മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു എജ്യുക്കേഷണൽ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് ഉത്സവച്ഛായ പകർന്നു.
പരമ്പരാഗത വേഷവിധാനങ്ങളോടെ അധ്യാപകരും ജീവനക്കാരും അണിനിരന്നപ്പോൾ വിവിധ നിറങ്ങളിലും രൂപങ്ങളിലുമൊരുക്കിയ ഓണപ്പൂക്കളങ്ങളും ഓണപ്പാട്ടും നൃത്ത–സംഗീത പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം പുതുതലമുറയുടെ സർഗാത്മകതയും വേദിയിൽ പ്രകടമായി.
സമിതിയുടെ കീഴിലുള്ള ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്‌സ്, ശ്രീനാരായണ ഗുരു ജൂനിയർ കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഓഫ് എഡ്യൂക്കേഷൻ, ശ്രീനാരായണ ഗുരു ഹൈസ്കൂൾ, ശ്രീനാരായണ ഗുരു മറാഠി വിദ്യാലയ, ശ്രീനാരായണ ഗുരു സെൻട്രൽ സ്കൂൾ–ചെമ്പൂർ, എസ്.എൻ.ജി ഇന്റർനാഷണൽ സ്കൂൾ–ഉൽവെ, ഡി.പി.എം.ഐ.എസ്–താരാപുർ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ആഘോഷത്തിൽ പങ്കെടുത്തത്.

ഏകത്വത്തിന്റെ സന്ദേശമായി ഓണക്കോടിയും ഓണസദ്യയും
എല്ലാ ജീവനക്കാരും ഒരുമിച്ചിരുന്ന് പങ്കിട്ട ഓണസദ്യ ആഘോഷത്തിലെ പ്രധാന ആകർഷണമായി. ശ്രീനാരായണ ഗുരുവിന്റെ ഏകത്വദർശനം ഉയർത്തിപ്പിടിച്ച് ജീവനക്കാർക്കെല്ലാം ഓണക്കോടിയും സമ്മാനിച്ചു.
ജാതി, മത, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് ഓണത്തിന്റെ മഹത്തായ സന്ദേശമെന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ പറഞ്ഞു. ഓണം ഒരു ആഘോഷം മാത്രമല്ലെന്നും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് പകരുന്ന സാംസ്കാരിക പൈതൃകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ഭാരവാഹികൾ, പ്രിൻസിപ്പൽമാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കൂട്ടായ്മയും സൗഹൃദവും സർഗാത്മകതയും നിറഞ്ഞുനിന്ന ആഘോഷം, ശ്രീനാരായണ മന്ദിര സമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐക്യത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും മനോഹരമായ പ്രതിഫലനമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
