മഹാരാഷ്ട്രയിലെ നാസിക്കിൽ സംഘടിപ്പിച്ച ആതിരോത്സവം മെഗാ തിരുവാതിര 2026 കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ ആവേശപൂർവ്വം ആഘോഷിച്ച ശ്രദ്ധേയമായ കലാപരിപാടിയായി മാറി. മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെയും പ്രേക്ഷകരുടെ മികച്ച സ്വീകരണത്തോടെയും നടന്ന പരിപാടി നാസിക്കിലെ സാംസ്കാരിക വേദികളിൽ പ്രത്യേക ശ്രദ്ധ നേടി.
കേരളത്തിന്റെ പൈതൃക കലാരൂപങ്ങളിലൊന്നായ തിരുവാതിരയുടെ ഭംഗിയും ചാരുതയും തനിമയും പകർന്ന് നിന്ന അവതരണമാണ് ചടങ്ങിന്റെ മുഖ്യ ആകർഷണമായത്. പരമ്പരാഗത കേരള വേഷത്തിൽ അണിഞ്ഞൊരുങ്ങിയ സ്ത്രീകളും കുട്ടികളും വേദിയെ അതീവ മനോഹരമാക്കുകയും ആഘോഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഒത്തൊരുമയും ലയബദ്ധതയും നിറഞ്ഞ അവതരണം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി.

പ്രവാസി മലയാളികൾക്കിടയിൽ കേരളീയ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ആതിരോത്സവം സംഘടിപ്പിച്ചതെന്ന് മെഗാ തിരുവാതിര അഡ്വൈസറി ബോർഡ് അംഗം ശ്രീകുമാർ എസ് നായർ പറഞ്ഞു. സമൂഹത്തിലെ ഐക്യവും കൂട്ടായ്മയും സാംസ്കാരിക അഭിമാനവും വിളിച്ചോതുന്ന വേദിയായും ഈ പരിപാടി മാറിയതിലുള്ള സന്തോഷവും സംഘാടകർ പങ്കുവച്ചു.

പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ പങ്കാളികൾക്കും സംഘാടകർക്കും സന്നദ്ധ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും സ്പോൺസർമാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. സമൂഹത്തിന്റെ വിപുലമായ പിന്തുണയും ആവേശകരമായ പങ്കാളിത്തവുമാണ് പരിപാടിയെ ഏറെ വിജയകരമാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു. ആതിരോത്സവം അരങ്ങിലെത്തിക്കുന്നതിൽ നാസിക്കിലെ വ്യവസായ പ്രമുഖനായ വേണുഗോപാൽ ബി.എൻ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും സംഘാടകർ വ്യക്തമാക്കി.

നാസിക്കിൽ ആദ്യമായി സംഘടിപ്പിച്ച മെഗാ തിരുവാതിര ഒരു കലാപരിപാടിയെന്നതിലുപരി കേരളത്തിന്റെ പൈതൃക സൗന്ദര്യവും മലയാളി സമൂഹത്തിന്റെ ഐക്യവും ഒരുമയും പ്രതിഫലിപ്പിച്ച സാംസ്കാരികോത്സവമായി മാറി.
മെഗാ തിരുവാതിര കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അശോക് വസാവ്, കൺവീനർമാരായ ജയാ കുറുപ്പ്, ജലജ സുഗുണൻ, ഏകോപനം നിർവഹിച്ച വിനീതാ പിള്ള, ശ്രീരേഖ നായർ, ട്രഷറർ വിജയാ ഗോവിന്ദ് നായർ എന്നിവർ ചേർന്നാണ് ആതിരോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
ശ്രീകുമാർ എസ് നായർ, രഞ്ജിത്ത് നായർ, അനൂപ് പുഷ്പാംഗദൻ, കുമാർ എസ്, ജി എം നായർ, പത്മനാഭൻ അഡ്വൈസറിൽ ബോർഡ് അംഗങ്ങളായിരുന്നു
കോർപ്പറേറ്റർമാരായ ബാലാസാഹിബ് ശ്രീ സാട്, ഭഗവാൻ ധോന്ദേ, വൈശാലി വിനോദ് ദൽവി, അഡ്വക്കേറ്റ് ശ്യാം ബടോദേ, മുൻ കോർപ്പറേറ്റർ സുധാംജി കോമടെ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

നാസിക് പാത്തർഡി ഫാട്ട വാസൻ നഗറിലെ മുരളി ദർജിഗാമനെ മൈതാനം ആയിരുന്നു വേദി. നാസിക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇരുനൂറിലധികം പേർ മെഗാ തിരുവാതിരക്കായി ചുവടുവെച്ചു.
അഞ്ജലി സുഗുണനും, മനോജ് പാനൂരും ചടങ്ങുകൾ നിയന്ത്രിച്ചു.
വനിതകളുടെ ഫുഡ് കോർട്ടും തുണിക്കടകളും പരിപാടിയുടെ പ്രത്യേക ആകർഷണങ്ങളായി. തിരുവാതിരയ്ക്ക് ശേഷം സുമേഷ്-മനോജ് പാനൂർ സംഘം അവതരിപ്പിച്ച ലൈവ് മ്യൂസിക് ബാൻഡ് ഷോയും അരങ്ങേറി. ഇതോടെ ആതിരോത്സവം 2026 കലയും സംഗീതവും കൂട്ടായ്മയും കൈകോർത്ത ഒരു ജനകീയ സാംസ്കാരിക വിരുന്നായി മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
