മുംബൈ പോലുള്ള മഹാനഗരങ്ങളിൽ ആയിരക്കണക്കിന് മലയാളികളാണ് തൊഴിലും ജീവിതസുരക്ഷയും തേടി എത്തുന്നത്. എന്നാൽ തിരക്കേറിയ നഗര ജീവിതത്തിനിടയിൽ പലരും ക്രമേണ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകന്നു പോകുകയാണ്.
ഡോംബിവ്‌ലിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മലയാളി സ്ത്രീയുടെ മരണവാർത്തയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഡോംബിവ്‌ലിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മലയാളി സ്ത്രീയുടെ മരണവാർത്ത വീണ്ടും സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്. ഡോംബിവ്‌ലി രാജാജി പാത്തിൽ സുദാമാ കോംപ്ലെക്സിന് സമീപമുള്ള ഒരു കെട്ടിടസമുച്ചയത്തിൽ താമസിച്ചിരുന്ന പുഷ്പയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പുഷ്പ മുംബൈയിലാണ് ജനിച്ചു വളർന്നത്. സാമൂഹിക പ്രവർത്തക ഗീത ദാമോദരനും സുഹൃത്തുക്കളുമാണ് അവസാന നാളുകളിൽ സഹായത്തിനുണ്ടായിരുന്നത്. ചേച്ചിയും കുടുംബവും ഡോംബിവ്‌ലിയിൽ തന്നെയാണ് താമസമെന്നാണ് അറിയാൻ കഴിഞ്ഞത്
കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടതോടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന പുഷ്പ, കാലക്രമേണ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകന്നു, ഏറെക്കുറെ ഏകാന്തജീവിതത്തിലേക്ക് ഒതുങ്ങിപ്പോയിരുന്നു. അവസാന നാളുകളിൽ നാട്ടുകാരായ ചില സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്. എന്നാൽ പിന്നീട് സഹായഹസ്തങ്ങൾ പോലും സ്വീകരിക്കാൻ വിസമ്മതിച്ച്, ആരുമായും ഇടപഴകാതെയുള്ള വിഷാദഭരിതമായ അവസ്ഥയിലായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.
നാളുകളായി പുഷ്പയെ പുറത്തുകാണാതിരുന്നതിനിടെ, ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണമാണ് ദുരന്തവാർത്ത പുറത്തുകൊണ്ടുവന്നത്. നഗരജീവിതത്തിനിടയിൽ വളരുന്ന സാമൂഹിക ഒറ്റപ്പെടലിന്റെ ഗൗരവം വീണ്ടും ഓർമ്മിപ്പിക്കുന്ന സംഭവമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ സമാന സാഹചര്യങ്ങളിൽ മലയാളികൾ മരണപ്പെട്ടതോ ഗുരുതരാവസ്ഥയിൽ കണ്ടെത്തപ്പെട്ടതോ ആയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ന്യൂക്ലിയർ കുടുംബങ്ങളും, ജോലിസമ്മർദ്ദവും, ബന്ധങ്ങളുടെ അകലം വർധിക്കുന്നതും നഗരങ്ങളിലെ സാമൂഹിക ഒറ്റപ്പെടലിന് കാരണമാകുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഡോംബിവ്‌ലി കേരളീയ സമാജം സെക്രട്ടറി രാജശേഖരൻ നായർ പറയുന്നു.
പ്രായമായവരും ഒറ്റയ്ക്ക് താമസിക്കുന്നവരും മാത്രമല്ല, മധ്യവയസ്കരും യുവാക്കളും വരെ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ.
സാമ്പത്തികമായി സുരക്ഷിതരാണെങ്കിലും മാനസികമായും സാമൂഹികമായും പലരും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംഘടനകളും സ്ഥിരമായി ബന്ധപ്പെടുന്ന സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സമാജം പ്രസിഡന്റ് ഇ പി വാസു വ്യക്തമാക്കി
സാമൂഹിക സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും പ്രവാസി കൂട്ടായ്മകളും കൂടുതൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നത്.
ഒരു ഫോൺ വിളിയോ, ഒരു സന്ദർശനമോ, ഒരു സൗഹൃദാന്വേഷണമോ ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ പോലും സഹായകമായേക്കാമെന്നാണ് കുടുംബ സുഹൃത്തുക്കളും പറയുന്നത്
മുംബൈയിൽ പലരും ജോലിയുടെയും തിരക്കിന്റെയും പേരിൽ ഒറ്റപ്പെടുകയാണ്. നമുക്ക് ചുറ്റുമുള്ളവരെ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്
ആധുനിക നഗരജീവിതം നൽകുന്ന സൗകര്യങ്ങൾക്കൊപ്പം സാമൂഹിക ബന്ധങ്ങളുടെ മൂല്യവും തിരിച്ചറിയേണ്ട സമയമാണിത്. ഒറ്റപ്പെടലിന്റെ ഈ മുന്നറിയിപ്പ് സമൂഹം ഗൗരവമായി കാണുമോയെന്നതാണ് ഇനി ഉയരുന്ന ചോദ്യം. Watch Detailed report in Amchi Mumbai | JUNE 13 2026 SATURDAY 4.30 P.M. |
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI |EVERY SATURDAY 4.30 P.M. | KAIRALI NEWS
