മുംബൈ: വിവാഹം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച 48-ാമത് വിവാഹ ബാന്ധവ മേള ശ്രദ്ധേയമായി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങൾക്ക് പുറമെ കർണാടക, ഗുജറാത്ത്, ഡൽഹി, കേരളം എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളായ യു.കെ., യു.എസ്.എ., ജർമ്മനി, ദുബായ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുമുള്ള യുവതീയുവാക്കൾ മേളയിൽ പങ്കെടുത്തു.
മേളയുടെ ഉദ്ഘാടനം ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർ ഗിരീഷ് വടശ്ശേരി, ഐ.ആർ.എസ്. നിർവഹിച്ചു. വിവാഹം രണ്ട് വ്യക്തികളുടെ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമമാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ധാരണയും വിട്ടുവീഴ്ചയും ജീവിതകാലം മുഴുവൻ നിലനിർത്തുന്നതാണ് ദാമ്പത്യബന്ധത്തിന്റെ വിജയത്തിന് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ യുവതീയുവാക്കൾക്ക് ആശംസകൾ നേർന്നു. സമൂഹത്തിന് ഏറെ ഗുണകരമായ ഈ സത്കർമ്മത്തിലൂടെ നിരവധി പേർക്ക് വിവാഹബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഇത്തവണയും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് സ്വാഗതപ്രസംഗത്തിൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണയും ആൺകുട്ടികളുടെ രജിസ്ട്രേഷൻ കൂടുതലാണെന്ന് അറിയിച്ചു. രജിസ്ട്രേഷനുകളിൽ നിന്ന് യുവതീയുവാക്കളുടെ വിദ്യാഭ്യാസ യോഗ്യത ഉയർന്നുവരുന്നതും പ്രായപരിധിയിലും വരുമാനത്തിലും ലിംഗവ്യത്യാസം കുറയുന്നതും വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു. ഡോ. മധുസൂദനൻ അനുഗ്രഹപ്രഭാഷണം നടത്തി.
ഒരു ദിവസം കൊണ്ട് നിരവധി അനുയോജ്യ ബന്ധങ്ങൾ
കർണാടകയിൽ നിന്ന് പിതാവിനൊപ്പമെത്തിയ 28-കാരിയായ ശില്പയ്ക്ക് ബാന്ധവ മേള വേറിട്ട അനുഭവമായി. ഒരു ദിവസം കൊണ്ട് തന്നെ നിരവധി അനുയോജ്യരായ യുവാക്കളെ പരിചയപ്പെടാൻ കഴിഞ്ഞത് ഏറെ വിലപ്പെട്ട അനുഭവമാണെന്ന് അവർ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിൽ യുവതീയുവാക്കൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ് ഇത്തരം സംരംഭങ്ങളെന്നും ശില്പ അഭിപ്രായപ്പെട്ടു.
ഗുജറാത്തിൽ നിന്നെത്തിയ 30-കാരനായ അഖിൽ ഏറെക്കാലമായി അനുയോജ്യമായ പങ്കാളിയെ തേടുകയായിരുന്നു. വിവിധ വിവാഹമാധ്യമങ്ങളിലൂടെ ശ്രമിച്ചിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ബാന്ധവ മേളയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. മേളയിലൂടെ ഒരേ ദിവസം തന്നെ തന്റെ സങ്കൽപ്പത്തിനനുസരിച്ചുള്ള നിരവധി പേരെ പരിചയപ്പെടാനും തുടർസംഭാഷണങ്ങൾക്ക് അവസരം ലഭിച്ചതായും അഖിൽ പറഞ്ഞു.

മുൻ ബാന്ധവ മേളകളിലൂടെ വിവാഹിതരായ സുഹൃത്തുക്കളിൽ നിന്നാണ് പരിപാടിയെക്കുറിച്ച് അറിഞ്ഞതെന്ന് നിരവധി പങ്കാളികൾ പറഞ്ഞു. ഒരിടത്ത് തന്നെ നിരവധി അനുയോജ്യമായ ബന്ധങ്ങൾ കണ്ടെത്താനുള്ള അവസരമാണ് മേളയുടെ പ്രധാന ആകർഷണമെന്നും അവർ അഭിപ്രായപ്പെട്ടു.
ജാതകം പരിശോധിക്കുന്നതിനായി ജ്യോത്സ്യന്റെ സേവനവും, യുവതീയുവാക്കൾക്കും മാതാപിതാക്കൾക്കും പരസ്പരം കൂടിക്കാഴ്ച നടത്തുന്നതിനുള്ള സൗകര്യവും മേളയിൽ ഒരുക്കിയിരുന്നു.
48-ാമത് വിവാഹ ബാന്ധവ മേളയുടെ വിജയത്തിനായി പൃഥ്വിരാജ്, എൻ.എസ്. രാജൻ, ഉണ്ണികൃഷ്ണൻ, കമലാനന്ദൻ, മായ സഹജൻ, കൺവീനർ സുനിൽ സുകുമാരൻ, സെക്രട്ടറി ശശാങ്കൻ, മനു, അനിൽ കുമാർ, പങ്കജാക്ഷൻ, തമ്പാൻ, പവിത്രൻ, ഡോ. ശ്യാമ, ഓഫീസ് സ്റ്റാഫ് ജീവൻ, ബീന, വിഷ്ണു, അക്ഷയ് എന്നിവർ നേതൃത്വം നൽകി.
വിവാഹബന്ധങ്ങൾ തേടുന്ന യുവതീയുവാക്കൾക്ക് വിശ്വാസയോഗ്യമായ ഒരു വേദിയായി ബാന്ധവ മേള മാറുന്നതിന്റെ തെളിവായി വൻ പങ്കാളിത്തം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
