ഡോംബിവിലി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിവരങ്ങൾ നൽകാനും കേരള സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്ക റൂട്ട്സിന്റെ ഉന്നത ഉദ്യോഗസ്ഥർ ഡോംബിവിലി കേരളീയ സമാജത്തിലെത്തി. കേരളീയ സമാജം (രജി.) ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 13-നായിരുന്നു മഹാ–പ്രവാസി സംഗമം സംഘടിപ്പിച്ചത്.
നോർക്ക റൂട്ട്സ് സി.ഇ.ഒ രാജേഷ് മാധവൻ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ പ്രകാശ് പി. ജോസഫ്, നോഡൽ ഓഫീസർ അരുൺ ആർ. ബി., അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അഖിൽ കൃഷ്ണൻ, അക്ഷയ ഇൻഷുറൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ. എം. എന്നിവർ നേതൃത്വം നൽകി.

വൈകിട്ട് അഞ്ചിന് മോഡൽ കോളേജിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് സമാജം അംഗങ്ങളും മറുനാടൻ മലയാളികളും പങ്കെടുത്തു. നോർക്ക തിരിച്ചറിയൽ കാർഡ്, അപകട ഇൻഷുറൻസ്, നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ്, നോർക്ക പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രവാസികളുടെ പരാതികളും നിർദേശങ്ങളും ഉദ്യോഗസ്ഥർ നേരിട്ട് കേൾക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
പ്രവാസി ഐ.ഡി. കാർഡിന് നിലവിലുള്ള 70 വയസ്സ് പ്രായപരിധി മൂലം പദ്ധതിയിൽ നിന്ന് പുറത്തായ സൂപ്പർ സീനിയർ പ്രവാസികളുടെ പ്രശ്നം സംഗമത്തിൽ പ്രധാന ചർച്ചയായി. പ്രായപരിധി ഒഴിവാക്കി 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും പ്രവാസി ഐ.ഡി. കാർഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളീയ സമാജം ഭരണസമിതി നിവേദനം സമർപ്പിച്ചു.

Follow this link for more photos of the event >>>>>>>>>>>
നോർക്ക റൂട്ട്സ് സി.ഇ.ഒ രാജേഷ് മാധവനും ജനറൽ മാനേജർ പ്രകാശ് പി. ജോസഫും വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി സമാജം അറിയിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് സമാജം പ്രസിഡന്റ് ഇ. പി. വാസു, ചെയർമാൻ വർഗീസ് ഡാനിയേൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.
കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തത് പ്രവാസി ക്ഷേമ വിഷയങ്ങളിലുള്ള സമൂഹത്തിന്റെ താൽപര്യം വ്യക്തമാക്കുന്നതായി സംഘാടകർ പറഞ്ഞു.
നോർക്ക ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും പരിഹാര മാർഗങ്ങൾ തേടാനും അവസരം ഒരുക്കിയ സംഗമം ഡോംബിവിലിയിലെ പ്രവാസി സമൂഹത്തിന് ശ്രദ്ധേയമായ അനുഭവമായി.
ബിജു രാജൻ പരിപാടി നിയന്ത്രിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
