ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ ‘സെമിനാർ പരമ്പര 2026’ ശ്രദ്ധേയമായി
മുംബൈ: വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും മികച്ച ആശയവിനിമയം സാധ്യമാക്കുന്നതിനും വൈകാരിക ബുദ്ധി (Emotional Intelligence) വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് ബീഡ് ജില്ലാ പരിഷത്ത് സി.ഇ.ഒ ജിതിൻ റഹ്മാൻ IAS അഭിപ്രായപ്പെട്ടു.
ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ നേതൃത്വത്തിൽ മറാത്തവാഡ സോൺ സംഘടിപ്പിച്ച ‘സെമിനാർ പരമ്പര 2026’-ന്റെ ഭാഗമായി നടന്ന ഓൺലൈൻ സെമിനാറിൽ ‘വൈകാരിക ബുദ്ധിയുടെ പങ്കും പ്രയോഗവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ സ്വന്തം വികാരങ്ങളെ തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയുന്നതാണ് വൈകാരിക ബുദ്ധിയുടെ പ്രധാന ഘടകമെന്ന് ജിതിൻ റഹ്മാൻ പറഞ്ഞു.
മറ്റുള്ളവരെക്കുറിച്ചുള്ള മുൻവിധികൾ ഒഴിവാക്കി വ്യക്തികളെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കണം. വികാരങ്ങൾക്ക് അടിമപ്പെടാതെ സമചിത്തതയോടെയും മാനസിക-വൈകാരിക സന്തുലിതാവസ്ഥയോടെയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ഓരോരുത്തരും വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിജീവിതത്തിലും ഔദ്യോഗിക രംഗത്തും മികച്ച ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും സംഘർഷങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും തീരുമാനങ്ങൾ കൂടുതൽ വ്യക്തതയോടെ എടുക്കുന്നതിനും വൈകാരിക ബുദ്ധി നിർണായകമാണെന്നും അദ്ദേഹം വിശദീകരിച്ചു.
വനിതാ പ്രതിനിധികളുടെ സജീവ പങ്കാളിത്തം
സെമിനാറിൽ പ്രിയ സിസ് സ്വാഗതം ആശംസിച്ചു. ചിത്ര വിപിൻ പൊതുവാൾ വിഷയാവതരണം നടത്തി.
ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ് നായർ, സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. അശോകൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനു ബി. നായർ, കബീർ അഹമ്മദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സുമി ജെൻട്രി, രാധാകൃഷ്ണ പിള്ള, രാജീവ് പണിക്കർ, മറാത്തവാഡ സോൺ ചെയർമാൻ ജോയ് പൈനാടത്ത്, കൺവീനർ റഹമത്ത് മൊയ്തീൻ, വനിതാവേദി ചെയർപേഴ്സൺ വിനീത പിള്ള തുടങ്ങിയവർ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുള്ള വനിതാവേദി പ്രതിനിധികളും സംസ്ഥാന, സോണൽ ഭാരവാഹികളും സെമിനാറിൽ സജീവമായി പങ്കെടുത്തു.
പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തരവേളയിൽ പങ്കെടുത്തവർ ഉന്നയിച്ച വിവിധ സംശയങ്ങൾക്ക് ജിതിൻ റഹ്മാൻ IAS മറുപടി നൽകി. പ്രിയ എൻ. നായർ നന്ദി രേഖപ്പെടുത്തി.
സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃത്വശേഷി, സാമൂഹിക ഇടപെടൽ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിജ്ഞാനപ്രദമായ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാർ പരമ്പര തുടരാനാണ് ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
AMCHI MUMBAI
Every Saturday | 4:30 PM
Kairali News
