മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ (അപ്ന ബസാറിനു മുകളിൽ )വെച്ച് വിവിധ കലാ പരിപാടികളോടെ ആഘോഷപൂർവ്വം കൊണ്ടാടുന്നതായിരിക്കും.
കാലത്ത് 10 മണിക്ക് സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, ട്രഷറര്‍ മുരളിധരൻ, ലയൺ എം. കുമാരൻ നായർ, പ്രസിഡന്റ് എമിരേറ്റ്സ് കലാശ്രീ സി. കെ. കെ. പൊതുവാൾ പ്രോഗ്രാം കൺവീനർ ശശിധരൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും തുടർന്ന് സമാജം അംഗങ്ങളും മുംബയിലെ പ്രശസ്ത കലാകാരന്മാരും വിവിധ പരിപാടികൾ അവതരിപ്പിക്കും.
കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ് എസ് സി, ഏച് എസ് സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അജിത് കുമാർ നായർ മെമ്മോറിയൽ അവാർഡ് ദാനം, ഉഷാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്ത്, ഫ്ലവേഴ്‌സ് ടോപ് സിംഗർ സീസൺ 5 വിജയിതാവ് ശിവ ശങ്കർ കൃഷ്ണ അവതരിപ്പിക്കുന്ന ഗാനങ്ങൾ, നൃത്താധ്യാപിക ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ മുളുണ്ടിലെ ഗീത നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ ലീല ബാലെ, കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ രമണന്റെ നൃത്താവിഷ്ക്കാരം എന്നീ പരിപാടികൾ അരങ്ങേറും.
വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം ഉച്ചക്ക് 2 മണിയോടെ ഓണാഘോഷം സമാപ്തമാകും. മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും. സംഗീത, സുപ്രഭ നായർ,ഇടശ്ശേരി രാമചന്ദ്രൻ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിക്കും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
