മുംബൈ: ബോംബെ കേരളീയ സമാജം സംഘടിപ്പിച്ച മൂന്നാമത് മെഗാ കൈകൊട്ടിക്കളി മത്സരത്തിൽ ഡോംബിവലി കേരളീയ സമാജം ഒന്നാം സ്ഥാനം നേടി തുടർച്ചയായ മൂന്നാം തവണയും കിരീടം സ്വന്തമാക്കി. മാട്ടുംഗയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ നടന്ന മത്സരം മുംബൈയിലെ മലയാളി വനിതകളുടെ കലാപ്രതിഭയും കൂട്ടായ്മയും നിറഞ്ഞ വർണാഭമായ വേദിയായി.
മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. പരമ്പരാഗത വേഷവിധാനങ്ങളോടെയും ചടുലമായ ചുവടുകളോടെയും ടീമുകൾ അവതരിപ്പിച്ച കൈകൊട്ടിക്കളി കാണികൾക്ക് മികച്ച കലാനുഭവമായി.
രാവിലെ 9.30ന് ബോംബെ കേരളീയ സമാജം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്കുശേഷം വൈകുന്നേരം സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

ഡോംബിവലിക്ക് 25,000 രൂപയും കിരീടവും
വൈകുന്നേരം നാലിന് നടന്ന സമ്മാനദാനച്ചടങ്ങിലും സാംസ്കാരിക സമ്മേളനത്തിലും സമാജം വൈസ് പ്രസിഡന്റ് കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു.
കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പ് , മത്സരത്തിന്റെ വിധികർത്താക്കളായ കലാമണ്ഡലം വിജയശ്രീ, പ്രതിഭ ജനാർദ്ദനൻ, നിഷ ഗിൽബർട്ട് എന്നിവരും വേദി പങ്കിട്ടു.
ഒന്നാം സ്ഥാനം – ഡോംബിവലി കേരളീയ സമാജം
₹25,000, ഫലകം, സർട്ടിഫിക്കറ്റ്

രണ്ടാം സ്ഥാനം – നാട്യ അക്കാദമി, സീവുഡ്
₹15,000, ഫലകം, സർട്ടിഫിക്കറ്റ്

മൂന്നാം സ്ഥാനം – ഈസ്റ്റ് കല്യാൺ കേരള സമാജം
₹10,000, ഫലകം, സർട്ടിഫിക്കറ്റ്
മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും ₹2,000 വീതം പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും നൽകി.
സീഗൽ ഇന്റർനാഷണൽ ഗ്രൂപ്പും ഫാമിസ് സ്പൈസസും സ്പോൺസർമാർ
ഒന്നാം സമ്മാനമായ ₹25,000 സീഗൽ ഇന്റർനാഷണൽ ഗ്രൂപ്പ് സ്പോൺസർ ചെയ്തു. രണ്ടും മൂന്നും സമ്മാനങ്ങളായ ₹15,000, ₹10,000 എന്നിവ ഫാമിസ് സ്പൈസസ് LLP സ്പോൺസർ ചെയ്തു.

ബോംബെ കേരളീയ സമാജത്തിന്റെ വനിതാ വിഭാഗം അംഗങ്ങളും ഭരണസമിതി അംഗങ്ങളും ചേർന്നാണ് പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രശസ്ത ഗായകരായ മധു നമ്പ്യാർ, സെബാസ്റ്റ്യൻ എന്നിവർ സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകി. പരിപാടിയുടെ അവതരണം ശ്യാം സീവുഡ് നിർവഹിച്ചു.
കേരളത്തിന്റെ തനത് കലാരൂപമായ കൈകൊട്ടിക്കളിയെ മുംബൈയുടെ സാംസ്കാരിക വേദിയിൽ അവതരിപ്പിക്കുകയും വനിതകളുടെ കലാപരമായ കഴിവുകൾക്ക് അവസരമൊരുക്കുകയും ചെയ്ത മത്സരത്തിന്റെ മൂന്നാം പതിപ്പ്, പ്രവാസി മലയാളി സമൂഹത്തിലെ സാംസ്കാരിക കൂട്ടായ്മയുടെ ശക്തമായ പ്രതിഫലനമായി മാറി.
