മുംബൈ ലോകമാന്യ തിലക് ടെർമിനസിനു സമീപത്തുള്ള ടാക്സി ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നതിലുള്ള പരാതി കാലങ്ങളായി തുടരുകയാണ്. 2 ദിവസം മുമ്പ് മലയാളി ദമ്പതികളാണ് ഈ ദുരനുഭവത്തിന്റെ ഇരകൾ.
കേരളത്തിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ ഫെബ്രുവരി 4 ന് ആദ്യമായി മുംബൈയിൽ വന്നിറങ്ങിയ ദമ്പതികളാണ് ടാക്സി ഡ്രൈവറുടെ തട്ടിപ്പിന് ഇരയായത്.എൽ ടി ടി റെയിൽവേ സ്റ്റേഷനിലിറങ്ങി ഗൊരേഗാവിലേക്കുള്ള യാത്രയ്ക്കാണ് പത്ത് മടങ്ങോളം അധിക ചാർജ് ഈടാക്കിയത്.
ആദ്യം മീറ്ററിൽ മിനിമം ചാർജായി 28 രൂപ കാണിക്കുന്നതായി ഇയാൾ ബോധ്യപ്പെടുത്തുകയും അതിനു ശേഷം ഒരു കവർ ഉപയോഗിച്ച് മീറ്റർ മറച്ചു വച്ചതായി കണ്ടെന്നും ഇവർ പറഞ്ഞു.55 മിനിറ്റോളം ഉള്ള യാത്രയിൽ ഇടയ്ക്ക് ചെറിയ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടിരുന്നു.
സ്ഥലത്തെത്തി മീറ്ററിലെ കവർ മാറ്റിയപ്പോൾ 1340 രൂപയാണ് കാണിച്ചതെന്നും ഇതു വിശ്വസിച്ച ദമ്പതികൾ അഞ്ഞൂറിന്‍റെ മൂന്ന് നോട്ടുകളായി 1500 രൂപ നൽകുകയും ചെയ്തു. എന്നാൽ ഇതിൽ ഒരു നോട്ട് ഇരുപതിന്‍റേതാണെന്നു പറഞ്ഞ് ഡ്രൈവർ തിരിച്ചു നൽകി.പകരം മറ്റൊരു അഞ്ഞൂറ് രൂപയുടെ നോട്ട് വാങ്ങി.രാത്രി സമയത്തെ വെളിച്ചക്കുറവ് കാരണം നോട്ട് വ്യക്തമായി കാണാത്ത സാഹചര്യത്തിൽ ഡ്രൈവർ ഇതേ അടവ് ആവർത്തിച്ചു. രണ്ടു വട്ടം കൂടി സമാനമായ രീതിയിൽ 20 രൂപ നോട്ട് നൽകി അഞ്ഞൂറിന്‍റെ നോട്ട് കൈക്കലാക്കി. 1500 രൂപ മീറ്ററിലെ തട്ടിപ്പ് ഉപയോഗിച്ച് കാണിക്കുകയും, അതിനു പുറമേ തന്ത്രപൂർവ്വം നോട്ടുകൾ മാറ്റി മറ്റൊരു 1500 രൂപയുമാണ് ഡ്രൈവർ കബളിപ്പിച്ചത്. അങ്ങനെ പരമാവധി 300/400 രൂപ വരുന്ന ദൂരത്തിന് മൂവായിരം രൂപയോളം രൂപയാണ് ഇയാൾ അടിച്ചു മാറ്റിയത്.
അതേസമയം ഇന്ന് ആർ ടി ഓ യിൽ ഓൺലൈൻ ആയി ടാക്സിക്കാരനെതിരെ പരാതി നൽകിയിട്ടുണ്ട്. MH 01 B T 8338 എന്ന നമ്പറുള്ള ടാക്സിയിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.
ഇരുട്ടിന്‍റെ മറവും, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭാഷ വശമില്ലാത്തവരുമായ സഞ്ചാരികളെ തിരിച്ചറിഞ്ഞാണ് ഇവർ തട്ടിപ്പുകൾ നടത്തി വരുന്നത്. മീറ്ററിൽ ഉയർന്ന തുക കാണിക്കുന്ന തരത്തിലുള്ള തട്ടിപ്പുകൾ മുൻപും ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.