മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഇ പി വാസുവിന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു. ഡോംബിവ്‌ലി തുഞ്ചൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ പ്രദേശത്തെ കുറച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു.
നാരായണൻകുട്ടി ചടങ്ങ് നിയന്ത്രിച്ചു.
കേരളത്തിൽ തൃശൂർ ജില്ലയിലെ മാള പൂപ്പത്തിയിൽ നിന്നും ആറ് പതിറ്റാണ്ട് മുൻപ് മുംബൈയിലെത്തിയ വാസുവിന്റെ ജീവിതയാത്ര നാരായണൻകുട്ടി പരിചയപ്പെടുത്തി.

ഡോംബിവ്‌ലി കേരളീയ സമാജം, ശ്രീനാരായണ മന്ദിര സമിതി, എസ് എൻ ഡി പി യോഗം, സമാജപക്ഷം തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹികൾ കൂടാതെ റെയിൽവേയിലെ പഴയ സഹപ്രവർത്തകരും ചടങ്ങിലെത്തി ഇ പി വാസുവിനെ ആദരിച്ചു.
ലോണാവാലയിൽ 1964 ൽ ആരംഭിച്ച ഔദ്യോദിക ജീവിതം പിന്നീട് 67ലാണ് മുംബൈയിലെത്തി റെയിൽവേയിൽ കൊമേർഷ്യൽ ക്ലാർക്കായി ജോലിയിൽ ചേരുന്നത്. തുടർന്ന് 1971ൽ റിസർവേഷൻ ക്ലാർക്കായും, ചീഫ് റിസർവേഷൻ ഇൻസ്പെക്ടറായും സേവനം തുടരുന്നതിനിടയിൽ നഗരത്തിലെ മലയാളികളുടെ
സ്വന്തം വാസുവേട്ടനായി മാറി. അന്നൊക്കെ ജയന്തി ജനത മാത്രമാണ് ജന്മനാട്ടിലെത്താൻ മലയാളികളുടെ ഏക ആശ്രയം. അത്യാവശ്യ ഘട്ടങ്ങളിൽ ടിക്കറ്റ് ലഭിക്കാനും തുണയായിരുന്നു വാസുവേട്ടൻ.
38 വർഷത്തെ ഔദ്യോദിക ജീവിതത്തിനിടയിൽ നിരവധി പുരസ്‌കാരങ്ങൾ നൽകിയാണ് റെയിൽവേ ഇ പി വാസുവിനെ അനുമോദിച്ചത്.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളിലും ഇതിനകം സജീവമായി. ഈസ്റ്റ് കല്യാൺ വെൽഫെയർ സൊസൈറ്റിയുടെ 53 ഫൗണ്ടർ മെമ്പർമാരിൽ ഒരാളാണ്. ഇതര ഭാഷക്കാരടങ്ങുന്ന ട്രസ്റ്റിന്റെ കീഴിൽ മോഡൽ ഇംഗ്ലീഷ് സ്കൂൾ, മോഡൽ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു.
ഡോംബിവ്‌ലി കേരളീയ സമാജത്തിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇ പി വാസു, നിലവിൽ സമാജം പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുന്നു.
മുംബൈയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതിയിൽ ജനറൽ സെക്രട്ടറി അടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുംബൈയിൽ ആറ് ശാഖകളുള്ള ശ്രീനാരായണ ഗുരു കോ ഓപറേറ്റീവ് ബാങ്കിൻ്റെ ഡയറക്ടറാണ്. എയ്‌മ മഹാരാഷ്ട്ര എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കൂടിയായ വാസുവിന്റെ നിസ്വാർത്ഥമായ പ്രവർത്തന മികവിന് ഇതിനകം വിവിധ സംഘടനകളിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.