More
    HomeArticleകണ്ണൻ്റെയരികിൽ

    കണ്ണൻ്റെയരികിൽ

    Published on

    പ്രാർത്ഥനകളുടെ ജലരേണുക്കൾ വീണ് കുതിർന്ന ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലത്തിലൂടെ കണ്ണൻ്റെ മുരളിരവം കാതോർത്ത് ഞാൻ അടികൾ വച്ചു. രാത്രി ഏറെ വൈകിയിരുന്നു, അമ്പിളിക്കലയും നക്ഷത്രങ്ങളും ഉറങ്ങാൻ മറന്ന നിശയുടെ മൂന്നാം യാമത്തിൽ കണ്ണൻ്റെ വരവും കാത്ത് ഞാൻ ദീപസ്തംഭത്തിനരികെ കണ്ണുകൾ പൂട്ടി നിന്നു.

    എന്താ ഇന്ന് ഒരു മുന്നറിയിപ്പുമില്ലാതെ, ഈ വഴി വന്നിട്ട് കുറെ ആയല്ലോ, കണ്ണൻ്റെ സ്വരം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. പുറകിൽ പതിവ് കളളച്ചിരിയുമായി കണ്ണൻ.

    ശരിയായ കണ്ണനെ കാണാൻ ഇപ്പോൾ ഇവിടേക്ക് തന്നെ വരേണ്ടേ ? ഞാൻ പറഞ്ഞു.

    അതെന്താ ? എല്ലായിടത്തും എൻ്റെ ശരിയായ രൂപം തന്നെയാണ്. കണ്ണൻ പറഞ്ഞു

    അതല്ല, ഇപ്പോൾ കണ്ണൻ്റെ രൂപങ്ങളെല്ലാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആയില്ലേ, സ്റ്റാറ്റസിലെ കണ്ണൻAI, ഗുഡ് മോണിങ്ങിലെ കണ്ണൻ Al . ഒറിജിനൽ ഇവിടെ ശ്രീകോവിലിൽ മാത്രമേ ഉള്ളൂ എന്നായി, ഞാനെൻ്റെ ആശങ്ക പങ്കുവച്ചു

    ഓ, അതിനെന്താ, ഭക്തി ആർട്ടിഫിഷ്യൽ ആകാതിരുന്നാൽ മതി. കണ്ണൻ ചിരിച്ചു

    എന്തായാലും A I കണ്ണൻമാരെ കാണാൻ നല്ല ഭംഗിയുണ്ട്, ഞാൻ പറഞ്ഞു

    അല്ലെങ്കിലും പുറംമോടിയിലാണല്ലോ മനുഷ്യർക്ക് ഭ്രമം. അതു തന്നെയല്ലേ മനുഷ്യൻ്റെ ദുഃഖങ്ങൾക്കും കാരണം. കണ്ണൻ

    ഞാനൊരു തമാശ പറഞ്ഞതാ , അതിന് എനിക്ക് ഗീതോപദേശം ഒന്നും തരണ്ട. ഞാൻ കണ്ണൻ്റെ മൂഡ് മാറാതിരിക്കാൻ ശ്രമിച്ചു . അതല്ല കണ്ണാ എനിക്കൊരു സംശയം കലിയുഗം ആയതു കൊണ്ടാണ്ടോ ആളുകൾക്കൊക്കെ കാരണമില്ലാതെ ഇത്ര കലി. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം, വൈരാഗ്യം.

    ഇതിന് ഉത്തരം തരും മുമ്പ് ഞാനൊരു കാര്യം ചോദിക്കട്ടെ, ഒരാളോട് ദൈവം അനിഷ്‌ടം പ്രവർത്തിച്ചാൽ എന്തായിരിക്കും അയാളുടെ പ്രതികരണം.

    അയാൾ പറയും ദൈവനിശ്ചയം, എല്ലാം നല്ലതിന് വേണ്ടിയായിരിക്കും. ഞാൻ പറഞ്ഞു.

    ആണല്ലോ, ഇതേ അനിഷ്ടം അയാളുടെ സുഹൃത്തോ ബന്ധുവോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പ്രവർത്തിച്ചാൽ എന്തായിരിക്കും പ്രതികരണം ? കണ്ണൻ ഉത്തരം പ്രതീക്ഷിച്ച് എൻ്റെ മുഖത്തേക്ക് നോക്കി

    എന്നാലും അയാൾ / അവൾ എന്നോട് ഇങ്ങനെ ചെയ്തല്ലോ. അവന് അല്ലെങ്കിൽ അവൾക്ക് ഞാൻ വച്ചിട്ടുണ്ട്. അവർക്ക് വേണ്ടി ഞാനെന്തൊക്കെ ചെയ്തതാ . ഇതായിരിക്കും മനസ്സിൽ. ഞാൻ പറഞ്ഞു.

    അതെ, ദൈവത്തോട് ക്ഷമിക്കും , പക്ഷെ മനുഷ്യരോട് ക്ഷമിക്കാൻ പറ്റില്ല. അതാണ് മനുഷ്യർ. അതു തന്നെയാണ് നീ ചോദിച്ചതിന് ഉത്തരവും. കണ്ണൻ പറഞ്ഞു.

    അതല്ല, എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിനും പൂരത്തിനും വെടിക്കെട്ട് കാണാറുണ്ടല്ലോ. ഗുരുവായൂരിൽ അതൊന്നും ഇല്ലല്ലോ. ഞാൻ ചോദിച്ചു.

    ഇവിടെ ചെവി പൊട്ടുന്ന ശബ്ദം കേൾക്കാനല്ലല്ലൊ, വേണു നാദത്തിൽ അലിയാനല്ലേ ഭക്തർ വരുന്നത്. മറ്റിടങ്ങളിൽ ഉത്സവം കാണാൻ പോകുന്നവരെല്ലാം ഭക്തർ ആകണമെന്നില്ല. പക്ഷെ ഇവിടെ വരുന്നവരെല്ലാം ഭക്തരാണ്. കണ്ണൻ പറഞ്ഞു.

    അങ്ങനെ തീർത്ത് പറയണ്ട , ചിലരെങ്കിലും മസാല ദോശ അടിക്കാൻ വരുന്നവരുമുണ്ട്. ഞാൻ പറഞ്ഞു.

    അടിച്ചോട്ടെ, അതിലെന്താ പ്രശ്‌നം ? പക്ഷെ അവർ പുറത്ത് നിന്നെങ്കിലും എന്നെ കാണാതെ തിരിച്ച് പോകും എന്ന് കരുതുന്നുണ്ടോ നീ. കണ്ണൻ ചോദിച്ചു.

    കണ്ണൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി, മറ്റിടങളിൽ ഉത്സവത്തിനും പൂരത്തിനും പോകുന്നവർ അധിക പേരും ക്ഷേത്രത്തിലെ മൂർത്തിയെ തൊഴാറില്ല. പൂരത്തിൻ്റെ ആഘോഷം നുകരുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം.

    കണ്ണനോടെന്താ എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം ? ദേഷ്യം വന്നാലും മായാത്ത മുഖത്തെ ഈ പുഞ്ചിരിയാണോ? ഞാൻ ചോദിച്ചു.

    ചിലപ്പോൾ അതാവും, ദൈവമായാലും മനുഷ്യരായാലും പുഞ്ചിരിക്കുന്ന മുഖങ്ങളെ ആർക്കാണ് ഇഷ്ടമല്ലാത്തത്? പുഞ്ചിരിക്ക് ശത്രുവിനെ മിത്രമാക്കാനും വെറുപ്പിനെ ഇഷ്ടമാക്കാനും കഴിയും. കണ്ണൻ പറഞ്ഞു

    പക്ഷെ കണ്ണാ, ഈ വികാരങ്ങളൊക്കെ പ്രകടിപ്പിക്കാനുള്ളതല്ലേ , എപ്പഴും ചിരിച്ചാൽ ഇവനൊന്നും മനസ്സിലാവാത്ത വിഡ്ഢി എന്ന് കരുതില്ലേ , കണ്ണൻ്റെ പോലെയല്ല മനുഷ്യരുടെ കാര്യം. ഞാൻ പറഞ്ഞു.

    നിനക്കറിയോ , ലോകത്ത് ബുദ്ധിമാൻ എന്നറിയപ്പെടുന്നതിനേക്കാൾ സുഖകരമായ അവസ്ഥയാണ് വിഡ്ഢിയായി അറിയപ്പെടുന്നത്. കണ്ണൻ പറഞ്ഞു

    ഒന്ന് വ്യക്തമാക്കാമോ? ഞാൻ ചോദിച്ചു

    മഹാഭാരതത്തിൽ എൻ്റെ സഹായം തേടി ദുര്യോധനനും പാണ്ഡവരും വരുന്നുണ്ട്. ദുര്യോധനന് എൻ്റെ സേനയെ മതി എന്ന് പറഞ്ഞപ്പോൾ പാണ്ഡവർ പറഞ്ഞത് സേന വേണ്ട, കൃഷ്ണൻ കൂടെ ഉണ്ടായാൽ മതി എന്നാണ്. അപ്പോൾ ദുര്യോധനൻ പാണ്ഡു പുത്രരെ കുറിച്ച് ഓർത്തത് “ഇവർ എത്ര വിഡ്ഢികളാ ” എന്നാണ് . ബാക്കി കഥ നിനക്കറിയാലോ, കണ്ണൻ പറഞ്ഞു.

    ശരി ഞാൻ പോകട്ടെ, ഉഷ പൂജ തൊഴാൻ എത്തുന്നവരുടെ തിരക്ക് പുറത്ത് കൂടി വരുന്നു. മനസ്സിൽ സംശയവും ആശങ്കയും മുള പൊട്ടുമ്പോൾ എന്നെ ഓർക്കുക. ഇത്രയും പറഞ്ഞ് സത്യ ധർമ്മങ്ങളുടെ തമ്പുരാൻ ഇരുളിലെവിടെയോ മറഞ്ഞു.

    രാത്രി മഞ്ഞിൽ കുതിർന്നൊരു മയിൽപ്പീലിയും ഒരിറ്റു കണ്ണീരും ക്ഷേത്ര നടയിൽ എനിക്ക് മുന്നിൽ ബാക്കിയായി. അകലെ എവിടെയോ ഒരു സാന്ത്വന്നത്തിൻ്റെ വേണു നാദം കാറ്റിലൊഴുകിയെത്തി.

    • രാജൻ കിണറ്റിങ്കര

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു....

    മലയാളം മിഷൻ പ്രവേശനോത്സവം: നവാഗതരെ വരവേൽക്കാൻ മലയാളിക്കൂട്ടായ്മകൾ

    മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ...

    38 വർഷത്തെ രക്തദാന സേവനം; NMCAയ്ക്ക് ആദരം

    നാഷിക്: നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന...

    ന്യൂ ബോംബെ വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി

    നവി ബോംബെ വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി 2026 ആഗസ്റ്റ് 12ന് രാവിലെ 6.30 മുതൽ 10...
    spot_img

    More like this

    ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു....

    മലയാളം മിഷൻ പ്രവേശനോത്സവം: നവാഗതരെ വരവേൽക്കാൻ മലയാളിക്കൂട്ടായ്മകൾ

    മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ...

    38 വർഷത്തെ രക്തദാന സേവനം; NMCAയ്ക്ക് ആദരം

    നാഷിക്: നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന...