കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തതോടെ മുംബൈയിലും ചക്കയാണ് താരം. അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രവും കൂടി പ്രഖ്യാപിച്ചതോടെ മാർക്കെറ്റിൽ അധികമാരും നോക്കാതെ കിടന്നിരുന്ന മഞ്ഞ പഴത്തിന് എന്തൊരു ഗമ !! സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി മുതൽ സംസ്ഥാന ഫലവും.
ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകള്‍ പഠിക്കാന്‍ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒരു ജാക്ക്ഫ്രൂട്ട് റിസര്‍ച്ച് സെന്റര്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക സംസ്‌കൃത ഭക്ഷ്യോത്പന്ന കയറ്റുമതി വികസന അതോറിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ ഒരു ബ്രാൻഡായി വിപണിയിൽ എത്തിക്കുന്നതിനുള്ള മുന്നോടിയായിക്കൂടിയാണ് ഈ ഔദ്യോഗിക ‘ഫല’പ്രഖ്യാപനം. ഇതോടെ ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.
മുംബൈയിൽ സ്വർണം വിൽക്കുന്ന കരുതലോടെയാണ് ഈ മഞ്ഞ ഫലവും വിറ്റു വന്നിരുന്നത്. നഗരത്തിലെ മലയാളി മാർക്കറ്റുകളിൽ ചുള പറിച്ചാണ് വില്പന നടത്തി വന്നിരുന്നത്. തീവ്ര ചക്ക പ്രേമികൾ മാത്രം വാങ്ങിയിരുന്ന മഞ്ഞപ്പഴത്തിന് ഇതോടെ ആവശ്യക്കാർ ഏറെയായി.
കേരളത്തിൽ നിന്നെത്തുന്ന ചക്കകളോടാണ് ഉപഭോക്താക്കൾക്ക് താല്പര്യം കൂടുതൽ. നല്ല മധുരമുള്ള തേൻ വരിക്ക ചക്ക വന്നാൽ വൈകാതെ വിറ്റു കഴിയാറുണ്ടെന്നു വാഷി മാർക്കറ്റിൽ മലയാളി കട നടത്തുന്ന ജോസ് പറഞ്ഞു. ചക്ക മഹാരാഷ്ട്രയിൽ മുൻപും ലഭ്യമായിരുന്നെങ്കിലും അതിന്റെ ഗുണം അറിഞ്ഞതോടെയാണ് വലിയ തോതിൽ ആവശ്യക്കാർ ഉണ്ടായിത്തുടങ്ങിയത്.
___________________________________
‘അല്ല പിന്നെ’ അഭിനേതാക്കൾക്ക് അംഗീകാരം
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്