്ക് അവരുടെ പോളിംഗ് ബൂത്ത്, സമീപത്തെ പാർക്കിങ് സ്ഥലം, ബൂത്തിലെ തിരക്ക്, എന്നിവയെ ക്കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുമെന്നതും പോളിങ്ങിന് ഗുണം ചെയ്യും.
ഇതിനായി പ്രത്യേക QR കോഡ് സ്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക പോലീസ് സേനകളെ ബൂത്തുകളിൽ വിന്യസിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ ആരും വിമുഖത കാട്ടരുതെന്നാണ് പോലീസ് കമ്മീഷണർ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, തുടങ്ങിയവർക്കായി പ്രത്യേക പരിഗണനയും സൗകര്യങ്ങളും ഓരോ ബൂത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്.
മുംബൈ നഗരത്തിൽ ഇക്കുറി മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2019 ൽ വെറും 50 ശതമാനം മാത്രമാണ് പോളിംഗ് നടന്നത്. അതിന് മുൻപ് 2014ൽ 51 ശതമാനവും 2009 ൽ 46 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിൽ 52 ശതമാനമായിരുന്നു പോളിംഗ്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 55 ശതമാനവും.
എന്നാൽ ഇക്കുറി ഗ്രാഫ് മാറി മറിയാൻ സാധ്യതയുണ്ട്
മഹാരാഷ്ട്രയിൽ ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ ഇത്രയും വീറും വാശിയും പ്രകടമായി കാണാനായത് .
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുംബൈ അധ്യക്ഷൻ ആശിഷ് ഷേലാർ, നിയമസഭ സ്പീക്കർ രാഹുൽ നർവേക്കാർ എന്നിവരാണ് ബിജെപിയുടെ പ്രമുഖ സ്ഥാനാർഥികൾ
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, രാജ്യസഭാംഗം മിലിന്ദ് ദേവ്‌റ എന്നിവരാണ് ഷിൻഡെ വിഭാഗത്തിലെ പ്രധാന മുഖങ്ങൾ
ഉപമുഖ്യമന്ത്രി അജിത് പവാർ, മന്ത്രി ഛഗൻ ഭുജ്ബാൽ, മുൻ മന്ത്രി നവാബ് മാലിക് എന്നിവരാണ് എൻ സി പി അജിത് പവാർ പക്ഷത്തെ പ്രധാനികൾ
കോൺഗ്രസിൽ എം പി സി സി അധ്യക്ഷൻ നാനാ പട്ടോളെ , മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, പ്രതിപക്ഷ നേതാവ് വിജയ് വാഡേറ്റിവർ എന്നവരും മത്സര രംഗത്തുണ്ട്
എൻ സി പി ശരദ് പവാർ പക്ഷത്ത് നിന്ന് ജയന്ത് പാട്ടീൽ, മുൻ മന്ത്രി ജിതേന്ദ്ര ആവാഡ്
ശിവ സേന ഉദ്ധവ് പക്ഷത്ത് മുൻ മന്ത്രി ആദിത്യ താക്കറെ കൂടാതെ എം എൻ എസിൽ രാജ് താക്കറെയുടെ മകൻ അമിത് താക്കറെ, എം എൽ എ രാജു പാട്ടീൽ എന്നിവരും മത്സര രംഗം കൊഴുപ്പിക്കും
സി പി ഐ എം സ്ഥാനാർഥികളായി എം എൽ എ വിനോദ് നിക്കോളെ , ജെ പി ഗാവിത്, സരസയ്യ ആദം എന്നിവരും മത്സര രംഗത്തെ പ്രമുഖരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര തുടങ്ങിയ നേതാക്കൾ മഹാരാഷ്ട്രയിലുടനീളമുള്ള റാലികളെ അഭിസംബോധന ചെയ്തു. സംസ്ഥാന നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, നാനാ പാട്ടോളെ, മഹായുതിയിൽ നിന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ കൂടാതെ മഹാരാഷ്ട്ര നവ നിർമ്മാൺ സേന തലവൻ രാജ് താക്കറെ തുടങ്ങി പ്രചാരണ രംഗത്തെ ആവേശത്തിലാക്കിയവർ നിരവധി നേതാക്കളാണ്
വികനസങ്ങൾ ഉയർത്തിക്കാട്ടിയും നിരവധി സൗജന്യങ്ങൾ പ്രഖ്യാപിച്ചുമാണ് ഭരണപക്ഷം പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ വികസനങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടിയും, തൊഴിലില്ലായ്‌മ, കർഷക ദുരിതങ്ങൾ, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ വലയുന്ന ആദിവാസി മേഖലകൾ , മറാഠ സംവരണം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചുമായിരുന്നു പ്രതിപക്ഷ റാലികൾ.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തിന് കരയിച്ചത് ഉള്ളിയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു.
എന്നാൽ കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സൗജന്യ പ്രഖ്യാപങ്ങളുടെ പെരുമഴയായിരുന്നു. മഹായുതിയും മഹാവികാസ് അഘാഡിയും ഇക്കാര്യത്തിൽ മത്സരമായിരുന്നു
കൂടാതെ ധാരാവി പുനർ വികസനവും ഏറെ ചർച്ച ചെയ്യപ്പെട്ടു.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു