More
    HomeArticleമടക്കയാത്ര (Rajan Kinattinkara)

    മടക്കയാത്ര (Rajan Kinattinkara)

    Published on

    spot_img

    ജീവിതത്തിൽ വലിയ സ്വപ്നങ്ങളോ മോഹങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും റിട്ടയർമെന്റ് അടുത്ത് വരുമ്പോൾ വെറുതെ മോഹിച്ചിരുന്നു, ചെയ്യാനുള്ള ഉത്തരവാദിത്തങ്ങൾ ഒക്കെ നിറവേറ്റി സ്വസ്ഥമായ മനസ്സോടെ അമ്മയോടൊപ്പം ഒരു രണ്ടു വർഷമെങ്കിലും ജീവിക്കണമെന്ന്. ആ വിരലിൽ മുറുകെ പിടിച്ച് രാത്രി കിടന്നുറങ്ങണം എന്ന്. പകൽ പറമ്പിലും മുറ്റത്തും നിൽക്കുന്ന മാവിലേക്ക് കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങയുമായി അമ്മക്കരികിൽ ചെന്ന് അമ്മയുടെ പ്രിയപ്പെട്ട കറിക്കത്തി (അമ്മയുടെ ഭാഷയിൽ കരിക്കത്തി) എടുത്ത് മാങ്ങ പൂണ്ട് ആ വായിൽ വച്ച് കൊടുക്കണം എന്ന്. പല്ലില്ലാത്ത മോണകൊണ്ട് മാങ്ങ ചപ്പി കഴിക്കുമ്പോൾ അമ്മ പറയും, കുട്ടി കഴിച്ചില്ലേ, ഇവടെപ്പോ ആർക്കും മാങ്ങയും ചക്കയും ഒന്നും വേണ്ട, എത്രയാ അണ്ണാനും കിളികളും കൊത്തി വീണ് പോണത്.

    എനിക്ക് വേണ്ടി കാത്ത് നിൽക്കാതെ സ്വപ്നങ്ങളുടെ തരിശുഭൂമിയിൽ എന്നെ തനിച്ചാക്കി അമ്മ പോയി. ഉമ്മറത്തെ മാവ് കരഞ്ഞു, ഞാൻ കല്ലെടുക്കും മുന്നേ ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചാടി അണ്ണാറക്കണ്ണന്മാർ മാങ്ങകൾ പൊഴിച്ചു എന്നെ തോൽപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഏത് കനൽച്ചൂടിലും നെഞ്ചിൽ എന്നും തണൽ വിരിച്ച കിണറ്റിങ്കര തറവാടും നിലം പൊത്തി. മോഹിക്കും മുന്നേ അതിനെ തല്ലിക്കെടുത്താൻ എത്തുന്ന വിധികൾ.

    ആരോടും പകയും പരാതിയും ഇല്ലാതെ ജീവിച്ചത് കൊണ്ടാവും അമ്മയ്ക്ക് മരിക്കും വരെയും ഒരസുഖവും വരാതിരുന്നത്. അമ്മ പറയാതെ തന്നെ വെളിച്ചം തെളിച്ച ചരൽ മുറ്റത്ത് ചില നെന്മണികൾ പതിരില്ലാതെ കിടക്കുന്നുണ്ട് ഇപ്പോഴും.

    എത്ര പെട്ടെന്നാണ് ഓരോ ദിനങ്ങളും കൊഴിഞ്ഞു വീഴുന്നത്. റിട്ടയറായിട്ട് ഈ മാസം ഒരു വർഷമാകുകയാണ്. പഴയ ഓഫീസിൽ നിന്ന് ഇന്നലെ പടിയിറങ്ങിയ പോലെ തോന്നുന്നു. ഓടിത്തളർന്ന നഗരത്തിലെ വഴികൾക്ക് മാത്രം ഇപ്പോഴും ചെറുപ്പം. വേദനയും ക്ഷീണവും വർദ്ധക്യവുമില്ലാതെ ആ വഴികൾ അങ്ങനെ നീണ്ടു കിടക്കുന്നു. ഇനിയും ഒരായിരങ്ങൾക്ക് അല്ലെങ്കിൽ ലക്ഷങ്ങൾക്ക് ജീവിതത്തിന്റെ കൂടൊരുക്കാൻ..

    എന്തൊക്കെയോ എഴുതി വച്ചു, എനിക്ക് പോലും മനസ്സിലാകാത്ത ഭാഷകൾ, വാക്കുകൾ. എഴുതിയതിൽ ഒക്കെയും ജീവിച്ച് മതിവരാത്ത ഒരു ബാല്യവും കണ്ടു കൊതിതീരാത്ത ഒരമ്മയും മഷിപുരണ്ടു നിന്നു. വയസ്സ് മുന്നോട്ട് നീങ്ങുംതോറും പുറകോട്ട് പോകുന്ന ഓർമ്മകൾ. ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും ആ ഓർമ്മകൾ മൺചിരാതുമായി ദിശസൂചികകളായി നിന്നു. ലക്ഷ്യമില്ലാതെ ഒലിച്ചുപോയ അക്ഷരങ്ങളുടെ ശാന്തിതീരങ്ങളിൽ ഞാനെന്റെ മൺ കുടിലിൽ അടുത്തടുത്ത് വരുന്ന ഒരു പായ്‌വഞ്ചിക്ക് കാതോർത്തിരിക്കുന്നു.

    ഓർമ്മത്തെറ്റ്‌ അമ്മയെ ബാധിക്കാൻ തുടങ്ങിയപ്പോൾ അമ്മ സ്ഥിരമായി പറഞ്ഞിരുന്ന ഒരു വാചകമായിരുന്നു, “ഒന്നും ഓർമ്മ നിക്കണില്യല്ലോ ഭഗവാനെ, ജീവനങ്ങട് പെട്ടെന്ന് പോയാൽ മതിയായിരുന്നു.”. അതെ, മറവി ഒരു ശാപമാകുമ്പോൾ ആരും കൊതിച്ച് പോകും, മരണമാണ് സുഖമെന്ന്. ഓർമ്മത്തെറ്റിന്റെ വിഷമം അത് അനുഭവിക്കുന്നവർക്കല്ലേ അറിയൂ, കേൾക്കുന്നവർക്ക് അവർ ഒന്നുകിൽ അഭിനയിക്കുകയാണ്, അല്ലെങ്കിൽ മറ്റെന്തോ ആലോചിച്ച് ഇരിക്കുന്നത് കൊണ്ടാണ് എല്ലാം മറക്കുന്നത്.. ഞാനും ആ മറവി ഇടയ്ക്കിടെ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഓഫീസിൽ അടുത്തിരിക്കുന്നവരുടെ, ട്രെയിനിൽ ഒന്നിച്ച് യാത്ര ചെയ്യുന്നവരുടെ ഒക്കെ പേരുകൾ നാവിൻ തുമ്പിൽ വ്യക്തമാകാതെ നിൽക്കുന്നു. മുഖം വളരെ വ്യക്തമാണ്, പക്ഷെ പേര് മാത്രം അപരിചിതത്വത്തിന്റെ അകലം പാലിക്കുന്നു.

    കർക്കിടകത്തിലെ പെരുമഴക്കോളിൽ, മേടത്തിലെ പൊള്ളുന്ന ചൂടിൽ കുടയും തണലുമായിരുന്നു അമ്മ. വെയിൽ മയങ്ങുമ്പോൾ തെക്കേ മുറ്റത്തെ വരിക്കപ്ലാവിന്റെ തണലിൽ കാൽ നീട്ടിയിരുന്ന് തെങ്ങിൻ പട്ടയിൽ നിന്നും ഓലകൾ വെട്ടിയെടുത്ത് ഉണക്കി അമ്മ വരാൻ പോകുന്ന തോരാമഴക്കാലത്തിന് അടുക്കളയ്ക്ക് കരുതലായി. ഇടയ്ക്കിടെ അകത്തേക്ക് നോക്കി, “നേരം എത്രയായി കുട്ട്യോളെ, ചായക്കുള്ള സമയായില്ലേ” എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്ന നിഴൽ നോക്കി സമയം ഗണിച്ച കൃത്യതയുടെ ഘടികാരം നിലച്ചിരിക്കുന്നു.

    മറവിയുടെ നാളുകളിലും പിറന്നാളും ശ്രാദ്ധവും ഓണവും വിഷുവും കലണ്ടറില്ലാതെ ഓർത്തു വച്ച അമ്മ, തറവാട്ടിലെ ഓരോ മൺതരിക്കും സുപരിചിതമായ കാൽപ്പെരുമാറ്റം, അമ്മ കുളിക്കാൻ വരുന്നത് നോക്കിയിരിക്കുന്ന പടവുകൾ ഇടിഞ്ഞ കവുങ്ങിൻ തോട്ടിലെ കുളം. അടുപ്പിലെ എരിഞ്ഞണഞ്ഞ കരിക്കട്ടകൾക്ക് വരെ ആ വിരലിന്റെ സ്പർശമറിയാം. വേലിപ്പടർപ്പിൽ ആദ്യമഴയിൽ കിളിർത്ത മത്തനും കുമ്പളവും, ആർക്കും അമ്മ അപരിചിതയല്ല.

    അമ്മ മരിച്ച പ്രായം നോക്കുകയാണെങ്കിൽ ഞാൻ അതിന്റെ മുക്കാൽ ഭാഗത്തേക്ക് എത്താൻ പോലും ഇനിയും 12 വർഷങ്ങൾ എടുക്കും. ആരോടും പകയും ദേഷ്യവും പരാതിയും ഒന്നും ഇല്ലാതെ ജീവിച്ചത് കൊണ്ടാവും അമ്മയ്ക്ക് മരിക്കുംവരെയും ഒരസുഖവും വരാതിരുന്നത്. അമ്മ പറയാതെ തന്നെ വെളിച്ചം തെളിച്ച ചരൽ മുറ്റത്ത് ചില നെന്മണികൾ പതിരില്ലാതെ കിടക്കുന്നുണ്ട് ഇപ്പോഴും.

    ഞാൻ തിരിഞ്ഞു നടക്കുകയാണ്, ശൂന്യമായ ഓർമ്മയുടെ ഇരുൾപ്പാതകളിലൂടെ….

    ഒരിക്കൽക്കൂടി എനിക്ക് നഷ്ടപ്പെട്ട ബാല്യത്തിന്റെ അന്തിക്കൂട്ടിൽ അമ്മയുടെ വിരൽ നുണഞ്ഞുറങ്ങണം. ദേഹത്ത് പറ്റിയ ജനാലയിലൂടെ ഇരച്ചെത്തുന്ന ഈറൻമണികളെ തോർത്തിയുണക്കുമ്പോൾ ചുക്കിച്ചുളിഞ്ഞ ആ വയറിൽ വിരൽകൊണ്ട് മഴച്ചിത്രം വരയ്ക്കണം.

    കാലവർഷത്തിന്റെ കലിതുള്ളലിൽ തകരപ്പാത്തിയിൽ വീഴുന്ന മഴത്തുള്ളികളുടെ സംഗീതം ആസ്വദിച്ച് തുറന്നിട്ട ജനാലയിലൂടെ പ്രകൃതിയുടെ മുടിയഴിച്ചാട്ടം കാണണം. ഇരമ്പുന്ന കാറ്റിൽ മുറ്റത്ത് പൊട്ടിവീഴുന്ന മാവിൻ ചില്ലകളിൽ പൊഴിയുന്ന മാമ്പഴച്ചൂരിൽ തോട്ടത്തിൽ മിന്നി മറയുന്ന മിന്നാമിനുങ്ങികളുടെ കൂട് തേടിപ്പോകണം. നിർത്താതെ ചൊരിയുന്ന കിഴക്കൻ മഴയിൽ കരകവിയുന്ന തോടും കുളവും, അതിൽ ഇണയെ തിരയുന്ന പോക്കാച്ചി തവളകളുടെ കരച്ചിലിൽ ഒരു ബാല്യത്തിന്റെ ഓർമ്മകളെ കയറൂരി മേയാൻ വിടണം. മഴയുടെ ശക്തി കൂടുമ്പോൾ ഓടിൻ വിടവിലൂടെ ഒലിച്ചിറങ്ങുന്ന നീർച്ചാലുകളെ അടുക്കള പാത്രങ്ങൾകൊണ്ട് അണകെട്ടി തടയിട്ട അമ്മയുടെ ഉറക്കമില്ലാത്ത രാത്രികളിലേക്ക് ഒരു കടലാസു തോണിയിറക്കണം. അപ്പോൾ അമ്മ പറയും, എന്താ കുട്ട്യേത്, ഈ പെരുമഴയത്ത് ഇരുട്ടിൽ നീയെന്താ ചെയ്യണ് , വല്ല പനീം പിടിക്കും.

    രാജൻ കിണറ്റിങ്കര

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...