HomeArticleഉത്രാടപ്പാച്ചിൽ… ഒത്തിരി ഓർമ്മകളുടെ ആ പഴയ ഓണം.

ഉത്രാടപ്പാച്ചിൽ… ഒത്തിരി ഓർമ്മകളുടെ ആ പഴയ ഓണം.

Published on

  • നെല്ലൻ ജോയി ::::::

ഇന്ന് ഉത്രാടം. ഓണം വരുന്നതിന്റെ തലേ ദിവസം എന്നതിലുപരി, ഒരു നാടിന്റെ മുഴുവൻ ചലനങ്ങളും ഒരേ താളത്തിൽ വേഗം പിടിച്ചിരുന്ന ദിവസമായിരുന്നു പണ്ടത്തെ ഉത്രാടം. അതുകൊണ്ടുതന്നെയാണ് അതിന് ‘ഉത്രാടപ്പാച്ചിൽ’ എന്ന പേര് വന്നത്. പക്ഷേ ആ പാച്ചിലിന് ഇന്നത്തെ തിരക്കിന്റെ അസ്വസ്ഥതയുണ്ടായിരുന്നില്ല. അതിനും ഒരു താളമുണ്ടായിരുന്നു, ഒരു സുഖമുണ്ടായിരുന്നു, ഒരു മണമുണ്ടായിരുന്നു. മണ്ണിന്റെ മണം, അടുക്കളയിൽ വറുത്തെടുക്കുന്ന ഉപ്പേരിയുടെ മണം, മുറ്റത്ത് വിരിയുന്ന പൂക്കളുടെ മണം, പുതുവസ്ത്രത്തിന്റെ മണം… എല്ലാത്തിനുമുപരി ഓണം വരുന്നതിന്റെ ഒരു പ്രത്യേക മണം.

പണ്ടത്തെ ഓണം കടകളിൽ നിന്ന് എല്ലാം വാങ്ങിയെത്തിച്ച് ഒരുക്കുന്ന ആഘോഷമായിരുന്നില്ല. ഓണസദ്യയുടെ വലിയൊരു ഭാഗം സ്വന്തം പറമ്പിൽ നിന്നാണ് വന്നിരുന്നത്. ‘ഓണത്തിന് ചേന വേണം’ എന്ന ചിന്തയിൽ നേരത്തെ തന്നെ ചേന നട്ടുവെക്കും. ഓണമാകുമ്പോഴേക്കും അത് പൂർണ്ണമായി വിളഞ്ഞിട്ടില്ലെങ്കിലും പറിച്ചെടുക്കും. ‘ഇത്രയും മതി എന്നൊരു തൃപ്തിയുണ്ടായിരുന്നു.

കുമ്പളങ്ങയും മത്തനും പയറും വെണ്ടയ്ക്കയും വെള്ളരിക്കയും കായയും തേങ്ങയും കറിവേപ്പിലയും പച്ചമുളകുമൊക്കെ വീട്ടുവളപ്പിൽ നിന്ന് അടുക്കളയിലെത്തുമ്പോൾ, ഒരു ഓണസദ്യ വെറുമൊരു ഭക്ഷണമായിരുന്നില്ല. ഒരു കുടുംബത്തിന്റെ അധ്വാനവും ഒരു പറമ്പിന്റെ വിളവും ഒരു കൃഷിക്കാലത്തിന്റെ ഓർമ്മയും ചേർന്നുണ്ടാകുന്ന ജീവിതത്തിന്റെ രുചിയായിരുന്നു അത്.

വിത്തിട്ടതും നട്ടതും വളർത്തിയതും ഒടുവിൽ ഓണത്തിന്റെ ഇലയിൽ വിളമ്പിയതും ഒരേ ജീവിതചക്രത്തിന്റെ ഭാഗങ്ങളായിരുന്നു. അതുകൊണ്ടാണ് ഓണത്തിന് കാർഷിക കേരളവുമായി ഇത്രയും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നത്. പാടത്ത് വിളവ് നിറയുമ്പോൾ വീട്ടുമുറ്റത്തും സന്തോഷം നിറയും. കർഷകന്റെ വിയർപ്പിൽ നിന്ന് സദ്യയുടെ രുചിയിലേക്ക് എത്തുന്ന ആ യാത്രയിൽ അധ്വാനത്തോടുള്ള ബഹുമാനവും പ്രകൃതിയോടുള്ള സ്നേഹവും കുടുംബത്തിന്റെ കൂട്ടായ്മയും ഉണ്ടായിരുന്നു.

ഉത്രാടദിവസം വീടിനുള്ളിൽ പിന്നെ വലിയ തിരക്കാണ്. അമ്മമാരും അമ്മൂമ്മമാരും അടുക്കളയിൽ ഓടിനടക്കും. കായ വെട്ടി ഉപ്പേരിയാക്കണം, പപ്പടം തയ്യാറാക്കണം, അച്ചാർ നോക്കണം, പുളിയിഞ്ചിക്ക് ഇഞ്ചി അരിയണം, പരിപ്പും പച്ചക്കറികളും വൃത്തിയാക്കണം, തേങ്ങ ചിരകണം. അടുത്ത ദിവസം സദ്യയ്ക്ക് ഒന്നും കുറയരുത്. ഓരോ ജോലിക്കും അതിന്റേതായ സമയവും ക്രമവുമുണ്ടായിരുന്നു. ആ തിരക്കിനിടയിലും വീടിനകത്ത് നിറഞ്ഞുനിന്നത് ക്ഷീണമല്ല, സന്തോഷമായിരുന്നു. അതായിരുന്നു ഉത്രാടപ്പാച്ചിലിന്റെ യഥാർത്ഥ ഭംഗി.

കുട്ടികളുടെ ഉത്രാടപ്പാച്ചിൽ അതിലും രസകരമായിരുന്നു. പൂക്കളത്തിനായി തുമ്പപ്പൂവും തെച്ചിപ്പൂവും ചെമ്പരത്തിയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ തേടി പറമ്പിലും തൊടിയിലും ഓടിനടക്കും. കിട്ടുന്ന പൂക്കൾകൊണ്ട് തന്നെ പൂക്കളം തീരും. കടയിൽ നിന്ന് ഒരേ നിറത്തിലും ഒരേ വലുപ്പത്തിലും വാങ്ങിയ പൂക്കൾക്കില്ലാത്ത ഒരു പ്രത്യേക ഭംഗിയായിരുന്നു മുറ്റത്തുനിന്നും തൊടിയിൽനിന്നും കുട്ടികൾ ശേഖരിച്ച പൂക്കൾക്കുണ്ടായിരുന്നത്. അതിൽ നിറങ്ങൾക്കപ്പുറം ബാല്യത്തിന്റെ കൈയൊപ്പുണ്ടായിരുന്നു.

ഓണക്കാലത്ത് ഓരോ പ്രദേശത്തും ഒരു ഊഞ്ഞാലെങ്കിലും കാണും. വലിയൊരു മരത്തിന്റെ കൊമ്പിൽ കെട്ടിയ ആ ഊഞ്ഞാൽ ഒരാളുടേതായിരുന്നില്ല; നാട്ടിലെ എല്ലാവരുടേതുമായിരുന്നു. ഒരാൾ ആടുമ്പോൾ മറ്റുള്ളവർ കാത്തുനിൽക്കും. ആ കാത്തിരിപ്പിലും പരിഭവമില്ലാത്ത സൗഹൃദമുണ്ടായിരുന്നു. ആരാണ് ആദ്യം, ആരാണ് പിന്നിൽ എന്നതിലുപരി എല്ലാവർക്കും ആ സന്തോഷത്തിൽ പങ്കുണ്ടായിരുന്നു.

ഓണത്തിന് വീടുകൾ തോറും കയറിയിറങ്ങുന്നതും അന്നത്തെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായിരുന്നു. ബന്ധുക്കളുടെ വീടുകൾ മാത്രമല്ല, അയൽവീടുകളും സുഹൃത്തുക്കളുടെ വീടുകളും പരിചയമുള്ളവരുടെയും ചിലപ്പോൾ പരിചയമില്ലാത്തവരുടെയും വീടുകളും. ജാതിയോ മതമോ സമുദായമോ ആരും ചോദിച്ചിരുന്നില്ല. ഓണം വന്നാൽ നാട്ടിലെ എല്ലാവരും ഓണക്കാർ. ഏതെങ്കിലും വീട്ടിൽ ചെന്നാൽ ‘പായസം കുടിച്ചിട്ട് പോ’ എന്നൊരു സ്നേഹവാക്ക് കേൾക്കാം. ഒരു ഗ്ലാസ് പായസം മാത്രമായിരുന്നെങ്കിലും അതിൽ ഒരു വീടിന്റെ മുഴുവൻ സ്നേഹവും നിറഞ്ഞിരുന്നു. ഇന്ന് സൗകര്യങ്ങൾ ഏറെയുണ്ട്. പക്ഷേ ആ ഒരു വാക്കിന് പകരം വയ്ക്കാൻ കഴിയുന്ന എന്താണ് നമുക്ക് ലഭിച്ചത്?

പഴയ ഓണത്തിന്റെ മറ്റൊരു മനോഹരമായ ഓർമ്മ നാട്ടിലെ ക്ലബുകളുടെയും കൂട്ടായ്മകളുടെയും ഓണാഘോഷങ്ങളാണ്. വലിയ സ്റ്റേജുകളോ വലിയ സ്പോൺസർമാരോ ഇല്ലാതിരുന്നിട്ടും മൈതാനങ്ങൾ അന്ന് ഉത്സവപ്പറമ്പുകളായി മാറും. കലം തല്ലിപ്പൊട്ടിക്കൽ, റൊട്ടി കടി, ചാക്കിലോട്ടം, നാരങ്ങാ സ്പൂൺ ഓട്ടം, സൂചിയും നൂലും, വെള്ളം കുടി മത്സരം, വാഴയിൽ കയറ്റം… ഓരോ മത്സരത്തിനും കാണികളുടെ ചിരിയും കൈയടിയും. ഒടുവിൽ വടംവലി. കയറിന്റെ ഒരറ്റത്ത് ഒരു കൂട്ടം, മറുവശത്ത് മറ്റൊരു കൂട്ടം. ‘വലിയെടാ … പിടിക്കെടാ..…’ എന്ന വിളി ഉയരുമ്പോൾ ഒരു നാട്ടുപ്രദേശം മുഴുവൻ ഒരേ ആവേശത്തിൽ ചേരും. സമ്മാനം ഒരാൾക്ക് കിട്ടിയാലും യഥാർത്ഥത്തിൽ ജയിച്ചിരുന്നത് ആ കൂട്ടായ്മ തന്നെയായിരുന്നു.

അന്ന് ഓണം വലിയ ആഘോഷവേദികളിലായിരുന്നില്ല; മനുഷ്യരുടെ മനസ്സുകളിലായിരുന്നു. പരസ്പരം കൊടുക്കാൻ മനുഷ്യർക്ക് സമയമുണ്ടായിരുന്നു. ഇന്ന് കാറ്ററിംഗ് സർവീസുണ്ട്, ഓൺലൈൻ ഓർഡറുണ്ട്, പൂക്കളും പച്ചക്കറികളും സദ്യയും വീട്ടുപടിക്കൽ എത്തും. കാലം മാറിയതിൽ തെറ്റില്ല. സൗകര്യങ്ങൾ വന്നതും ജീവിതം എളുപ്പമായതും നല്ലതാണ്. പക്ഷേ അതിനിടയിൽ ഓണത്തിന്റെ ആത്മാവ് മാത്രം കൈവിട്ടുപോകരുത്!!!

ഓണം വാങ്ങലിന്റെയും കഴിക്കലിന്റെയും ആഘോഷം മാത്രമാകാതെ, പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും ഉത്സവമായി തുടരട്ടെ. പുതിയ വസ്ത്രം ധരിക്കുന്നതിനൊപ്പം മനസ്സിലെ പഴയ പിണക്കങ്ങളും അഴിച്ചുവയ്ക്കാൻ കഴിയട്ടെ. പൂക്കളം മുറ്റത്ത് മാത്രം വിരിയാതെ മനുഷ്യർക്കിടയിലും വിരിയട്ടെ. സദ്യയുടെ രുചി നാവിൽ മാത്രമല്ല, ബന്ധങ്ങളിലും നിറയട്ടെ.

പണ്ടത്തെ ഓണം നമ്മെ പഠിപ്പിച്ച ഒരു വലിയ സത്യമുണ്ട്. വീട്ടിൽ വിളഞ്ഞ ചേന പൂർണ്ണമായി മൂപ്പെത്തിയില്ലെങ്കിലും ഓണത്തിന് പറിച്ചെടുക്കാം. പക്ഷേ മനുഷ്യബന്ധങ്ങൾ അങ്ങനെയല്ല. അവ പാകമാകാൻ സമയം വേണം. സ്നേഹം വേണം. പരിഗണന വേണം. പങ്കുവെക്കലും ക്ഷമയും വേണം. ഒരു വിത്ത് മണ്ണിൽ നട്ട് കാത്തിരിക്കുന്നതുപോലെ ബന്ധങ്ങളെയും വളർത്തിയെടുക്കണം. അപ്പോഴാണ് അവ ജീവിതത്തിന്റെ നല്ല കാലങ്ങളിൽ തണലാകുന്നത്.

ഉത്രാടപ്പാച്ചിൽ അവസാനിച്ച് തിരുവോണം പുലരുമ്പോൾ നമുക്ക് തിരികെ പിടിക്കേണ്ടത് പഴയകാലത്തെ അതേ ജീവിതമല്ല. കാരണം അത് ഒരുപാട് മാറി… പക്ഷെ അന്നുണ്ടായിരുന്ന ആ മനസ്സാണ്. മണ്ണിനോടുള്ള ബന്ധം, അധ്വാനത്തോടുള്ള ബഹുമാനം, അയൽക്കാരനോടുള്ള സ്നേഹം, വീടുകൾക്കിടയിലെ തുറന്ന വാതിലുകൾ, ജാതിയും മതവും മറന്ന് ഒരുമിച്ച് ചിരിച്ചിരുന്ന മനുഷ്യർ, ഒരു ഗ്ലാസ് പായസത്തിൽ പോലും വലിയൊരു സന്തോഷം കണ്ടെത്തിയ ലാളിത്യം അതൊക്കെയായിരുന്നു നമ്മുടെ ഓണത്തിന്റെ യഥാർത്ഥ സമ്പത്ത്.

അതുകൊണ്ടുതന്നെ ഓണം വരുമ്പോൾ ഇന്നും കേരളത്തിന്റെ കാറ്റിൽ പഴയൊരു മണം കലരുന്നുണ്ട്. അത് പൂക്കളുടെ മാത്രം മണമല്ല. നമ്മുടെ ബാല്യത്തിന്റെ മണം കൂടിയാണ്. നമ്മുടെ മണ്ണിന്റെ മണം. നമ്മുടെ വീടുകളുടെ മണം. നമ്മളെ ചേർത്തുനിർത്തിയ മനുഷ്യബന്ധങ്ങളുടെ മണം. കാലം എത്ര മാറിയാലും മനസ്സിന്റെ ഏതോ കോണിൽ മായാതെ കിടക്കുന്ന ഓർമ്മകളുടെ മണം.

ഈ ഉത്രാടം ആ പഴയ ഓണത്തിന്റെ ഒരു തുണ്ട് വെളിച്ചമെങ്കിലും നമ്മളിലേക്ക് തിരികെ കൊണ്ടുവരട്ടെ. വീടുകളുടെ വാതിലുകൾ തുറക്കട്ടെ. അയൽവീട്ടിലേക്ക് ഒരു പാത്രം പായസം പോകട്ടെ. മുറ്റത്ത് ഒരു ഊഞ്ഞാൽ വീണ്ടും കെട്ടപ്പെടട്ടെ. കുട്ടികളുടെ ചിരി മൈതാനങ്ങളിൽ നിറയട്ടെ. ഒരു കയർ പിടിച്ച് മുതിർന്നവർ വീണ്ടും വടംവലിക്കട്ടെ. ജയവും പരാജയവും മറന്ന് എല്ലാവരും ഒരുമിച്ച് ചിരിക്കട്ടെ.

അപ്പോഴാണ് ഓണം ഒരു കലണ്ടർ ദിവസമല്ലെന്നും, അത് നമ്മളെ നമ്മളിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്ന ഒരു ഓർമ്മയാണെന്നും തിരിച്ചറിയുക.

ഓണം വന്നിരിക്കുന്നു…

  • നെല്ലൻ ജോയി

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

സി എസ് എം ടിയിൽ ഇത്തവണ ഭീമൻ പൂക്കളമില്ല; അനുമതി നിഷേധിച്ച് റെയിൽവേ

മുംബൈ: ഓണക്കാലത്ത് മുംബൈയുടെ സാംസ്കാരിക മുഖമായി മാറിയിരുന്ന ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ (സി എസ് എം ടി)...

താജ് ആർട്ട് ഗാലറിയിൽ കലാ സംവാദിന്റെ നാലാമത് ഏകദിന ഗ്രൂപ്പ് ആർട്ട് എക്സിബിഷന് സമാപനം

23 കലാകാരന്മാരുടെ സൃഷ്ടികൾ ശ്രദ്ധേയമായി; പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സാന്നിധ്യം മുംബൈ, ഓഗസ്റ്റ് 21: കലാ സംവാദിന്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ...

പ്രൗഢഗംഭീരമായി എൻ.ബി.കെ.എസ് ഓണം 2026

മാവേലിക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരണം; വൈവിധ്യമാർന്ന കലാപരിപാടികളും അനുമോദനച്ചടങ്ങുകളും നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

കാൻസർ രോഗികൾക്ക് കുടകൾ വിതരണം ചെയ്ത് കൊളാബ മലയാളി അസോസിയേഷൻ

മുംബൈ: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൊളാബ മലയാളി അസോസിയേഷൻ മഹാലക്ഷ്മിയിലെ കാൻസർ പേഷ്യന്റ് എയ്ഡ് അസോസിയേഷനിൽ ചികിത്സയിൽ...
spot_img

More like this

സി എസ് എം ടിയിൽ ഇത്തവണ ഭീമൻ പൂക്കളമില്ല; അനുമതി നിഷേധിച്ച് റെയിൽവേ

മുംബൈ: ഓണക്കാലത്ത് മുംബൈയുടെ സാംസ്കാരിക മുഖമായി മാറിയിരുന്ന ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ (സി എസ് എം ടി)...

താജ് ആർട്ട് ഗാലറിയിൽ കലാ സംവാദിന്റെ നാലാമത് ഏകദിന ഗ്രൂപ്പ് ആർട്ട് എക്സിബിഷന് സമാപനം

23 കലാകാരന്മാരുടെ സൃഷ്ടികൾ ശ്രദ്ധേയമായി; പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സാന്നിധ്യം മുംബൈ, ഓഗസ്റ്റ് 21: കലാ സംവാദിന്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ...

പ്രൗഢഗംഭീരമായി എൻ.ബി.കെ.എസ് ഓണം 2026

മാവേലിക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരണം; വൈവിധ്യമാർന്ന കലാപരിപാടികളും അനുമോദനച്ചടങ്ങുകളും നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...