ഏഴ് വർഷം മുമ്പ് മുംബൈയിൽ നിന്ന് കാണാതായ യുവാവ്..ഒടുവിൽ കുടുംബത്തിലേക്ക് തിരിച്ചെത്തുകയാണ്. ഹൗറ സ്വദേശിയായ 34-കാരൻ ലാൽതു ഖാനെയാണ് നവി മുംബൈ പോലീസ് കണ്ടെത്തി ന്യൂ പൻവേലിലെ സീൽ ആശ്രമത്തിൽ എത്തിച്ചത്. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ലാൽതു ഖാൻ ഇനി കുടുംബത്തിനൊപ്പം പശ്ചിമ ബംഗാളിലേക്ക് മടങ്ങും.
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ നിന്നുള്ള 34-കാരൻ ലാൽതു ഖാൻ 2019-ലാണ് കുടുംബവുമായി ബന്ധം നഷ്ടപ്പെട്ട് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞത്.
അന്ധേരിയിൽ പതിനഞ്ച് വർഷത്തോളം സാരി എംബ്രോയ്ഡറി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ലാൽതു ഖാന്റെ ജീവിതത്തെ ദുരന്തങ്ങൾ തകിടം മറിക്കുകയായിരുന്നു.

2018-ൽ ബാല്യകാല സുഹൃത്തായ അനുവർ ഖാത്തൂണിനെ കുടുംബത്തിന്റെ എതിർപ്പിനെ മറികടന്ന് വിവാഹം കഴിച്ചു. എന്നാൽ അതേ വർഷം കുടുംബത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു.
സംഭവത്തിന് പിന്നാലെ ലാൽതു ഖാൻ മാനസികമായി തളർന്നു. ജോലിയോടുള്ള താൽപര്യം നഷ്ടപ്പെട്ടതോടെ തെരുവിൽ അലഞ്ഞുതിരിയുകയായിരുന്നു.
ഇതിനിടെ, കുടുംബം ഹൗറയിലെ അമ്ത പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകി ലാൽതുവിനെ തേടിക്കൊണ്ടിരുന്നു.
2023-ൽ നവി മുംബൈ പോലീസ് ലാൽതു ഖാനെ കണ്ടെത്തി ന്യൂ പൻവേലിലെ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് — സീൽ ആശ്രമത്തിൽ പ്രവേശിപ്പിച്ചു.
മാനസികാരോഗ്യ ചികിത്സയും പരിചരണവും ലഭിച്ചതോടെ ലാൽതു പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓർമ്മയിൽ നിന്ന് ഭാഗികമായി പറയാനും തുടങ്ങി.
ബംഗാളി ഭാഷ സംസാരിക്കുന്ന പാസ്റ്റർ ഗൗരംഗ് ജ്വലാനിയുമായി നടത്തിയ സംഭാഷണമാണ് നിർണായകമായത്. ലാൽതുവിൽ നിന്ന് പൂർണ വിലാസം മനസ്സിലാക്കിയതോടെ സീൽ പ്രവർത്തകർ കുടുംബത്തെ ബന്ധപ്പെട്ടു.
ഏഴ് വർഷത്തിന് ശേഷം മകനെ കണ്ടെത്തിയ വാർത്ത കുടുംബത്തിന് വലിയ ആശ്വാസമായി.
കുടുംബാംഗങ്ങൾ ഉടൻ ന്യൂ പൻവേലിലെ സീൽ ആശ്രമത്തിലെത്തി ലാൽതു ഖാനെ പശ്ചിമ ബംഗാളിലേക്ക് കൂട്ടിക്കൊണ്ടുപോകും.
കൃത്യസമയത്ത് രക്ഷപ്പെടുത്തി ചികിത്സയും പരിചരണവും നൽകിയാൽ തെരുവിൽ കഴിയുന്നവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകുമെന്ന സന്ദേശമാണ് ലാൽതു ഖാന്റെ ജീവിതം നൽകുന്നതെന്ന് സീൽ സ്ഥാപകൻ പാസ്റ്റർ കെ.എം. ഫിലിപ്പ് പറഞ്ഞു.
കൂടുതൽ ഭവനരഹിതർക്ക് സുരക്ഷിതമായ അഭയവും ചികിത്സയും ലഭ്യമാക്കാൻ കൂടുതൽ ഷെൽട്ടറുകളുടെ ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം കുടുംബത്തിലേക്ക് മടങ്ങുന്ന ലാൽതു ഖാൻ പറയുന്നതിങ്ങിനെ
“ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ച എല്ലാവരോടും നന്ദി.”ച്ചുവരാൻ സഹായിച്ച എല്ലാവരോടും നന്ദി.”
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
