More
    Homeവാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിന്ന് സമൂഹസേവനത്തിലേക്ക്; ഗുഡ് ഫ്രണ്ട്സ് പത്താം വാർഷിക സ്നേഹസംഗമം ശ്രദ്ധേയമായി

    വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിന്ന് സമൂഹസേവനത്തിലേക്ക്; ഗുഡ് ഫ്രണ്ട്സ് പത്താം വാർഷിക സ്നേഹസംഗമം ശ്രദ്ധേയമായി

    Published on

    മുംബൈയിലെ മലയാളികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ ഗുഡ് ഫ്രണ്ട്സ് പത്താം വാർഷികത്തിന്റെ നിറവിൽ സംഘടിപ്പിച്ച സ്നേഹസംഗമം സാമൂഹിക പ്രതിബദ്ധതയുടെയും മാനവിക മൂല്യങ്ങളുടെയും വേദിയായി. ഡോംബിവ്‌ലി–താക്കുർളി കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ സംഗമം താക്കുർളി കമ്പൽപാട മോഡൽ കോളജ് അങ്കണത്തിൽ നടന്നു.

    മുംബൈയിലെ ഒരു മലയാളി നഴ്‌സായ ശ്യാമ കെ നായർ ആരംഭിച്ച ഈ കൂട്ടായ്മ, സമാന മനസ്കരായ മലയാളികളെ ഒന്നിപ്പിച്ച് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒരു വേദി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ കോവിഡ് മഹാമാരിക്കാലത്താണ് ഗുഡ് ഫ്രണ്ട്സിന്റെ പ്രവർത്തനം കൂടുതൽ ശ്രദ്ധേയമായത്. അടച്ചിട്ട ദിനങ്ങളിൽ ഓൺലൈൻ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് ആശുപത്രി പ്രവേശനം ആവശ്യമുള്ളവർക്ക്, ജീവൻ രക്ഷാ മരുന്നുകൾ തേടിയവർക്കും, അടിയന്തര സഹായം വേണ്ടിവന്ന കുടുംബങ്ങൾക്കും കൈത്താങ്ങാകാൻ കൂട്ടായ്മക്ക് കഴിഞ്ഞു.

    ഇതോടെ വാട്ട്സ്ആപ്പ് കൂട്ടായ്മ എന്ന പരിധി കടന്ന്, നിരവധി മനുഷ്യരുടെ ജീവിതത്തിൽ ആശ്വാസവും പ്രതീക്ഷയും പകരുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായി ഗുഡ് ഫ്രണ്ട്സ് വളർന്നു. ചെറിയ ചെറിയ സഹായങ്ങൾ കൂട്ടായ പ്രവർത്തനങ്ങളിലൂടെ വലിയ മാറ്റങ്ങളായി മാറാമെന്ന് ഈ കൂട്ടായ്മ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

    പത്താം വാർഷിക സ്നേഹസംഗമം വൈകിട്ട് 6 മണിക്ക് ഭദ്രദീപം കൊളുത്തി ആരംഭിച്ചു. ശ്യാമ കെ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോംബിവ്‌ലിയിൽ അറിയപ്പെടുന്ന സർജൻ ഡോ. വിനയ് പാട്ടീൽ മുഖ്യാതിഥിയായി. മാനവ കല്യാൺ കേന്ദ്ര ഹോസ്പിറ്റലിന്റെ മാനേജ്‌മെന്റ് ട്രസ്റ്റി രമേശ് മിസ്ത്രി, കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ, സാമൂഹിക പ്രവർത്തകൻ ടി.ആർ. ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. രഘുനാഥ കുറുപ്പ് നന്ദി രേഖപ്പെടുത്തി.

    ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയ ധനസഹായം. കഴിഞ്ഞ കുറേ വർഷങ്ങളായി ആരോരും തുണയില്ലാത്ത വയോധികർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഏകദേശം ഇരുപത്തിയഞ്ചോളം മുതിർന്ന പൗരന്മാരെയാണ് പരിപാലിക്കുന്നത്. താമസം, ഭക്ഷണം, ചികിത്സ, ശുചിത്വപരിപാലനം, പരിചരണക്കാരുടെ സേവനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി അന്തേവാസികളെ ചേർത്ത് പിടിക്കുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ഡോ. മാലിനി നേതൃത്വം നൽകുന്നു.

    ഗുഡ് ഫ്രണ്ട്സ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക ട്രസ്റ്റിന് ധനസഹായമായി ചടങ്ങിൽ കൈമാറി. കൂടാതെ സ്നേഹോപഹാരവും സമ്മാനിച്ചു. സാമൂഹിക ഉത്തരവാദിത്വം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല, പ്രവർത്തനത്തിലൂടെ പ്രകടമാക്കേണ്ടതാണെന്ന സന്ദേശമാണ് ഇതിലൂടെ കൂട്ടായ്മ നൽകിയിരിക്കുന്നത്.

    ചടങ്ങിൽ വേലോത്സവം എന്ന മലയാള സിനിമയിൽ അഭിനയിച്ച കൂട്ടായ്മയിലെ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അഭിനവ് ഹരീന്ദ്രനാഥ് വേദി നിയന്ത്രിച്ചു.

    ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പായി തുടങ്ങിയ കൂട്ടായ്മ, ഇന്ന് മുംബൈയിലെ മലയാളി സമൂഹത്തിനിടയിൽ കരുതലിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. പത്ത് വർഷത്തെ യാത്ര പിന്നിടുമ്പോഴും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മനുഷ്യസ്‌നേഹത്തിനും മുൻഗണന നൽകി മുന്നോട്ട് പോകുമെന്ന ഉറച്ച സന്ദേശമാണ് ഗുഡ് ഫ്രണ്ട്സ് സ്നേഹസംഗമം നൽകിയത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    18-ാമത് രാഗലയ സംഗീത മത്സരം ഏപ്രിൽ 5-ന് മുംബൈയിൽ.

    18-ാമത് രാഗലയ സംഗീത മത്സരം 2026 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ച രാവിലെ 9.00 മുതൽ മുംബൈയിലെ മരോൾ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; മലയാളി ഐക്യത്തിന്റെ സാംസ്കാരിക മഹോത്സവമായി ആതിരോത്സവം 2026

    മഹാരാഷ്ട്രയിലെ നാസിക്കിൽ സംഘടിപ്പിച്ച ആതിരോത്സവം മെഗാ തിരുവാതിര 2026 കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ ആവേശപൂർവ്വം ആഘോഷിച്ച ശ്രദ്ധേയമായ...

    മീരാ റോഡ് മലയാളി സമാജത്തിന് പുതിയ സാരഥികൾ; 2026-28 ഭരണസമിതി നിലവിൽ വന്നു

    മീരാ റോഡ് മലയാളി സമാജത്തിന്റെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സമാജത്തിന്റെ പുതിയ ഭാരവാഹികളെയും മാനേജിംഗ്...

    ഇൻ്റർവ്യു വിത്ത് ട്രംപ്

    രാജൻ കിണറ്റിങ്കര - പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതിന് ശേഷം പല മീഡിയകളേയും ട്രംപ് സമീപിച്ചു തന്നെ...
    spot_img

    More like this

    18-ാമത് രാഗലയ സംഗീത മത്സരം ഏപ്രിൽ 5-ന് മുംബൈയിൽ.

    18-ാമത് രാഗലയ സംഗീത മത്സരം 2026 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ച രാവിലെ 9.00 മുതൽ മുംബൈയിലെ മരോൾ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; മലയാളി ഐക്യത്തിന്റെ സാംസ്കാരിക മഹോത്സവമായി ആതിരോത്സവം 2026

    മഹാരാഷ്ട്രയിലെ നാസിക്കിൽ സംഘടിപ്പിച്ച ആതിരോത്സവം മെഗാ തിരുവാതിര 2026 കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ ആവേശപൂർവ്വം ആഘോഷിച്ച ശ്രദ്ധേയമായ...

    മീരാ റോഡ് മലയാളി സമാജത്തിന് പുതിയ സാരഥികൾ; 2026-28 ഭരണസമിതി നിലവിൽ വന്നു

    മീരാ റോഡ് മലയാളി സമാജത്തിന്റെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സമാജത്തിന്റെ പുതിയ ഭാരവാഹികളെയും മാനേജിംഗ്...