നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ ശ്യാം കൃഷ്ണയാണ് മരിച്ചത്. 25 വയസ്സായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൻ കെ.പി.(24) ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരേ ദിശയിൽ നടന്നുപോകുകയായിരുന്ന മൂന്നംഗ സംഘത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റൊരു യുവതിക്ക് നിസാര പരിക്കുകളേറ്റു.
ഗുരുതരമായി പരിക്കേറ്റ അമൻ കെ.പി.യുടെ ശസ്ത്രക്രിയ ഡി.എം.എം.സി മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന മലയാളി ഡോക്ടറുമായി നാഗ്പൂരിലെ ജീവകാരുണ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ട് ചികിത്സാ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.
അപകടവിവരമറിഞ്ഞ് നാഗ്പൂരിലെ കേരളീയ സമാജം പ്രവർത്തകർ ആശുപത്രിയിലെത്തി ആവശ്യമായ സഹായനടപടികൾക്ക് നേതൃത്വം നൽകി. കേരളീയ സമാജം നാഗ്പൂർ ജനറൽ സെക്രട്ടറി രാജഗോപാൽ, സാമൂഹിക പ്രവർത്തകൻ രാധാകൃഷ്ണൻ തുടങ്ങി സമാജം ഭാരവാഹികളും ഉടനടി ആശുപത്രിയിലെത്തി ആവശ്യമായ സഹായനടപടികൾക്ക് നേതൃത്വം നൽകി
അതേസമയം, ശ്യാം കൃഷ്ണന്റെ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. ഇന്ന് രാത്രി നാഗ്പൂരിൽ നിന്ന് വിമാനമാർഗം പൂനെയിലെത്തിക്കുന്ന മൃതദേഹം തുടർന്ന് പുലർച്ചെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.
കൊച്ചിയിൽ നിന്ന് നോർക്ക റൂട്ട്സിന്റെ പ്രത്യേക ആംബുലൻസിൽ മൃതദേഹം കണ്ണൂർ തളിപ്പറമ്പിലെ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണെന്ന് എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.
അപകടത്തിൽ നാഗ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. അപകടത്തിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News
