തന്റെ ശാസ്ത്രജീവിതത്തിന്റെ തുടക്കകാലത്തെ തട്ടകമായ അണുശക്തിനഗറിൽ പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനും വൈജ്ഞാനിക സാഹിത്യകാരനും ചിന്തകനുമായ ഡോ. എം. പി. പരമേശ്വരന് ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ് (TTFAC) സ്മരണാഞ്ജലികൾ അർപ്പിച്ചു.
ആഗസ്റ്റ് പത്തൊൻപതാം തീയതി വൈകീട്ട് അണുശക്തിനഗറിലെ ടി.ടി.എഫ്.എ.സി ഓഫീസിലാണ് എം.പിയുടെ ഓർമ്മകൾ പുതുക്കിയ യോഗം നടന്നത്. അനുശോചനയോഗത്തിൽ എം. പിയുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന ഡോ. ആർ. വി. ജി. മേനോൻ, ഡോ. എം. ലളിതാംബിക, പാപ്പുട്ടി മാഷ്, ഡോ. എ. പി. ജയരാമൻ, ഡോ. പി. ഹരികുമാർ, ആനക്കഴി ശ്രീധരൻ, സുരേഷ് കോഡൂർ എന്നിവരുടെയും എം. പിയുടെ ഇളയ സഹോദരനായ എം. പി. കൃഷ്ണന്റേയും ഓർമ്മമൊഴികൾ പ്രദർശിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായും, കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും സാക്ഷരതാ മിഷനുമായും ബന്ധപ്പെട്ട എം. പിയുടെ പ്രവർത്തനങ്ങളും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ സ്വീകാര്യതയും ആ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്നു.
പരിപാടിയുടെ ഏകോപനം നിർവ്വഹിച്ച ശ്രീപ്രസാദ് വടക്കേപ്പാട്ട് ഒരു സചിത്രവിവരണത്തിലൂടെ എം. പിയുടെ ജീവിതയാത്ര സദസ്സിനു പരിചയപ്പെടുത്തി. വായിച്ചറിയുകയും തങ്ങളെ സ്വാധീനിക്കുകയും ചെയ്ത എം. പിയെക്കുറിച്ചുള്ള ഓർമ്മകൾ ശ്രീജിത് ജനാർദ്ദനൻ, ബാബുരാജ്, എൻ. കെ. അശോകൻ തുടങ്ങിയവർ സദസ്സുമായി പങ്കുവച്ചു.
അനുശോചന യോഗത്തിൽ ടി.ടി.എഫ്.എ.സി സെക്രട്ടറി വിജു ചിറയിലും, ലൈബ്രറി കൺവീനർ ആർ. പ്രദീപും സംസാരിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
AMCHI MUMBAI
Every Saturday | 4:30 PM
Kairali News
