- ദീപ ബിബീഷ് നായർ :::::
ഓർമ്മകളുടെ മണിമുറ്റത്ത് വീണ്ടുമാ പഴയ ഓണക്കാലം തെളിഞ്ഞു വരികയായി. കുട്ടിക്കാലത്തെ ഓണക്കാഴ്ചകൾ അത്രകണ്ട് ഹൃദ്യമായിരുന്നു. പൂക്കൾ പറിയ്ക്കാനും പൂക്കളമൊരുക്കാനും കൂട്ടുകാരങ്ങനെ ബഹളമയമായി ഓടി നടക്കുന്ന കാഴ്ച. തുമ്പയും, തെച്ചിയും, വാടാമല്ലിയും, ജമന്തിയും, കാക്കപ്പൂവും എന്നു വേണ്ട…..കണ്ണിൽ കാണുന്ന പൂക്കളൊക്കെ ഓടി നടന്നു മത്സരത്തോടെ പറിക്കുമായിരുന്നു. അതിനിടയിലുള്ള ഓട്ടത്തിനിടയിൽ എത്ര തവണയാണ് മറിഞ്ഞു വീണത്. ചാണകം മെഴുകിയതിന് മുകളിലായി അത്തപ്പൂക്കളമിടുമ്പോൾ ഇടക്ക് ഓടിയെത്തുന്ന മഴയായിരുന്നു അന്നത്തെ വില്ലൻ.
” അത്തം കറുത്താലല്ലേ, ഓണം വെളുക്കൂ ” പക്ഷേ അത്തപ്പൂക്കൾ അങ്ങനെ മഴയത്ത് ഒഴുകിപ്പോകുന്നത് വല്ലാത്ത സങ്കടം തന്നെയായിരുന്നു.
ഓണമെത്തുന്നത്തിന് വളരെ മുന്നേ തന്നെ വഴികളും മുറ്റവുമൊക്കെ വൃത്തിയാക്കണം. കുട്ടികളായിരുന്നുവെങ്കിലും വഴിവക്കിലെ കുഞ്ഞു പുല്ലുകൾ പറിക്കുന്ന ജോലി ഞങ്ങളുടേതായിരുന്നു. ഇതിനിടയിൽ പൂവിടാൻ കാത്തു നിൽക്കുന്ന അരിപ്പൂ എന്ന് പേരുള്ള കൊങ്ങിണിപ്പൂവിൻ്റെ ചെടികളൊക്കെ മാറ്റി നിർത്തും. രണ്ട് നിറമുള്ള പൂക്കളാണ് കൊങ്ങിണിപ്പൂക്കൾ. ചുവപ്പും ഓറഞ്ചും കലർന്നത്, എന്താ അവറ്റകളുടെ ഭംഗി.
മാവേലി മന്നൻ വീടു കാണാൻ വരുമ്പോൾ വഴിയൊക്കെ വൃത്തിയുള്ളതായിരിക്കണം എന്ന് മുത്തശ്ശി പറയുന്നതു കൊണ്ട് വഴിയിലെ മണ്ണുൾപ്പടെ തൂത്തുവാരി വൃത്തിയാക്കിയിടും. ഓണസാധനങ്ങൾ വാങ്ങാനായി മാവേലി സ്റ്റോറിൽ പോകുമ്പോൾ കൂടെ ഞങ്ങളും പോകാറുണ്ട് ചിലപ്പോഴൊക്കെ. ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്നു പറയുന്നതുപോലെ കുറച്ച് സാധനങ്ങളൊക്കെ ഞങ്ങളുടെ തലയിലും ഉണ്ടാകും. ഓണം വരുന്ന സന്തോഷത്തിൽ അതൊന്നും ഒരു ഭാരമായി തോന്നാറില്ല, കാരണം അങ്ങനെ ചുമടെടുക്കുമ്പോൾ കിട്ടുന്ന കമ്മീഷനാണ് ഉത്രാടച്ചന്തയിലേക്ക് പോകാനുള്ള ഒരു ഉറവിടം.
കാത്തിരുന്ന് അത്തമെത്തുമ്പോൾ ചാണകം മെഴുകി അതിൽ പൂക്കളമിടാൻ തുടങ്ങും. തെച്ചിയും, ചെമ്പരത്തിയും എന്ന് വേണ്ട ഒരിക്കൽ പൂവ് തികയാതെ
മത്തൻ്റെയും കുമ്പളത്തിൻ്റെയും പൂവ് പിച്ചി അത്തമിട്ടതിന് അമ്മുമ്മ ഓടിച്ചു. ആ ഓട്ടത്തിൽ മറിഞ്ഞു വീണ് മുട്ട് ഉരഞ്ഞു വാരി, കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല നുളളി ചാറ് പിഴിഞ്ഞൊഴിച്ചു തന്നു അനിയത്തി, ഇന്ന് മധുരിക്കുന്ന ഓർമ്മകളാണെങ്കിലും അന്നെന്തൊരു നീറ്റലായിരുന്നു.
ഓർമ്മകളിലെത്തുന്ന മറ്റൊരു മറക്കാനാകാത്ത സംഭവമാണ് ഓണക്കാലത്ത് തിരുവോണമെത്തുന്നതിൻ്റെ വരവ് അറിയിച്ചുകൊണ്ട് ശരീരം മുഴുവൻ ഉണങ്ങിയ വാഴയില കൊണ്ട് മറച്ച്, ഒരു മുഖം മൂടിയും ഇട്ടു വരുന്ന പുലിക്കളി. പുലിയായി ഒരാളും, അതിൻ്റെ കൂടെയായി പത്തു പന്ത്രണ്ട് കുട്ടികളും കാണും. പാട്ടയും, മണിയുമൊക്കെ കൊട്ടി ആർപ്പുവിളികളോട് കൂടി വീടുകൾ തോറും കയറിയിറങ്ങുന്ന അവർ കൊണ്ട് വരുന്ന തട്ടത്തിൽ നാണയത്തുട്ടുകളും മറ്റും വീട്ടുകാർ ഇട്ടു കൊടുക്കുമായിരുന്നു.
പകലിനെപ്പോലും വെല്ലുന്ന തെളിമയുള്ള രാത്രിയിൽ, ആ ഓണനിലാവിൽ , വീടിൻ്റെ പിന്നാമ്പുറത്തെ വാരാന്തയിൽ ചുട്ടെടുക്കുന്ന പലഹാരങ്ങളുടെ സുഗന്ധം ഒരു വശത്ത്. മറുവശത്ത് അങ്കണത്തിലൊരുമിക്കുന്ന കൗമാരപ്രായക്കാരായ ഞങ്ങളും അയലത്തെ കൂട്ടുകാരും, അങ്ങനെ ഈണത്തിൽ കൈകൊട്ടി പാട്ടുപാടി ചുവട് വച്ചിരുന്നു.
“ഒന്നാം ചിത്തിര കൊമ്പയിലെ
പൂത്തു നിൽക്കുന്ന പൂമരത്തിൽ…..”
അങ്ങനെ പത്തു വരെ ചൊല്ലും…..
രാവേറെ ചെല്ലുന്നതുവരെ ആകെ ബഹളമയം. അതേ,അകത്തളത്തിൽ നിന്ന് അമ്മയുടെ വക ശകാരം, “മതിയാക്കു കുട്ടികളേ, പുലർച്ചെ എഴുനേൽക്കാനുള്ളതല്ലെ, പൂക്കളമൊരുക്കാൻ”
ഓണത്തിൻ്റെ ഓർമ്മകളിൽ ഏറ്റവും കൂടുതൽ ഇന്നും ഓർക്കാനിഷ്ടപ്പെടുന്ന ദിവസമാണ് ഉത്രാടം. അന്നേ ദിവസം അതിരാവിലെ അത്തപ്പൂക്കളമൊരുക്കി രാവിലത്തെ കുളിയും കാപ്പി കുടിയുമൊക്കെ കഴിഞ്ഞ് അനിയത്തിയുമായി ഉത്രാടചന്തയിലേയ്ക്കുള്ള യാത്രയാണ്. പലപ്പോഴായി കിട്ടുന്ന കമ്മീഷൻ മുപ്പത് രൂപയോളമുണ്ടാകും കൈയ്യിൽ. നാടെങ്ങും ഉത്സവ ലഹരിയിൽ ആണെന്ന് കടകളും കമ്പോളങ്ങളും പറയാതെ പറയുന്നു. ഓണത്തെ മാടി വിളിക്കുന്നതു പോലെ ഉച്ചഭാഷിണികൾ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്നു. എല്ലാ കടകളും ജനനിബിഡമാണ്. ഞങ്ങളുടെ ലക്ഷ്യം മുത്തുമാലകളും കുപ്പിവളകളും, ചുറ്റുവളകളുമൊക്കെയുള്ള തമ്പിയണ്ണൻ്റെ കടയാണ്.
ഒരു കോടിപതിയെപ്പോലെ കടയിൽ ചെന്ന് ഞങ്ങൾ വേണ്ടുന്ന കൺമഷി, കുപ്പിവള, മുത്തുമാലകൾ ഒക്കെ വാങ്ങും, അപ്പോൾ കിട്ടുന്ന സന്തോഷം അത്രക്ക് വലുതാണ്. തിരികെ വീട്ടിൽ വരാൻ തോന്നില്ല, കടകളൊക്കെ കയറിയിറങ്ങി വരുമ്പോൾ ഉച്ചയൂണിന് നേരമാകും. ഒന്നാം ഓണമല്ലോ ഉത്രാടം. അന്നും സദ്യ തന്നെ. തിരുവോണം പോലെ എല്ലാ വിഭവങ്ങളും ഉണ്ടാകില്ല എന്നേയുള്ളു.
ഉച്ചയൂണും കഴിഞ്ഞ് വീണ്ടും ഊഞ്ഞാലിൻ്റെ അരികിലേയ്ക്ക്.
ഉത്രാട നിലാവും, സ്വർണ്ണ രശ്മികളൊഴുകുന്ന ചിങ്ങവെയിലുമെല്ലാം ഒരു തരം ലഹരിപിടിപ്പിക്കുന്നവയായിരുന്നു എനിക്ക്. ഓണം തന്നെ മനസിന് വല്ലാത്തൊരു സന്തോഷമാണ്. ത്യാഗത്തിൻ്റേയും നന്മയുടേയും നല്ല നാളുകളാണ് എന്നും ഓണം നമ്മെ ഓർമ്മിപ്പിക്കുന്നത്. പിടിച്ചെടുക്കാനല്ല കിട്ടുന്നതിൽ നിന്നും മറ്റുള്ളവർക്ക് കൂടി കൊടുക്കണം എന്നതാണ് ത്യാഗത്തിൻ്റെ മൂർത്തീഭാവമായ ശ്രീമഹാബലിത്തമ്പുരാൻ നമ്മെ പഠിപ്പിച്ചത്.
ഉത്രാട രാത്രിയിൽ അകത്തളങ്ങളിലാകെ കടു വറുക്കുന്നതിൻ്റെയും പച്ചക്കറികൾ അടുപ്പിലിരുന്നു വേവുന്നതിൻ്റേയും മനം മയക്കുന്ന ഗന്ധം, കൂകി വിളിച്ചും, കളികളുമായി കുട്ടികളായ ഞങ്ങൾ. കുട്ടികൾ എന്നു പറയുമ്പോ ,മുത്തശിക്ക് എട്ടുമക്കളാണ്. എല്ലാ മക്കളും,മരുമക്കളും, ചെറുമക്കളും ഉത്രാട ദിവസം വൈകുന്നേരത്തോടെ കുംടുംബവീട്ടിൽ എത്തിച്ചേരുമായിരുന്നു.
രാത്രിയിൽ മുറ്റത്ത് വട്ടത്തിലിരുന്ന് “മാണിക്യ ചെമ്പഴുക്ക ” കളിക്കുമായിരുന്നു. നടുക്ക് കണ്ണുകെട്ടി ഒരാളെ ഇരുത്തും. നാലുവശവുമായി ഇരിക്കുന്നതിൽ ഒരാളുടെ കൈയിൽ ഒരു ചെമ്പഴുക്ക (മിനുസമുള്ള ഒരു പാറക്കല്ലാണ് കേട്ടോ ) കാണും. അത് പിന്നിലൂടെ കൈമാറുമ്പോൾ കളത്തിൻ്റെ നടുക്കിരിക്കുന്ന ആൾ കണ്ടുപിടിക്കണം
” ആരെ കൈ ആരെ കൈയ്യിൽ മാണിക്യ ചെമ്പഴുക്ക
എൻ്റെ കൈ എൻ്റെ കൈയിൽ മാണിക്യ ചെമ്പഴുക്ക ” എന്നിങ്ങനെ താളത്തിൽ പാട്ടുമുണ്ടാകും. പാതിരാത്രി വരെ ഇങ്ങനെ പല കളികൾ. ഒടുവിൽ മുത്തശിയുടെ വക ശകാരമിങ്ങനെ, “നാളെ തിരുവോണമാണ്, വലിയ അത്തപ്പൂക്കളം ഇടാനുള്ളതാ. നേരത്തേ ഉണർന്നില്ലേൽ പൂക്കൾ കിട്ടില്ല…”. കേൾക്കാത്ത താമസം അകത്തേക്ക് ഒരോട്ടമാണ്.
നേരം വെളുത്തു വരുന്നതെയുള്ളു, വീട്ടിലെല്ലാവരും ഉണർന്നു എന്നു തോന്നുന്നു, എന്താ ബഹളം. അതിരാവിലെ കുളിച്ചു. മുറ്റത്ത് ചാണകം കൊണ്ട് വലിയൊരു വട്ടമുണ്ടാക്കി. പൂക്കൾ പിച്ചാൻ തുടങ്ങി. തെച്ചിപ്പൂവ്, ചെമ്പരത്തി,തുമ്പപ്പൂവ്, തൊട്ടാവാടിപ്പൂവ്, കൊങ്ങിണിപ്പൂവ്, ശംഖുപുഷ്പം, അരളിപ്പൂവ്, റോസാപ്പൂവ് എന്നു വേണ്ട, കിട്ടിയ പൂക്കളെല്ലാം ശേഖരിക്കും. അന്ന് നാട്ടുപൂക്കളായിരുന്നു കൂടുതൽ. കൊച്ചു കുട്ടികൾക്ക് നോക്കി നിൽക്കാനേ അനുവാദമുള്ളു.
‘ഞാനാണ് ‘ ചേച്ചി. ബാക്കിയൊക്കെ എനിക്ക് താഴെയുള്ളവരാണ്. ഞാനും, മാമൻ്റെ മക്കളുമൊക്കെ ചേർന്ന് അത്തപ്പൂക്കളമിടുമ്പോൾ കുട്ടിപ്പട്ടാളം അതിനു ചുറ്റുമങ്ങനെ വട്ടം ചേർന്നിരിക്കും. എന്തൊരു സന്തോഷമാണെന്നറിയാമോ ആ പൂക്കളം കാണുമ്പോൾ.
അതിന് ശേഷമാണ് രാവിലത്തെ കാപ്പി കഴിക്കുന്നത്. വിശേഷാവസരങ്ങളിലേ രാവിലെ പലഹാരം ഉണ്ടാകാറുള്ളു. “മിണ്ടാതിരുന്ന് ആഹാരം കഴിക്കണം” എന്നാണ് അമ്മയും മുത്തശ്ശിയും പറയുന്നതെങ്കിലും അതു നടക്കാറില്ല. കാപ്പി കുടിച്ചു കഴിഞ്ഞാൽ മാത്രമേ ഓണക്കോടി കൈയിലെടുത്തു തരികയുള്ളു. ആ ഓണക്കോടിയുടുത്തു, അതിനു ചേരുന്ന വളകളും, മുത്തു മാലയുമൊക്കെ ഇട്ട് ,എന്താ ഒരു ചേലെന്നറിയാമോ? ആ പുതിയ ഉടുപ്പുമിട്ട് വീണ്ടും ഊഞ്ഞാലിനടുത്തേക്ക്.. അപ്പോഴേക്കും അമ്മ പറയുന്നതു കേൾക്കാം, “ഉടുപ്പ് ചീത്തയാക്കല്ലേ പിള്ളാരേ, എന്ന്”.
ഉച്ചയൂണിന് സമയമായെന്ന് തോന്നുന്നു, ഉത്രാടത്തിനേ വെട്ടിയിരുന്നു വാഴയില. അമ്മാവൻ അതെടുത്ത് കഴുകി വക്കുന്നുണ്ട്. അതാ മുത്തശി വിളിക്കുന്നു, ” മക്കളേ, കൈയും കാലും കഴുകി വൃത്തിയാക്കി വരിക”. കേൾക്കാത്ത താമസം കുട്ടിപ്പട്ടാളം തയ്യാർ. ആദ്യം ഒരു കുഞ്ഞു നാക്കിലയിൽ എല്ലാ വിഭവങ്ങളുമായി നിലവിളക്കിൻ്റെ മുന്നിൽ വയ്ക്കും. നാടു കാണാനായി, തൻ്റെ പ്രജകളെ കാണാൻ വരുന്ന മാവേലിത്തമ്പുരാനുള്ളതാണ് ആ സദ്യ. അദ്ദേഹം ഏതു വേഷത്തിലും നമ്മളെ കാണാൻ വരും എന്നാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത്. അതു കൊണ്ട് തന്നെ ഇടയ്ക്കിടക്ക് ആരേലും വരുന്നുണ്ടോ എന്ന് അറിയാതെ തന്നെ ആ കുഞ്ഞു സദ്യയിലേക്കും, വീട്ടിലേക്ക് വരുന്ന വഴിയിലേക്കും നോക്കിപ്പോകുമായിരുന്നു.
അതിനു ശേഷമാണ് ഞങ്ങൾക്കുള്ളത്. അങ്ങനെ ഇറയത്ത് വിരിച്ചിരിക്കുന്ന പായിൽ ഞങ്ങൾ നിരന്നിരിക്കും. അമ്മയും കുഞ്ഞമ്മമാരുമൊക്കെ വിളമ്പാൻ നിൽക്കും. ആദ്യം ശർക്കര പെരട്ടി, ചിപ്സ്, പഴം, പച്ചടി, തോരൻ, ഇഞ്ചി, ബീറ്റ്റൂട്ട്കിച്ചടി, പൈനാപ്പിൾ പച്ചടി, അവിയൽ, സാലഡ്, കൂട്ടുകറി അങ്ങനെ ഇല നിറയെ കറികൾ.. കറികൾ വിളമ്പി തീരുമ്പോൾ ചിപ്സും ശർക്കര പെരട്ടിയും ഒരറ്റത്തു തീരും.
പിന്നെ നല്ല പുത്തരിച്ചോറ്, അത് രണ്ടായി പകുത്ത് വയ്ക്കും, അപ്പോഴേക്കും പരിപ്പുകറി, അതിന് മുകളിൽ നല്ല ശുദ്ധമായ ഒരു നുള്ള് പശുവിൻ നെയ്യ്, അടുത്തതായി രണ്ട് വലിയ പപ്പടം. അതിലൊന്നെടുത്തങ്ങനെ ചോറിനോടൊപ്പം ഉരുട്ടിക്കഴിക്കുമ്പോ ,ഹാ… എന്താ ഒരു രുചി.. അതിനു പുറകെ സാമ്പാർ, പുളിശേരി ….. അതു കഴിഞ്ഞ് നല്ല തേങ്ങാപ്പാലിൽ കുറുക്കി വച്ച അട പ്രഥമൻ…. ഒരു പഴവും, ഒരു പപ്പടവും കൂടി അതിൽ ചേർത്തു കഴിയുമ്പോൾ…… ഒരു രക്ഷയുമില്ല മക്കളേ…. എന്താ രുചി…
അവസാനം, രസവും, മോരും ചേർത്ത് വേണമെങ്കിൽ ചോറു കഴിക്കാം. ഒരു കാര്യം നിർബന്ധമാണ് വീട്ടിൽ. ആവശ്യത്തിന് മാത്രം വിളമ്പാൻ ആവശ്യപ്പെടുക, വിളമ്പിയാൽ അതു മുഴുവൻ കഴിക്കുക, പാഴിക്കളയരുതെന്നർത്ഥം.
അങ്ങനെ തിരുവോണ സദ്യ കഴിഞ്ഞ് ഇലയെടുത്ത് വാഴയുടെ ചുവട്ടിൽ കൊണ്ട് കളഞ്ഞ് കൈ കഴുകി കഴിയുമ്പോൾ ഒരു ക്ഷീണം തോന്നുമെങ്കിലും ഓണക്കളികൾ ബാക്കിയായതിനാൽ അടുത്ത ആളൊഴിഞ്ഞ പുരയിടത്തിൽ കൂടിയിരിക്കുന്ന കുട്ടിപ്പട്ടാളങ്ങളുടെ അടുത്തെത്തും. എറിപ്പന്തുകളി, കണ്ണുകെട്ടിക്കളി, കൈകൊട്ടിക്കളി എന്നു വേണ്ട കളികളുടെ ഒരു നീണ്ട നിര തന്നെ. വൈകിട്ട് നാട്ടുകാരുടെ വക വടംവലിയും, കഴകയറ്റ മത്സരവും വായനശാലയുടെ വക വേറെയുണ്ട്…. എല്ലാം കഴിഞ്ഞ് കുടുംബക്കാർ ഓരോരുത്തരായി പോയിത്തുടങ്ങും…. ആകെ ഒരു നഷ്ടബോധമാണ് പിന്നെ, ആളൊഴിഞ്ഞ അരങ്ങു പോലെയാകുന്നു വീട്……
വീണ്ടും പുതിയൊരോണത്തിനായുള്ള കാത്തിരിപ്പ് അവിടെ തുടങ്ങുന്നു……..
(ഇതെൻ്റെ സ്വകാര്യ സന്തോഷങ്ങളാണ്, ഓർമ്മയുടെ മായാലോകത്തെവിടെയോ കളഞ്ഞു പോയ ആ നല്ല കാലത്തിൻ്റെ മാഞ്ഞു പോകാത്ത മങ്ങിയ ഏടുകൾ…)
ഈ ലോകത്തിൻ്റെ ഏതു കോണിലായാലും മലയാളികൾ മനസു തുറന്നാലോഷിക്കുന്ന നമ്മുടെ ഓണമാണ് ഇതാ കടന്നുവന്നത്. ആരവമൊടുങ്ങിയ ആലോഷങ്ങൾക്ക് ഒരു തരം മരവിപ്പിൻ്റെ മുഖമാണിപ്പോഴെങ്കിലും എൻ്റെ ഓർമ്മകൾ നിങ്ങൾക്ക് മടുപ്പേകിയില്ല എന്ന് വിശ്വസിക്കുന്നു..
ഇന്നിതാ ഓണാഘോഷങ്ങൾ മനസിലും സോഷ്യൽ മീഡിയയിലും മാത്രമായി ചുരുങ്ങിയിരിക്കുന്നു. കുട്ടികളുടെ കുസൃതികളില്ല, കവലകളിൽ ഉച്ചഭാഷിണിയില്ല,നാൽക്കവലകളിലെ ചായക്കടകളിൽ പതിവു വെടി പറച്ചിലുകളില്ല, കൗമാരങ്ങളുടെ കുപ്പിവള കിലുക്കങ്ങളില്ല. പല ദുരന്തങ്ങളും പതിവെന്ന പോലെ നമ്മുടെ മുന്നിലങ്ങനെ വന്നു പോവുകയാണ്.
കാലങ്ങൾ ദുരന്തം വിതറി കടന്നു പോകുമ്പോഴും അതിനെ അതിജീവിച്ച്, സന്തോഷവും സമാധാനവും നിറഞ്ഞ ആ നാളുകൾ തിരികെ വരാൻ നമുക്ക് ഒന്നായിരിയ്ക്കാം. നമ്മുടെ നാടിന്നടയാളങ്ങളെ വീണ്ടെടുക്കാൻ ശ്രമിക്കാം. ആഘോഷങ്ങൾ അവയുടെ പൂർണ്ണതയോടെ തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയട്ടെ. ഈ തലമുറയെയും, ഇനി വരും തലമുറയെയും അതിന് പ്രാപ്തരാക്കാൻ നമുക്ക് ഒരുമിച്ച് കൈ കോർക്കാം.
- ദീപ ബിബീഷ് നായർ
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
AMCHI MUMBAI
Every Saturday | 4:30 PM
Kairali News
