ചരിത്രം ഇല്ലാത്ത ഒന്നും തന്നെ ഈ ഭൂമുഖത്ത് ഇല്ല എന്നു പറയുന്നു വിന്‍സെന്റ് സ്മിത്തിനെ പോലുള്ളവർ. ഇന്ത്യയുടെ ചരിത്രം – ബ്രിട്ടീഷുകാർക്ക് അനുകൂലമാകും വിധം – എഴുതി ഉണ്ടാക്കി ക്കൊടുത്തതും ഇക്കൂട്ടർ തന്നെയാണല്ലോ. എങ്കിലും, എല്ലാ വസ്തുതകൾക്കും, വസ്തുക്കൾക്കും അവയുടേതായ ഒരു ചരിത്രം ഉണ്ടെന്നു സമ്മതിക്കാതെ വയ്യ.
നമ്മൾ “മദ്രാസികളെ ” മറ്റുള്ള ഭാരതീയരിൽ നിന്നും വേർ തിരിച്ചു കാണുന്നതും നമ്മുടെ ഇഡ്ഡലി എന്ന ഭക്ഷ്യ വസ്തു കാരണമാണ് എന്നും വേണമെങ്കിൽ പറയാം . പക്ഷെ ഇന്ന് ഇഡ്ഡലി നമ്മൾ മദ്രാസികൾക്കിടയിൽ മാത്രമല്ല ലോകമെമ്പാടും പ്രാധാന്യമുള്ള ഒരു ഭക്ഷണം ആയി – ത്തീർന്നിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. അന്തർരാഷ്ട്രീയ യാത്രകൾ നടത്തുന്ന വിമാനങ്ങളിൽ പോലും ഇപ്പോൾ ഇഡ്ഡലി ഭക്ഷണമായി കൊടുക്കാറുണ്ടല്ലോ !. അങ്ങിനെ ലോകം എമ്പാടും പ്രസിദ്ധി നേടിയ നമ്മുടെ ഇഡലിക്കും ഉണ്ട് അധികം അറിയപ്പെടാത്ത ഒരു ചരിത്രം !!
മുംബൈയിലെ മലബാർ ഹില്ലിൽ താമസിച്ചിരുന്ന കാലത്ത് , രാവിലെ ഒരു നടത്തത്തിന്നു ഇറങ്ങുമായിരുന്നു . മൌണ്ട് പ്ലെസൻറ് റോഡിലെ വീട്ടില്‍ നിന്ന്, കുന്നിറങ്ങി, നേപ്പിയൻ സീ റോഡിൽ പ്രവേശിച്ചു, നേരെ പ്രിയ ദർശിനി പാർക്ക് വരെ ഒരു ചെറിയ നടത്തം. അക്കാലത്താണ് മുത്തുവിനെ കാണുന്നതും പരിചയപ്പെടുന്നതും എല്ലാം.
തമിഴകത്തിലെ ആർക്കാട്ട് സ്വദേശിയാണ് മുത്തു . അതിരാവിലെ തന്നെ സൈക്കിളിൽ ഒരു കുട്ട നിറയെ ഇഡ്ഡലികളും വലിയ കൈപ്പിടിയുള്ള ഒരു അലുമിനീയ പാത്രം നിറയെ സാമ്പാറും ആയി എന്നും എത്തും മുത്തു.
നേപ്പിയൻ സീ റോട്ടിലെ ബസ് സ്റ്റൊപ്പിന്നടുത്തു ഒരു ഒഴിഞ്ഞ സ്ഥലത്തുള്ള മരത്തണലിൽ ഇരിപ്പുണ്ടാവും അയാൾ . ചൂറ്റും എപ്പോഴും രാവിലെ ആപ്പീസിൽ പോകുന്നവരുടെ തിരക്കും ഉണ്ടാകും. തിരക്കിനിടയിലൂടെ എന്നോട് ” വണക്കം സാർ” എന്ന് വിളിച്ചു പറയാൻ മറക്കാറില്ല മുത്തു. ഒരു മണിക്കൂറിനകം കച്ചവടം എല്ലാം തീർത്ത്, കാലി കൊട്ടയും, പാത്രങ്ങളുമായി മുത്തു സ്ഥലം വിടുകയും ചെയ്യും .
കച്ചവടം കുറച്ചു നേരത്തെ കഴിഞ്ഞ ഒരു ദിവസം അയാളോട് ചില കുശലപ്രശ്നങ്ങൾ നടത്താൻ അവസരം ഉണ്ടായി. അപ്പോഴാണ് കച്ചവടത്തിന്റെ ചില ചില കണക്കുകൾ എല്ലാം അയാൾ പറഞ്ഞു തന്നത്. പ്ലേറ്റ് ഒന്നിന് പത്തു രൂപ വച്ച് അയാൾക്ക് ദിവസത്തിൽ അഞ്ഞൂറ് രൂപയാണത്രേ വരവ്. ചിലപ്പോൾ വൈകീട്ട് നൂറോളം വടയും അതെ നിരക്കിൽ കച്ചവടം ചെയ്യാറുണ്ടു അയാൾ .
മലബാർ ഹിൽ പ്രദേശത്തു – റോഡ് സൈഡിൽ – രാവിലെ ആപ്പീസ് സമയത്തിനു പാകമായി ഇങ്ങിനെ ദക്ഷിണേന്ത്യൻ ഭക്ഷണ വസ്തുക്കൾ വിൽക്കുന്നവർ വളരെ കുറവാണെന്നും, അത് കൊണ്ടാണു ഈ കച്ചവടം നടത്തി കൊണ്ട് പോകുവാന്‍ സാധിക്കുന്നത് എന്നും പറഞ്ഞു അയാൾ. (മുത്തുവിന്റെ കസ്റ്റമെർസിൽ അധികവും പല ആപ്പീസ്സുകളിലേക്കും പോകാൻ ബസ്സ് കാത്തു നിൽക്കുന്നവരായിരിക്കും !)
ഇഡലിയോടു നാട്ടുകാർക്ക് എന്താണിത്ര മമത എന്ന് അപ്പോഴാണ് ആലോചിച്ചു തുടങ്ങിയത്. ഇവിടെ വരുന്നതിനു പത്തിരുപതു കൊല്ലം മുമ്പ് ഒരു അന്തർരാഷ്ട്രീയ സ്ഥാപനത്തിൽ ജോലി എടുത്തിരുന്ന കാലത്ത് അവിടുത്തെ “കഫെറ്റേരിയായിൽ” ഏറ്റവും അധികം ചിലവായി കൊണ്ടിരുന്ന ഐറ്റം അവിടുത്തെ ശ്രീലങ്കക്കാരൻ തമിഴൻ ഉണ്ടാക്കിയിരുന്ന ഇഡലി ആയിരുന്നു എന്ന കാര്യം ഓർമ്മ വന്നു . അവിടെ അതിന്റെ പേര് “സ്റ്റീംഡു റൈസ് കേക്ക് ” (Steamed Rice Cake) എന്നായിരുന്നു. “ഫ്രീ ഫ്രം ദ ട്രോപ്പിക്കൽ മൈക്ക്രൊബ്സ് ” (Free from the tropical microbes), എന്നാണു കൂടെ ജോലിയെടുത്തിരുന്ന “ജോണ് ജോർട്ട്” എന്ന ഫ്രഞ്ചുകാരനും, എന്റെ അസിസ്റ്റന്റ് ആയിരുന്ന ചുകന്നു കൊഴുത്ത സ്വീഡിഷ് മദാമ്മക്കുട്ടിയും പറയാറ് . നമ്മുടെ ഇടയിലും ഡോക്ട്ടർമാർ രോഗികൾക്ക് നിർദ്ദേശിക്കാറുണ്ടല്ലോ, “ലയിറ്റ് ആൻഡ് സേഫ് ഫുഡ് ലൈക്ക് ഇഡലീ ഓർ കിച്ടി !” (Light and safe food like idli or kichhdee).
എന്തൊക്കെയാണെങ്കിലും, നമ്മുടെ ഇന്ത്യയിൽ ഒരു “മദ്രാസി റ്റാബു” ഉണ്ട് ഇഡലിക്ക്. കാരണം, നമ്മള്‍ എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് ഇഡലി യുടെ ഉൽപ്പത്തി തമിഴ് നാട്ടിൽ നിന്നാണെന്നു അല്ലെ ! തമിഴ് നാട്ടുകാരും ഏതാണ്ട് ഇങ്ങിനെയൊക്കയാണ് ധരിച്ചു വച്ചിരിക്കുന്നതും. പക്ഷെ “ഇഡലി ശാസ്ത്ര ഗവേഷകന്മാർ” പറയുന്നത് അത് ശരിയല്ലാ എന്നാണു. എന്ന് മാത്രമല്ലാ, ഇഡ്ഡലിയുടെ ചരിത്രത്തിനു രണ്ടായിരത്തോളം കൊല്ലക്കാലത്തെ പഴക്കം ഉണ്ടെന്നും അവർ അവകാശപ്പെടുന്നു.
ഇന്ത്യയിൽ ക്രിസ്തുവിന്നു മുമ്പ് 800-1200 കാലഘട്ടത്തിൽ നീരാവി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന സമ്പ്രദായം ഇന്തോനേഷ്യയിൽ നിന്നും കൊണ്ട് വരപ്പെട്ടു എന്നും , ക്രിസ്താബ്ദം 700 –ഓടുകൂടി നീരാവി ഉപയോഗിച്ച് ഇഡലി ഉണ്ടാക്കുന്ന സമ്പ്രദായം നിലവിൽ വന്നു എന്നുമാണ് പറയപ്പെടുന്നത്. പക്ഷെ ഏ .ഡി 920 – ഓടു കൂടി മാത്രമാണ് തെക്കേ ഇന്ത്യയിൽ ഇഡലി ഉണ്ടാക്കി തുടങ്ങിയതെന്നും അവർ പറയുന്നു. ആദ്യ കാലങ്ങളിൽ വെറും ഉഴുന്ന് വെള്ളത്തിൽ കുതിർത്തു വച്ചാണ് “മാവ് ” ഉണ്ടാക്കിയിരുന്നതെന്നും, ഏ .ഡി . 17-ആം നൂറ്റാണ്ടു മുതൽക്കു മാത്രമേ ഇഡലി മാവിൽ അരി ചേർത്തു തുടങ്ങി യിരുന്നുള്ളൂ എന്നുമാണ് ചരിത്രം!
കർണ്ണാടകത്തിലെ ” ഇഡലികെ” എന്ന പദം കന്നടത്തിലെ ശിവ കോട്യാ ചാര്യന്റെ “വദ്ധരാധനെ ” യിൽ 1130 –ൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും, അതിനു വളരെ ശേഷം 17-ആം നൂറ്റാണ്ടിൽ മാത്രമാണ് “ഇട്ടലി” എന്ന പേരില് ഇഡലി തമിഴകത്ത് കണ്ടു തുടങ്ങിയത് എന്നുമാണ് കെ.ടീ. ആചായയുടെ ഇന്ത്യൻ ഭക്ഷണത്തെ കുറിച്ചുള്ള ആധികാരിക ചരിത്രം ഗ്രന്ഥം പറയുന്നത്. (K T Achaya: A Historical dictionary of Indian food).
ചരിത്രം എന്തും ആയികൊള്ളട്ടെ ! ഇന്ത്യയിൽ “തുമ്പ പൂവിന്റെ നിറവും, പഞ്ഞി പോലെ മൃദുവും ആയ ഇഡലികൾ ഇന്ന് തമിഴ് നാടിന്റെ ഏതാണ്ട് കുത്തക ആയിരിക്കുകയാണ്. മധുരയിലും, കോയമ്പത്തൂരിലും, തിരുച്ചിയിലും,, കുംഭകോണത്തും രാത്രിയും, പകലും, യഥെഷ്ടo ലഭിച്ചു വരുന്ന ഇഡലികൾ വളരെ പ്രഖ്യാതങ്ങളാണല്ലോ.
കാലപ്പഴക്കത്തിൽ, മറ്റെല്ലാത്തിന്നും എന്ന പോലെ, ഇഡലിയുടേയും രൂപത്തിനും, ചേരുവകൾക്കും, സ്വാദിന്നും വളരെ വ്യത്യാസങ്ങൾ വന്നു തുടങ്ങി . വെളുത്ത ഇഡലിക്ക് പുറമേ പല തരത്തിലുള്ള പച്ച കറികളും, മസാലകളും ചേർത്ത അരി കൊണ്ടും, മൈദാ കൊണ്ടും, റവ കൊണ്ടും മറ്റും ഉണ്ടാക്കുന്ന ഇഡലികൾ ഇന്ന് ഇന്ത്യ മുഴുവനും ധാരാളമായി ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
എങ്കിലും വെളുത്ത , മൃദുവായ തമിഴ് നാടൻ ഇഡ്ലികളുടെ രുചി ഒന്ന് വേറെ തന്നെയാണ് !!
- കെ ആർ നാരായണൻ
Hundred thousand Dollar Upma
THE SAMBAR STORY