മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. മൃതദേഹം മുംബൈയിൽ സംസ്കരിച്ചതെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന് സഹായം നിഷേധിച്ചതെന്നാണ് ആരോപണം. വിഷയത്തിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറിയും പ്രവാസി സംഘടനാ നേതാവുമായ ജോജോ തോമസ് ഇടപെട്ടു.
2024 ജൂൺ 12-ന് കുവൈറ്റിലെ എൻ.ബി.ടി.സി (NBTC) കമ്പനിയിലുണ്ടായ തീപിടിത്തത്തിലാണ് ഡെന്നി ബേബി കരുണാകരൻ മരിച്ചത്. ദുരന്തത്തിൽ മരിച്ച മറ്റ് മലയാളികളുടെ സംസ്കാരം കേരളത്തിൽ നടന്നപ്പോൾ, വർഷങ്ങളായി മുംബൈയിൽ താമസിക്കുന്ന കുടുംബം ഡെന്നിയുടെ സംസ്കാരം മുംബൈയിൽ നടത്തുകയായിരുന്നു.
ഇതിന്റെ പേരിൽ കേരള സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും, പ്രമുഖ വ്യവസായി എം.എ. യൂസഫലി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും, വ്യവസായി രവി പിള്ള പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി. മഹാരാഷ്ട്ര സർക്കാരിൽ നിന്നുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.
പ്രഖ്യാപിച്ച ധനസഹായത്തിനായി മാസങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ മുംബൈയിലെ സാമൂഹിക പ്രവർത്തകൻ സുധീർ ഉൾപ്പെടെയുള്ളവരാണ് ജോജോ തോമസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഡെന്നിയുടെ പിതാവ് ബേബിക്കുട്ടി കരുണാകരൻ ജോജോ തോമസിനെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ജോജോ തോമസ്, കുടുംബത്തിന് അർഹമായ സഹായം ലഭ്യമാക്കുന്നതിനായി വിഷയം സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയതായി അറിയിച്ചു.
“ഒരു പ്രവാസി മലയാളിയുടെ സംസ്കാരം മുംബൈയിൽ നടന്നു എന്നതുകൊണ്ടോ, അവർ കേരളത്തിന് പുറത്ത് താമസിക്കുന്നവരെന്ന കാരണത്താലോ അർഹമായ സഹായം തടഞ്ഞുവയ്ക്കുന്നത് നീതീകരിക്കാനാകില്ല. സാധാരണക്കാരനായ ഒരു പ്രവാസിയുടെ അപേക്ഷ മാസങ്ങളായി സർക്കാർ നടപടിക്രമങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് അംഗീകരിക്കാനാകില്ല,” ജോജോ തോമസ് പറഞ്ഞു.
കുടുംബത്തിന് ലഭിക്കേണ്ട സർക്കാർ സഹായവും മറ്റ് പ്രഖ്യാപിത ധനസഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നാണ് ആവശ്യം. അർഹമായ നീതി ലഭിക്കുന്നതുവരെ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും ജോജോ തോമസ് വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സഹായം വൈകിപ്പിക്കാതെ കുടുംബത്തിന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
