മുംബൈയിലെ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ലയൺ കുമാരൻ നായരുടെ ആറു പതിറ്റാണ്ട് കാലത്തെ മുംബൈ ജീവിതത്തിലേക്കൊരു തിരിഞ്ഞു നോട്ടമായിരുന്നു ആംചി മുംബൈയുമായി നടത്തിയ സംവാദത്തിൽ പങ്ക് വച്ചത്.
അന്ധേരിയിൽ ഒരു ചെറിയ ടയർ റിപ്പയർ ഷോപ്പിൽ തുടങ്ങിയ ബോംബെ ജീവിതം . കിടക്കാൻ ഒരു വാടകമുറി പോലുമില്ലാതെ വയറു മുറുക്കികെട്ടി വിശപ്പിനെ തോൽപ്പിച്ച അന്നത്തെ നാളുകൾ. അന്നൊക്കെ 28 ഐ ആർ റോഡ് ആയിരുന്നു കുമാരൻ നായരുടെ മേൽവിലാസം. അവിടെ നിന്ന് കുമാരൻ നായർ മുംബൈ എന്ന വിലാസത്തിലേക്കുള്ള ഉയർച്ച ബിസിനസ് മാനേജ്‌മന്റ് ഗുരുക്കന്മാരെ പോലും വിസ്മയിപ്പിക്കുന്ന വളർച്ചയാണ് .
ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ കണ്ട് പ്രതികരിച്ചത്. നർമ്മം കലർത്തിയ സംവാദത്തിലൂടെ പങ്ക് വച്ച മുംബൈയിലെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾക്കിടയിൽ നേരും നെറിവും കൈവിടാതെ പോരാടിയ കഠിനാധ്വാനത്തിന്റെ കഥ പലർക്കും പ്രചോദനമായി. മലയാളി മനോഭാവത്തെ കണക്കിന് പരിഹസിക്കുന്ന പത്തുലുവ പ്രയോഗവും സോഷ്യൽ മീഡിയയിൽ ചർച്ചയായി. നിരവധി പേരാണ് ഫോണിലൂടെയും സന്ദേശങ്ങൾ വഴിയും പ്രതികരിച്ചതെന്ന് അവതാരകൻ ജെ പി തകഴിയും പറയുന്നു. നിരവധി പേരാണ് വാട്ട്സപ്പ്, ടെലിഗ്രാം തുടങ്ങിയ ഗ്രൂപ്പുകളിലും വീഡിയോ പങ്ക് വച്ചിരിക്കുന്നത്
ഇച്ഛാശക്തിയുള്ളവനെ എന്നും ചേർത്തുപിടിച്ചിട്ടുള്ള ബോംബെ നഗരം തന്നെയും തോൽക്കാൻ അനുവദിച്ചില്ലെന്ന് കുമാരൻ നായർ പറയുമ്പോൾ അത്, മുംബൈ എന്ന മഹാനഗരത്തിന്റെ എവിടെയും രേഖപ്പെടുത്താത്ത വിജയമന്ത്രമായി പ്രതിധ്വനിക്കുന്നു.