HomeArticleനേത്രാവതിയിലൊരു യാത്ര - Rajan Kinattinkara

നേത്രാവതിയിലൊരു യാത്ര – Rajan Kinattinkara

Published on

രാത്രിയിലെ പൊള്ളുന്ന ചൂടിൽ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. രാവിലെ തുറന്ന് കിടക്കുന്ന ജനാലയിലൂടെ മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു. പുറത്തേക്ക് നോക്കിയപ്പോൾ മംഗലാപുരം എന്ന ബോർഡ് പ്ലാറ്റ്ഫോമിൽ എഴുതി വച്ചിരിക്കുന്നു. ഇഡ്ഡലിയും വടയും വിൽക്കുനവരുടേയും വാങ്ങുന്നവരുടേയും തിരക്ക് പ്ലാറ്റ്ഫോമിൽ. ഞാൻ വാച്ചിലേക്ക് നോക്കി. വണ്ടി രണ്ടര മണിക്കൂർ ലേറ്റായാണ് ഓടുന്നത്. വണ്ടി മുംബെയിൽ നിന്ന് പുറപ്പെട്ടത് തന്നെ ഒരു മണിക്കൂർ ലേറ്റായാണ്, അപ്പോൾ മനസ്സ് സ്വയം സമാധാനിച്ചു, അതൊക്കെ രാത്രി ഓടി അഡ്ജസ്റ്റ് ചെയ്യും. പക്ഷെ രാത്രിയിൽ വീണ്ടും ലേറ്റാവുകയാണ് ഉണ്ടായത്. വന്ദേ ഭാരത് , രാജധാനി തുടങ്ങിയ സിംഹങ്ങൾ വാഴുന്ന റെയിൽ വനത്തിൽ നേത്രാവതി വെറും മുയലാണ്. ഈ സിംഹങ്ങൾ ട്രാക്കിലിറങ്ങിയാൽ മാനുകളും മുയലുകളും മുന്നിൽ ചെന്ന് പെടാതെ മുഖംമറച്ച് ഓരം പറ്റി നിൽക്കണം.

വണ്ടി മംഗലാപുരം വിട്ട് മഞ്ചേശ്വരത്ത് എത്തിയിരിക്കുന്നു. ഇവിടെ രാത്രിയിൽ നല്ല മഴ പെയ്തിട്ടുണ്ട് എന്ന് തോന്നുന്നു . പ്ലാറ്റ്ഫോമും അതിനപ്പുറത്തെ തൊടികളും ചെടികളും നനഞ്ഞ് കുതിർന്ന് കിടക്കുന്നു. പിറന്ന മണ്ണിൻ്റെ ഗന്ധം പേറി മലയാള ലിപിയിൽ ബോർഡുകൾ കാണാനുണ്ട് പ്ലാറ്റ് ഫോമിൽ.

പണ്ടൊരു മഴക്കാലത്താണ് മുംബൈയിലെത്തി 3 വർഷത്തിന്ന് ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യ യാത്ര. അന്ന് കൊങ്കൺ റെയിൽ ഇല്ല , പൂനെ, കൃഷ്ണരാജപുരം വഴി ഓടുന്ന വണ്ടിയായിരുന്നു നേത്രാവതി . മുംബൈ മലയാളിയുടെ ഗൃഹാതുരതയോളം പഴക്കമുള്ള ജയന്തി ജനതയുടെ റൂട്ടിൽ നിന്നും മാറിയുള്ള വഴിയിലൂടെ കുറച്ച് കൂടി എളുപ്പമുള്ള റൂട്ടായിരുന്നു നേത്രാവതിയുടെ .

മൊബൈലും മറ്റ് കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്തെ യാത്ര. എപ്പോൾ പുറപ്പെട്ടെന്നോ എവിടെ എത്തിയെന്നോ ആർക്കും അറിയാത്ത യാത്ര. അന്ന് നമുക്ക് പ്രതീക്ഷകളുണ്ടായിരുന്നു, കാത്തിരിപ്പുകളുണ്ടായിരുന്നു, പ്രാർത്ഥനകളുണ്ടായിരുന്നു, വിശ്വാസങ്ങളുണ്ടായിരുന്നു. ഇതെല്ലാം നഷ്‌ടപ്പെടുത്തിയത് മൊബൈലാണ്. സർപ്രൈസുകളില്ലാത്ത ലോകത്തെ നിസ്സംഗ യാത്രികരായി നമ്മൾ.

മഴയിൽ നനഞ്ഞ ചീവീടുകൾ പാടവരമ്പുകളിൽ നിന്നും ശബ്ദമുണ്ടാക്കി മഴയോട് പ്രതിഷേധിച്ച് കൊണ്ടിരുന്നു. വണ്ടി തെങ്ങോലകളെ വഴഞ്ഞു മാറ്റി കവുങ്ങിൻ തലപ്പുകളെ തലോടി കേരളത്തിൻ്റെ പച്ച മണ്ണിലേക്ക് പ്രവേശിച്ചു.

ഇയ്ക്കൊന്ന് കുളിക്കണം അമ്മേ, എന്നിട്ട് മതി ചായ എന്ന് അമ്മയോട് പറഞ്ഞില്ല. അമ്മയോട് മാത്രം ഒന്നും നിരസിക്കാനാവില്ല.

എൻ്റെ ഹൃദയമിടിപ്പിന് ആഴം കൂടി. ഇനിയൽപ്പം സമയം കൂടി കഴിഞ്ഞാൽ ഞാൻ കൊത്താം കല്ലാടിയ, ഗോട്ടികളിച്ചു നടന്ന എൻ്റെ ചരൽ മുറ്റത്ത് . മുറ്റത്തെ മൂവാണ്ടൻ മാവ് ചോദിക്കും , വന്നുല്ലേ ഊരുതെണ്ടി ? കുളിച്ചു വാ , തെക്കേ ചില്ലയിൽ ഒരു പഴുത്ത മാങ്ങ അണ്ണാനും കിളികൾക്കും കൊടുക്കാതെ ഞാൻ നിനക്കായി കരുതിയിട്ടുണ്ട്. അപ്പോൾ ഞാൻ പടിപ്പുരയിൽ നിന്ന് മനസ്സിൽ ഉടുക്കു കൊട്ടി പാടും “വന്ദേ മുകുന്ദ ഹരേ* .

പ്രതീക്ഷകളുടെ കാത്തിരിപ്പുമായി അമ്മ ഉമ്മറക്കോലായിൽ തന്നെയുണ്ട്. കറൻ്റ് പോകുമ്പോൾ ഉപയോഗിക്കുന്ന റാന്തൽ വിളക്ക് മൂലയിൽ തൂങ്ങിയാടുന്നു. അക്ഷരം പഠിച്ചത് ഈ വിളക്കിന് മുന്നിൽ കമിഴ്ന്ന് കിടന്നായിരുന്നു. ആദ്യ മഴയിൽ കിളിർക്കുന്ന ഈയാം പാറ്റകളിൽ നിന്നും അണയാതെ വെളിച്ചം പകർന്ന മണ്ണെണ്ണ വിളക്കും എന്നെ തിരിച്ചറിഞ്ഞെന്നു തോന്നുന്നു.

എൻ്റെ കുട്ട്യേ, നീയ് വന്നുല്ലെ , അമ്മ അടുത്ത് വന്ന് മുടിയിഴകളിലൂടെ വിരലുകളോടിച്ചു. വാ , ചായ കുടിച്ചോ കുട്ടി. അമ്മ ഉമ്മറവും ഇടനാഴിയും കടന്ന് അടുക്കളയിൽ എത്തിയിരിക്കുന്നു .

ഇയ്ക്കൊന്ന് കുളിക്കണം അമ്മേ, എന്നിട്ട് മതി ചായ എന്ന് അമ്മയോട് പറഞ്ഞില്ല. അമ്മയോട് മാത്രം ഒന്നും നിരസിക്കാനാവില്ല. കൈയിലെ ചായ ഒറ്റ വലിക്ക് കുടിച്ച് അഴയിൽ നിന്ന് തോർത്തു മുണ്ടെടുത്ത് കവുങ്ങിൻ തോട്ടത്തിലെ കുളത്തിലേക്ക് നടക്കുമ്പോൾ അമ്മ വിളിച്ചു പറഞ്ഞു. ഇവിടെ കുളിമുറീല് കുളിച്ചോ കുട്ട്യേ, അമ്മ വെള്ളം കോരിത്തരാം. ആ കുണ്ടൻ കുളത്തിലൊന്നും ഇറങ്ങിക്കുളിക്കാൻ അണക്ക് പറ്റില്ല.

വേണ്ട, ഞാൻ മുതലുക്കൂപ്പ് കുത്തിയ ഈ കുളം എനിക്കറിയില്ലേ, ഇതിൻ്റെ ആഴം, പൊട്ടിയ പടവുകൾ എല്ലാം എനിക്ക് മന:പാഠമല്ലേ. ഞാൻ മനസ്സിൽ പറഞ്ഞു

തോട്ടത്തിലൂടെ നടക്കുമ്പോൾ കവുങ്ങിൻ തൈകൾ മെല്ലെ പറഞ്ഞു, അച്ഛൻ പോയതിൽ പിന്നെ ആരും ഇങ്ങോട്ട് വരാറില്ല. കണ്ടില്ലേ കൊഴിഞ്ഞു വീണ അടയ്ക്കകൾ മണ്ണിൽ പൂണ് കിടക്കണത് . അച്ഛനായിരുന്നു രാവിലെ എണീറ്റാൽ ഓരോ കവുങ്ങിൻ്റെയും ചുവട്ടിൽ പോയി വീണ് കിടക്കുന്ന കൂരടക്കയും പഴുത്ത അടക്കയും പെറുക്കിയിരുന്നത്. കൂട്ടത്തിൽ അച്ഛൻ്റെ ഇഷ്ട വിഭവമായ തളിർ വെറ്റിലയും.

ഹൽവേ, ഹൽവ കോഴിക്കോടൻ ഹൽവ ചിന്തയിൽ നിന്നുണർന്നത് ഈ ശബ്ദം കേട്ടാണ് . വണ്ടി കോഴിക്കോട് എത്തിയിരിക്കുന്നു. ഇനി രണ്ട് സ്റ്റേഷൻ കൂടി മതി എൻ്റെ നാട്ടിലെത്താൻ.

ഉമ്മറത്ത് അമ്മയില്ലാത്ത, മുറ്റത്ത് മൂവാണ്ടൻ മാവില്ലാത്ത, റാന്തൻ വിളക്കില്ലാത്ത നഗര പരിഷ്കാരത്തിൻ്റെ അധിനിവേശത്തിൽ നിഷ്കളങ്കത കൈമോശം വന്ന എൻ്റെ ഗ്രാമത്തിലേക്ക് ഞാൻ വരുന്നു, എനിക്കപരിചിതമല്ലാത്ത ശീലങ്ങളേയും മഴയേയും വയൽക്കാറ്റിനേയും അറിയാൻ.

  • രാജൻ കിണറ്റിങ്കര – 73049 70326

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

Latest articles

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...

‘മാത്രിക’: മുംബൈ റാംപിൽ അമ്മമാരുടെ ആത്മാഭിമാനത്തിന് പുതിയ വേദി; താരസാന്നിധ്യമായി ഈഷ ഡിയോളും ഹേമ മാലിനിയും

മുംബൈ: ഫാഷന്റെ തിളക്കത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവും കോർത്തിണക്കി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക – Celebrating Queens...
spot_img

More like this

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...

മലയാളത്തിന്റെ മഹാനടൻ മധുവിന് ജന്മദിനാശംസകളുമായി മുംബൈ മലയാളികൾ

മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക...